ജലമുതലാളിമാരെ നിലയ്ക്കുനിര്‍ത്താന്‍

Sunday 15 March 2015 9:08 pm IST

കുടിവെള്ളത്തിനായി സംസ്ഥാനത്തെ ജനങ്ങള്‍ അലയുന്ന കാഴ്ചവന്നിരിക്കുന്നു. വേനല്‍തീരുന്നതിന് രണ്ട് മാസം ബാക്കിനില്‍ക്കെ കുടിവെള്ളക്ഷാമം മാര്‍ച്ച് മാസത്തില്‍തന്നെ അതിരൂക്ഷമാകുന്നത് അസാധാരണമാണ്. തുടര്‍ച്ചയായി 5 മാസത്തോളം മഴലഭിച്ച കേരളത്തിലാണിതെന്നതാണ് വിരോധാഭാസം. ഫെബ്രുവരിയിലെ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസത്തെക്കുറിച്ച് റവന്യൂ വകുപ്പ് പ്രത്യേക അവതരണം നടത്തുകയുണ്ടായി. മഴക്കാലത്ത് ജലമാനേജ്‌മെന്റ് നടത്താതെയും വികസനപദ്ധതികള്‍ക്ക് കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നതിനും ചതപ്പുകളും നെല്‍വയലുകളും നികത്തുന്നതിനും അനുമതി നില്‍കിയും മഴവെള്ള സംഭരണം നടത്താതെയും വേനല്‍ക്കാലമാകുമ്പോള്‍ വരള്‍ച്ച ദുരിതാശ്വാസമെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഗോഷ്ഠികള്‍ മിക്കവാറും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള തന്ത്രങ്ങളാണ്. ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നും അഴിമതിയുടെ ഈറ്റില്ലങ്ങളാണ്. ഓഡിറ്റിന് വിധേയമാക്കേണ്ടതില്ലാത്ത വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടും പ്രവര്‍ത്തനങ്ങളും പലപ്പോഴും കൈയിട്ടുവാരി ഖജനാവ് മുടിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ദുരിതാശ്വാസ 'പ്രവര്‍ത്തന'ങ്ങളില്‍ ഏര്‍പ്പെടുകയെന്നത് വലിയ ഉത്സാഹത്തിന്റെ കാലമാണ്. തങ്ങള്‍ തന്നെ ബോധപൂര്‍വം വരുത്തിത്തീര്‍ക്കുന്ന നാട്ടിലെ വരള്‍ച്ചയുടെ പ്രതിഫലം പറ്റുന്ന കാലഘട്ടം. കിണറുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുക, കാനകള്‍ വൃത്തിയാക്കുക, ടാങ്കര്‍ലോറി കുടിവെള്ള വിതരണം നടത്തുക, കുഴല്‍ കിണര്‍ ഖനനം എന്നുതുടങ്ങി വരള്‍ച്ചയോടനുബന്ധിച്ചുള്ള പണികള്‍ നിരവധിയാണ്. കിണറ്റിലും കുളത്തിലും ഭൂഗര്‍ഭത്തിലും ജലം എത്തിക്കുവാനുള്ള പദ്ധതികള്‍ മാത്രം ചെയ്യില്ല. എങ്കിലല്ലേ അടുത്ത വര്‍ഷവും വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കാനാകൂ? ഒരു പാത്രം വെള്ളം കിട്ടുവാന്‍ പട്ടണമെന്നോ, ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍ക്ക് വന്‍ ഡിമാന്റാണിപ്പോള്‍. ഒരു ലോറി ജലം അനുവദിച്ച് കിട്ടുവാന്‍ തങ്ങളുടെ സേവകരായി തിരഞ്ഞെടുത്ത് വിട്ടവരെ യജമാനന്മാരായി കണ്ട് കാല് പിടിക്കുന്ന കാലഘട്ടം! നോക്കാം, ടൈറ്റാണ്, പരിശ്രമിക്കട്ടെ, ബുദ്ധിമുട്ടാണെങ്കിലും