അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ എല്‍ഡിഎഫ് അംഗം രാജിവച്ചു

Sunday 15 March 2015 7:29 pm IST

ചേര്‍ത്തല: അര്‍ത്തുങ്കല്‍ തീരദേശ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം മാര്‍ച്ച് 16നു ചര്‍ച്ച ചെയ്യാനിരിക്കെ എല്‍ഡിഎഫ് അംഗം രാജിവച്ചു. നാളുകളായി എല്‍ഡിഎഫുമായി ഇടഞ്ഞുനിന്നിരുന്ന സിപിഐ അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടോമി ഏലശേരിയാണ് രാജിവച്ചത്. രാജി തീരുമാനം ഇരുവിഭാഗത്തെയും അങ്കലാപ്പിലാക്കി. ചേര്‍ത്തല തെക്ക് പഞ്ചായത്തു വിഭജിച്ച് അര്‍ത്തുങ്കല്‍ പഞ്ചായത്തു രൂപീകരിക്കാനുള്ള നയപരമായ തീരുമാനത്തിനെതിരെ പഞ്ചായത്തു കമ്മറ്റി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിത്. പുതിയതായി രൂപീകരിച്ച അര്‍ത്തുങ്കല്‍ വില്ലേജ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഒരുമാസമായി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന് എല്‍ഡിഎഫുമായിടഞ്ഞ് നില്‍ക്കുന്ന ടോമി ഏലേശേരിയാണ നേതൃത്വം നല്‍കുന്നത്. എല്‍ഡിഎഫ് വിപ്പു നല്‍കുന്നതിനു മുമ്പായി തന്നെ ടോമി രാജികത്ത് തപാലില്‍ സെക്രട്ടറിയുടെ പേരില്‍ അയക്കുകയായിരുന്നു. 22 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ സിപിഎം 10, സിപിഐ 2, കോണ്‍ഗ്രസ് 10 എന്നിങ്ങനെയാണ് കക്ഷിനില. ടോമി രാജിക്കത്ത് കൈമാറിയതോടെ സിപിഐയിലെ അംഗസംഖ്യ ഒന്നായി ചുരുങ്ങി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ടോമിയുടെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും രാജി തീരുമാനം അവര്‍ക്കു കനത്ത തിരിച്ചടിയായി. ഇതിനിടെ സിപിഐയുടെ ജില്ലയിലെ ശക്തികേന്ദ്രവും ജില്ലാ സെക്രട്ടറിയുടെ തട്ടകവുമായ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പാര്‍ട്ടിക്കാരനായ അംഗം രാജിവച്ചത് സിപിഐയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.