സൂരജിന്റെ ആത്മീയതയില്‍ കൃഷി ഒരു പ്രാര്‍ഥന

Saturday 14 March 2015 7:00 pm IST


സൂരജിനെ ആദരിക്കുന്ന അമൃത ആശുപത്രി മുന്‍ പിആര്‍ഒ രാധാകൃഷ്ണനും, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് ബാദുഷയും

കൊച്ചി:  ആത്മീയതയിലൂന്നിയ  ജൈവ കൃഷിയിലൂടെ കാര്‍ഷിക വികസനം സുസാധ്യമാക്കാമെന്ന് തെളിയിച്ച സൂരജിനെ ആദരിക്കാന്‍ കര്‍ഷകരുടേയും, പ്രകൃതിസ്‌നേഹികളുടേയും പ്രവാഹം. സംസ്ഥാന സര്‍ക്കാര്‍ സൂരജിന്റെ കഴിവ് കണ്ടറിഞ്ഞ് 2015 ലെ കൃഷി അംബാസഡറാക്കി നിയമിച്ചിരുന്നു. ഇതോടെയാണ് ആള്‍ക്കാര്‍ മകനെ തേടി വരുന്നതെന്ന് സൂരജിന്റെ അമ്മ ഉഷയും, അച്ഛന്‍ സുരേഷ് നമ്പൂതിരിയും പറഞ്ഞു.

കുഞ്ഞനുജത്തി  സൂര്യയാണ് അവരോട്  ജ്യേഷ്ഠന്റെ കഴിവുകള്‍ വിശദീകരിക്കുന്നത്. വയനാട്ടിലെ  അമ്പലവയല്‍ വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ സൂരജിന് കൃഷിയില്‍ കമ്പം തോന്നിയിട്ട് നാല് വര്‍ഷമായി. പഠനം പുരോഗമിച്ചതോടെ സൂരജ് കൃഷിയില്‍ സജീവമായി.
വയനാട്ടിലെ കിടങ്ങനാട് പ്രദേശത്തെ ജന്മിയായിരുന്ന കൃഷ്ണനധികാരിയുടെ നാലാം തലമുറക്കാരനാണ് സൂരജ്.

ഇന്നത്തെ അഞ്ച്് പഞ്ചായത്തുകള്‍ കൂടിചേര്‍ന്ന (നൂല്‍പ്പുഴ, നെന്മേനി, ബത്തേരി, അമ്പലവയല്‍ , ചീരാല്‍ ) പ്രദേശങ്ങളുടെ അധിപനായിരുന്ന കൃഷ്ണനധികാരിക്ക് ധാരാളം സ്വത്തുക്കളുണ്ടായിരുന്നു. നമ്പൂതിരി കുലത്തിലെ ആചാരാനുഷ്ഠാനങ്ങള്‍  കൃത്യമായും അനുഷ്ഠിക്കുന്നതില്‍ കാരണവന്മാര്‍  ശ്രദ്ധിച്ചിരുന്നു. സൂരജും കുടുംബവും അത് തുടരുകയും ചെയ്യുന്നു. ആത്മീയ തലങ്ങളിലെ അറിവുകള്‍ കൃഷിയിലേക്ക് സന്നിവേശിപ്പിച്ചാല്‍ മാത്രമേ അത് ഭാരതീയ കാര്‍ഷിക രീതിയാവുകയുള്ളുവെന്നും അതിലൂടെ വിജയത്തിലെത്താമെന്നും സൂരജ്  പറയുന്നു.

കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന സൂരജിന് കൃഷിയോട് അടുപ്പം തോന്നുക സ്വഭാവികമാണെന്ന്  ജേൃാതിഷികള്‍ പറഞ്ഞതോടെ വീട്ടുകാര്‍ സൂരജിന്റെ സഹായത്തിനെത്തി. അഞ്ചേക്കര്‍ കൃഷിയിടത്തിലാണ്  പൂര്‍ണ്ണമായും ജൈവ കൃഷി.  കൃഷിയെ ദുര്‍ഗ്ഗാദേവിയെ ഉപാസിക്കുന്നത് പോലെ കാണുക. സൂരജ് പറയുന്നു. കൃഷിഗീതയുള്‍പ്പെടെയുള്ള ആധ്യാത്മിക കാര്‍ഷിക ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയ സൂരജ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ കാര്‍ഷിക രീതികള്‍ സംബന്ധിച്ച് അറിവ് നേടിയെടുക്കുന്നതില്‍ മിടുക്കനായിരുന്നു.

കുലദേവതയായ രക്തേശ്വരിക്ക് രക്ത ശാരി എന്ന കര്‍ണാടകയിലുള്ള നെല്ലുമായി ബന്ധമുണ്ടെന്ന ചിന്തയില്‍  ഈ നെല്ല് വ്യാപകമായി കൃഷിചെയ്യുന്നതിന് സൂരജ് ശ്രമം തുടങ്ങിയിട്ടുണ്ട്. ലളിതാസഹസ്രനാമങ്ങളുടെ അര്‍ഥങ്ങള്‍ സുഭാഷ് പലേക്കര്‍ രീതിയിലുള്ള കൃഷിയുമായി ബന്ധപ്പെടുത്തി നടപ്പാക്കാന്‍ സൂരജ് ശ്രമിച്ചതാണ് കൃഷിയുടെ വളര്‍ച്ചക്ക് കാരണമായത്.

കൃഷിക്കുവേണ്ട ജീവാമൃതം നിര്‍മ്മിക്കുമ്പോള്‍ ക്ഷേത്രത്തില്‍  പ്രദക്ഷിണം വെയ്ക്കുന്ന വിധത്തിലാണ് ഇത്  ഇളക്കേണ്ടത്, മറിച്ചായാല്‍ അത് കൃഷിക്ക് ഗുണകരമല്ല. സൂരജ് പറയുന്നു. കൃത്യതയോടെയും ശ്രദ്ധയോടെയുമുള്ള പ്രാര്‍ത്ഥനയാണ് കൃഷി. ഈ 17 കാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൃഷിയില്‍ ഭാരതീയ തത്വചിന്തക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് സൂരജിന്റെ കൃഷിത്തോട്ടം നമുക്ക് കാണിച്ച് തരുന്നു. നെല്ലും പച്ചക്കറികളും ധാരാളമായി വിളഞ്ഞ് നില്‍ക്കുന്ന സൂരജിന്റെ കൃഷിയിടം നാട്ടുകാര്‍ക്കും വിട്ടുകാര്‍ക്കും ഒന്നുപോലെ കൗതുകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.