ഡിഫി നേതാവിന്റെ പോത്തിറച്ചി ഉത്സവം

Saturday 14 March 2015 8:17 pm IST

മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും എന്ന് ഡോ.സുകുമാര്‍ അഴീക്കോട് പ്രസംഗിക്കുന്ന കാലത്ത് ചളവറക്കാരന്‍ ബാലകൃഷ്ണന്‍ നായരുടെയും എം.കെ. രമണിയുടെയും മൂത്ത മകന്‍ രാജേഷ് സ്‌കൂളില്‍ നല്ല മനുഷ്യനാകാനുള്ള പഠിപ്പിലായിരുന്നിരിക്കണം. അന്നത്തെ ഡിഫിക്കാര്‍ ഇപ്പറഞ്ഞതിന്റെ പേരില്‍ അഴീക്കോടിന്റെ കോലമുണ്ടാക്കി തെരുവില്‍ കത്തിക്കുകയും കവലകള്‍ തോറും കോലാഹലമുണ്ടാക്കുകയും ചെയ്തിരുന്നു. ചളവറക്കാരന്‍ രാജേഷ് അതിനിടയിലൂടൊക്കെയങ്ങ് വളര്‍ന്ന് നല്ല താടിയും മുടിയും വെച്ച് ഗെറ്റപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലംഗമായി. അഴീക്കോടിന്റെ കോലം കത്തിച്ച അതേ ഡിവൈഎഫ്‌ഐയുടെ സംസ്ഥാനപ്രസിഡന്റും അഖിലേന്ത്യാപ്രസിഡന്റുമൊക്കെയായി. ഇപ്പോള്‍ അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടി കൊണ്ടാടുന്ന പോത്തിറച്ചി മഹോത്സവത്തിന്റെ മുഖ്യസംഘാടകനും കൂടിയാണ്. അത് പറയുമ്പോള്‍ അഴീക്കോട് മാഷിന് എന്തായാലും എം.ബി. രാജേഷിനെ അറിയാന്‍ യാതൊരു വഴിയുമില്ല. ഇപ്പോള്‍ പരലോകത്തിരുന്ന് മാഷ് മാത്രമല്ല, അന്ന് ഡിഫിക്കാര്‍ കത്തിച്ചെറിഞ്ഞ മാഷിന്റെ കോലം കൂടി ആര്‍ത്തുചിരിക്കുന്നുണ്ടാകും. ഇങ്ങനെയും അച്ചട്ടാവുമോ കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ ദേവേന്ദ്രഫഡ്‌നാവിസ് സര്‍ക്കാര്‍ ഗോവധനിരോധനം പ്രാബല്യത്തിലാക്കിയതോടെയാണ് എം.ബി.രാജേഷിന് പോത്തിറച്ചി മഹോത്സവം എന്ന വിപ്ലവാത്മകമായ ആശയം തലയിലുദിച്ചത്. രാപ്പകല്‍ സമരം മുതല്‍ ആലപ്പുഴ സമ്മേളനം വരെ ചീറ്റിപ്പോയ പാര്‍ട്ടി പരിപാടികളില്‍ മനംനൊന്ത് കഴിഞ്ഞ സഖാക്കള്‍ക്ക് നവോന്മേഷം പകരാനാണ് രാജേഷ് ഈ മസാലവിപ്ലവത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍ തിരുവനന്തപുരത്ത് ഡിഫിക്കാര്‍ നടത്തിയ ഉത്സവപരിപാടികള്‍ വേണ്ടത്ര കൊഴുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. മണ്ടത്തരത്തിന് കൈയുംകാലും വെച്ച് രാഹുല്‍ഗാന്ധി അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശുപ്പാണ്ടി ചമഞ്ഞ കാലത്താണ് അത്തരത്തിലൊന്നിന്റെ കേരളാപതിപ്പായി വി.ടി. ബലറാമും എം.ബി രാജേഷും അരങ്ങേറുന്നത്. ഗോവധനിരോധനം എന്നത് ഭരണഘടനയും ഭരണഘടനാശില്‍പികളും മഹാത്മാഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളും മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു എന്ന് അറിയാത്ത ആളല്ല രാജേഷ്. ഭാരതം സ്വതന്ത്രമായതിന് ശേഷം നടന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു ഗോഹത്യാവിരുദ്ധ പ്രക്ഷോഭം. സാക്ഷാല്‍ മന്നത്ത് പത്മനാഭന്‍ മുന്നില്‍ നിന്ന് നയിച്ച ആ സമരം അങ്ങേയറ്റം അഹിംസാത്മകവും ജനകീയവുമായിരുന്നു. 1954ല്‍ ഗോഹത്യാനിരോധനപ്രസ്ഥാനം മുന്നേറുന്നതിനിടെ പയ്യോളിയിലെ കീഴൂര്‍ പൂവെടിത്തുറയ്ക്ക് സമീപം നടന്ന ഗോരക്ഷാസമ്മേളനം ചരിത്രമായി മാറുന്നത് കണ്ണന്‍ ഗുമസ്തന്റെ കൊലപാതകത്തോടെയാണ്. പൂവെടിത്തുറയിലെ ഗോരക്ഷാ സമ്മേളനത്തില്‍ മതവെറിയന്മാരായ ഒരുകൂട്ടം മുസ്ലിങ്ങള്‍ ഒരു കാളക്കുട്ടിയെ പരസ്യമായി അറുത്ത് വിതരണം ചെയ്തു. അതില്‍ പ്രതിഷേധിച്ച് നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചതിനാണ് കേരളഗാന്ധി കെ. കേളപ്പന്റെ അനുയായിയായിരുന്ന കണ്ണന്‍ ഗുമസ്തനെ അദ്ദേഹത്തിന്റെ വീട്ടില്‍ക്കയറി മതമൗലികവാദികള്‍ വെട്ടിയരിഞ്ഞത്. മഹാത്മാഗാന്ധിയും ലോകമാന്യ തിലകനും മന്നത്ത് പത്മനാഭനും കെ. കേളപ്പനുമടക്കം രാജ്യത്തോട് കൂറുള്ളവരെല്ലാം ഒരു മനസോടെ ഉന്നയിച്ച ആവശ്യമാണ് ഗോവധനിരോധനമെന്നത്. അത് ദേശത്തിന്റെയാകെ ആവശ്യമാണ്. ജാതിമതഭേദമില്ലാതെ ഏവരും ആ ആവശ്യമുന്നയിച്ചുകൊണ്ടുള്ള നിവേദനത്തില്‍ ഒപ്പുവെച്ചു. ദേശീയതക്ക് അനുകൂലമായ എന്തിനെയും എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രദ്രോഹബുദ്ധി മാത്രമായിരുന്നു എതിര്‍വശത്ത്. ഏറ്റവും നികൃഷ്ടമായ വാക്കുകളിലൂടെ വിശ്വാസത്തെയും വികാരത്തെയും മുറിവേല്‍പ്പിച്ച ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടും പിന്നാലെ സിന്ദാബാദ് വിളിച്ചെത്തിയ കുട്ടിസഖാക്കന്മാരും മതമൗലിക വാദികള്‍ക്ക് പിന്തുണ നല്‍കി. ദേശീയ മുസ്ലിംസമൂഹം ഗോവധനിരോധനത്തിനായി അണിനിരന്നപ്പോള്‍ വിഘടന വാദികളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് മതവിദ്വേഷം പടര്‍ത്തുന്ന പ്രചാരണം അഴിച്ചുവിട്ടു. എം.ബി. രാജേഷിന്റേത് ഒരു മാര്‍ക്‌സിസ്റ്റുകാരന്റെ ജനിതകപ്രശ്‌നമാണെന്ന് കാണാന്‍ ഇതിനപ്പുറം തെളിവുകള്‍ നിരത്തേണ്ടതില്ല. മഹാരാഷ്ട്ര പുതിയതായെന്തോ അപകടം കാട്ടുന്നുവെന്ന രീതിയിലുള്ള രാജേഷിന്റെ നിലവിളി ആ പാര്‍ട്ടി നേരിടുന്ന സാമാന്യവിവരത്തിന്റെ അഭാവമാണ് വിളിച്ചുപറയുന്നത്. 1932 മുതല്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും നടപ്പിലായതും പ്രാണന്‍പോയാലും കേരളത്തില്‍ നടപ്പാക്കില്ലെന്ന് സോളാര്‍ചാണ്ടി ആണയിട്ടു പ്രഖ്യാപിച്ചതുമായ ഒന്നാണ് ഇപ്പറഞ്ഞ ഗോവധ നിരോധനം. ജമ്മുകശ്മീര്‍(1932), ഹിമാചല്‍ പ്രദേശ് (1955), പഞ്ചാബ് (1955), ഹരിയാന (1955), ഉത്തരാഖണ്ഡ്(2007), രാജസ്ഥാന്‍ (1995), ഗുജറാത്ത് (1954), മധ്യപ്രദേശ് (1959, 2011), ഉത്തര്‍പ്രദേശ് (1995, 2002), ഝാര്‍ഖണ്ഡ് (2005), ഛത്തീസ്ഗഡ് (2004), മഹാരാഷ്ട്ര (2015) എന്നീ സംസ്ഥാനങ്ങള്‍ പശുവിനെയും മറ്റു കന്നുകാലികളെയും കശാപ്പുചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. ബീഹാര്‍(1955), ആസാം(1950), ഒറീസ(1960), ആന്ധ്രാപ്രദേശ് (1977), തെലങ്കാന(1977), കര്‍ണ്ണാടക(1954) , ഗോവ(1978, 