ചേര്‍പ്പ്: പെരുവനം -ആറാട്ടുപുഴ പൂരലഹരിയില്‍ ഗ്രാമദേശങ്ങള് ഒരുങ്ങുന്നു. 1433 വര്‍ഷത്തോളം പഴക്കമുള്ള ദേവമേളയില്‍ തൃപ്രയാര്‍, ഊരകം, ചേര്‍പ്പ്, ചാത്തക്കുടം, തിരുവുള്ളക്കാവ് തുടങ്ങി 24 ദേവീ ദേവന്മാരാണ് പങ്കെടുക്കുന്നത്. പൂരദിവസം കാശിവിശ്വനാഥ ക്ഷേത്രം, കാഞ്ചീപുരം, വടക്കുന്നാഥ ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും അത്താഴപൂജ നേരത്തെ തീര്‍ത്ത് ദേവിദേവന്മാര് ആറാട്ടുപുഴയില്‍ സംഗമിക്കുന്നുവെന്നാണ് ഐതിഹ്യം.
പെരുവനം ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഈ മാസം 22 ന് ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തില്‍ അശ്വതി വേല നടക്കും. തേങ്ങാമുറി വിളക്ക്, പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവും ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ദേവീദേവന്മാരുടെയും ആറാട്ടുകളും വിവിധ ക്ഷേത്രകുളങ്ങളിലും മനകളിലും നടക്കും.
ഭരണിദിവസമായ 23 ന് കൊടകര പൂനിലാര്‍കാവ് ക്ഷേത്രത്തില്‍ ഔഷധ നിവേദ്യം നടക്കും. 25 ന് ഊരകത്തമ്മതിരുവടി ക്ഷേത്രത്തില്‍ തിരുവാതിരവിളക്ക് 26 ന് ഉച്ചക്ക് തൃപ്രയാര്‍ ക്ഷേത്രത്തിലും വൈകിട്ട് ഏഴിന് ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തിലും മകയിരം പുറപ്പാട് നടക്കും. 29 നാണ് പെരുവനം പൂരം. 30 ന് പിടിക്കപറമ്പ്, ചാത്തക്കുടം, ക്ഷേത്രത്തില്‍ പൂരം നടക്കും. 31 ന് രാവിലെ ഒമ്പതിന് പിടിക്കപറമ്പ് ആനയോട്ടവും രാത്രി ഏഴിന് ആറാട്ടുപുഴയില്‍ തറക്കല്‍ പൂരവും നടക്കും. ആറാട്ടുപുഴ പൂര ദിവസമായ ഏപ്രില്‍ ഒന്നിന് രാവിലെ തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തില്‍ പഞ്ചവാദ്യം, പഞ്ചാരിമേളം നടക്കും.
വൈകിട്ട് ആറുമണിക്ക് ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 10.30 വരെ എഴുന്നള്ളിപ്പ് നീണ്ടുനില്‍ക്കും. തുടര്‍ന്ന് വിവിധ ദേവീദേവന്മാരുടെ എഴുന്നള്ളിപ്പും രണ്ടിന് പുലര്‍ച്ചെ 75 ഗജവീരന്മാരുടെ അകമ്പടിയോടെ ചരിത്രപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പും നടക്കും.
കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ദേവീദേവന്മാര് ഉപചാരം ചൊല്ലി പിരിയും. തുടര്‍ന്ന് ജ്യോത്സ്യന് അടുത്തവര്‍ഷത്തെ പൂരത്തിന്റെ തീയതി പഞ്ചാംഗമായി കുറിക്കുന്നതോടെയാണ് പൂരത്തിന് സമാപ്തിയാകുന്നത്. പൂരത്തെവരവേറ്റ് ആറാട്ടുപുഴ പാടത്തെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: