എല്‍ഡിഎഫ് ഹര്‍ത്താലില്‍ അക്രമം; അവശ്യ സര്‍വ്വീസുകളും തടഞ്ഞു

Saturday 14 March 2015 8:32 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. അവശ്യ സര്‍വ്വീസുകളടക്കം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു, മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരടക്കം നിരവധിപേര്‍ക്കു പരിക്ക് പറ്റി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറവായിരുന്നു. വളരെ കുറച്ച് സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. പലയിടത്തും സിബിഎസ്ഇ പരീക്ഷക്കെത്താന്‍ സാധിക്കാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു. ദീര്‍ഘദൂര യാത്രകഴിഞ്ഞ് ബസ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനുകളിലും വന്നിറങ്ങിയവരും ബുദ്ധിമുട്ടി. പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ചിലയിടങ്ങളില്‍ തടസപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലെ പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍.  കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഇരുചക്രവാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. നേമം, വട്ടിയൂര്‍ക്കാവ്, പത്തനാപുരം, പള്ളേക്കടവ് എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കണ്ണിന് പരുക്കേറ്റു. ഇതെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ വോള്‍വോ ബസിനുനേരെ കൊല്ലം കുണ്ടറയിലും കല്ലേറുണ്ടായി. കോഴിക്കോട് ചേവായൂരില്‍ ലോറിക്കുനേരെ കല്ലേറുണ്ടായി. ഇന്നലെ സിബിഎസ്‌സി പത്താംക്ലാസ് പരീക്ഷ മുടക്കമില്ലാതെ നടന്നു.  തിരുവനന്തപുരത്ത് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളെജിലേക്കും പൊലീസ് പ്രത്യേക സര്‍വീസ് നടത്തി. കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ക്കു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കോട്ടയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഓഫീസിന് നേരെയും എടിഎമ്മിന് നേരെയുമായിരുന്നു അക്രമം. ബാങ്കിന്റെ ചില്ലുകള്‍ തകര്‍ത്തു. വിജയപുരം സര്‍വ്വീസ് സഹകരണ ബാങ്കിന് നേരെയും കല്ലേറുണ്ടായി. ഹര്‍ത്താലിനോടനുബന്ധച്ച് വിവിധ ജില്ലകളില്‍ എല്‍ഡിഎഫ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അങ്കമാലിയില്‍ നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ എസ്പിയുടെ വാഹനം തടഞ്ഞതോടെ പോലീസ് ലാത്തി വീശി. അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. തൊടുപുഴയില്‍ സ്വകാര്യ പെട്രോള്‍ പമ്പിന് നേരെ ഹര്‍ത്താലനുകൂലികള്‍ ആക്രമണം നടത്തി. പമ്പിലെ ജീവനക്കാരനെ മര്‍ദിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ചില്ല് കൈകൊണ്ട് അടിച്ചുപൊട്ടിച്ച ഹര്‍ത്താല്‍ അനുകൂലിക്ക് ഗുരുതര പരുക്കേറ്റു. കായംകുളത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വിവാഹസംഘത്തിന്റെ വാഹനം തകര്‍ത്തു. പാലക്കാട് ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായി. മലപ്പറം കൊണ്ടോട്ടിയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. വടകര അഴിയൂരിലെ സോഷ്യലിസ്റ്റ് ജനത ഓഫിസിനു നേര്‍ക്കും സമരാനുകൂലികള്‍ കല്ലെറിഞ്ഞു. കൊയിലാണ്ടിയില്‍ പൊലീസിനെ കയ്യേറ്റം ചെയ്ത മൂന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പിടിയിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.