1995) എന്നീ സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പുചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. കാളയെയും മറ്റും പ്രത്യേകാനുമതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കശാപ്പുചെയ്യാം. പശ്ചിമബംഗാള്‍ (1995), തമിഴ്‌നാട് (1955) എന്നീ സംസ്ഥാനങ്ങളില്‍ പശുവിനെയും കാളയെയും മറ്റും പ്രത്യേകാനുമതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കശാപ്പുചെയ്യാം. കേരളത്തിലും ആസാം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രത്യേക നിയമങ്ങളില്ല. കേരളത്തില്‍ കന്നുകുട്ടികളെ കശാപ്പുചെയ്യുന്നത് വിലക്കിയിട്ടുണ്ട്. എന്നിട്ടും പാലക്കാട്ടുകാരുടെ എംപിക്ക് എന്താണിപ്പോള്‍ മാത്രമൊരു കുഴപ്പമെന്ന് അന്വേഷിക്കേണ്ടത് ജനങ്ങളാണ്. അനാശാസ്യം ആവിഷ്‌ക്കാരസ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച മറൈന്‍ഡ്രൈവ് സമരക്കാരുടെ ആവേശമായിരുന്നു ഈ നാല്‍പ്പത്തിരണ്ടുകാരനെന്ന് ഓര്‍ക്കുമ്പോള്‍ പുതിയ വര്‍ത്തമാനങ്ങള്‍ സ്വാഭാവികമെന്ന് കരുതുന്നതാവും ഉചിതം. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ നാളെ നയിക്കുമെന്ന് കാരണവന്മാര്‍ കരുതിയ ഈ ചളവറ സഖാവിന്റെ സമീപകാല സമരപ്രഖ്യാപനങ്ങള്‍ പാര്‍ട്ടിയുടെ ഭാവിയെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, എംപിമാര്‍ ഒരു ഗ്രാമം ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട നേരത്താണ് സ്വന്തം മണ്ഡലത്തിലെ അട്ടപ്പാടിയില്‍ പട്ടിണികൊണ്ട് മരിച്ച കുഞ്ഞുങ്ങളെ അടക്കിയ മണ്ണില്‍ പന്തലിട്ട് ഈ എംപി സമരപ്രഹസനം നടത്തിയത്. അതിനുപിന്നാലെയാണ് മറൈന്‍ ഡ്രൈവിലെയും കോഴിക്കോട്ടെയും അനാശാസ്യസമരങ്ങള്‍ക്ക് കൊടിപിടിച്ച് കേരളാ പപ്പുവാകാന്‍ മുന്നിട്ടിറങ്ങിയത്. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പോത്തിനെ അറുത്തുതിന്നുന്നവര്‍ക്കായി ബീഫ് ഫെസ്റ്റിവല്‍. പശുവിനെയും കാളയെയും അറുത്തുവിറ്റ് ഉപജീവനം നടത്തുന്നവര്‍ പലരും ശുദ്ധന്മാരാണ്. തൊഴിലിന്റെ ഭാഗമായി ആ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. പക്ഷെ മനുഷ്യനെയും മാടിനെപ്പോലെ അറുക്കുന്ന മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന് അത് ആഘോഷമാണ്. പോള്‍പോട്ടിന്റെയും ചെഷ്‌സ്‌ക്യൂവിന്റെയും സ്റ്റാലിന്റെയും അറവ്‌രാഷ്ട്രീയത്തിന്റെ ആരാധകര്‍. രാത്രിയുടെ മറവില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നയാളെ ഇടിച്ചു വീഴ്ത്തി മതിവരുവോളം വെട്ടി കഷണങ്ങളാക്കുന്ന കശാപ്പുകാരന്റെ രാഷ്ട്രീയം നാളേക്ക് ബാക്കി വയ്ക്കുന്ന മുതലുകളാണ് പോത്തിറച്ചി കൊണ്ട് ഉത്സവം കൊണ്ടാടുന്നതെന്ന് കേരളം അറിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.