ഹര്‍ത്താല്‍: ജനം വലഞ്ഞു, കല്ലേറ്

Saturday 14 March 2015 9:51 pm IST

കോട്ടയം: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ചെറിയ തോതില്‍ കല്ലേറ് നടന്നതൊഴിച്ചാല്‍ അക്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജലഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തിയില്ല. റെയില്‍വ്വേ സ്റ്റേഷനിലും ബസ്റ്റാന്റിലും കുടുങ്ങിയ യാത്രക്കാരെ പോലീസും ചില സന്നദ്ധ സംഘടനകളും വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ദൂരസ്ഥലത്ത് പോവേണ്ട യാത്രക്കാര്‍ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടി. എല്‍ഡിഎഫ് നേതൃത്വത്തില്‍ രാവിലെ നടന്ന പ്രകടനങ്ങള്‍ക്ക് ശേഷമാണ് പല സ്ഥലങ്ങളിലും അക്രമം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഓഫീസിന് നേരെയും എടിഎമ്മിന് നേരെയുമായിരുന്നു അക്രമം. ബാങ്കിന്റെ ചില്ലുകള്‍ തകര്‍ത്തു. വിജയപുരം സര്‍വ്വീസ് സഹകരണ ബാങ്കിന് നേരെയും കല്ലേറുണ്ടായി. കളക്‌ട്രേറ്റിന് സമീപമുള്ള എസ്ബിടി ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പോലീസ് ഓടിച്ചു. ചില സ്ഥലങ്ങളില്‍ ഇരുചക്ര വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി കാറ്റ് ഊരിവിട്ടതായും പരാതിയുണ്ട്. ചങ്ങനാശേരി ടൗണ്‍, കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് എന്നീ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ പ്രകടനം നടത്തി. പലസ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞതായും പരാതിയുണ്ട്. പൊന്‍കുന്നത്തും കാഞ്ഞിരപ്പള്ളിയിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.