പറ്റുവോ എന്നുനോക്കട്ടെ എന്നൊക്കെയുള്ള മറുപടികള്‍. ജല അതോറിറ്റിയിലേക്കും വൈദ്യുതി ബോര്‍ഡിലേക്കും വരള്‍ച്ചാകാലത്താണ് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഫോണ്‍ വിളികളെത്തുക. കുടിവെള്ള പമ്പിംഗ് നിര്‍ത്തിയോ കുടിവെള്ള വിതരണം മുടങ്ങുമോ എന്ന ആശങ്കയിലാണ് ജനം. ടാങ്കര്‍ ലോറി ജലവിതരണക്കാരുടെ ചാകരയുടെ കാലഘട്ടവുമിതാണ്. മാലിന്യം നിറഞ്ഞ ജലമാണ് നാടുനീളെ വിതരണം ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ജലവിതരണം പഴയപടി തന്നെ. വൃത്തിയില്ലാത്ത കിണറുകളില്‍നിന്നും ലോറിവെള്ള വിതരണക്കാര്‍ 24 മണിക്കൂറും ലോറികളില്‍ ജലം അടിച്ച് വില്‍പ്പന തുടങ്ങുമ്പോള്‍ അല്‍പ്പമൊക്കെ ജലം നിലനില്‍ക്കുന്ന അയല്‍പക്കത്തെ കിണറുകളും വറ്റുവാന്‍ തുടങ്ങും. നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്ന ലോറിവെള്ള വിതരണം ഒരിക്കലും അനുവദിക്കുവാന്‍ പാടുള്ളതല്ല. പ്ലാച്ചിമടയിലെ ആദിവാസികള്‍ കൊക്കകോള കമ്പനിയോട് ചോദിച്ചതുപോലെ മഴ പെയ്ത് ഭൂഗര്‍ഭജലമായി മാറുന്ന കിണര്‍ ജലവും കുളങ്ങളിലെ ജലവും എടുത്തു വില്‍ക്കുവാന്‍ സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആരാണ് അനുവാദം നല്‍കുന്നത്? മിക്കവാറും ഭൂഗര്‍ഭജലാശയങ്ങളെല്ലാം ഭൂമിയ്ക്കടിയിലൂടെ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ എവിടെനിന്ന് ജലം ഊറ്റിയാലും പ്രാദേശിക ജലക്ഷാമത്തിലാണെത്തിക്കുക. അതുകൊണ്ടുതന്നെ സ്വകാര്യവ്യക്തികള്‍ക്ക് ജലമെടുത്ത് വില്‍പ്പനനടത്തുവാനുള്ള പെര്‍മിറ്റ് നല്‍കുന്നത് ജനദ്രോഹപരമാണ്. ലോറി വാങ്ങുവാന്‍ പണവും രാഷ്ട്രീയ പിടിപാടും ചങ്കൂറ്റവും ഗുണ്ടായിസവും കൈമുതലായിട്ടുണ്ടെങ്കില്‍ ആര്‍ക്കും ടാങ്കര്‍ ലോറി കുടിവെള്ള വിതരണ ''മുതലാളി''യാകാമെന്ന അവസ്ഥയാണ് കേരളത്തില്‍. ജലശുദ്ധീകരണം നടത്തിയെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനും ശുദ്ധജലമാണ് വിതരണം ചെയ്യുന്നത് എന്ന് തെളിയിക്കുന്ന രേഖ ലഭിക്കുവാനും ജല അതോറിറ്റിയില്‍ നിന്നും മലിനീകരണ നിയന്ത്രണബോര്‍ഡില്‍നിന്നും പണമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ല. പാവപ്പെട്ട അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവും സമ്മാനിക്കുന്ന ടാങ്കര്‍ ലോറി കുടിവെള്ള വിതരണം നാടിന് ശാപമാണ്. അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥപ്രമാണിമാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ചെയ്യുന്നത് കടുത്ത ജനദ്രോഹപരമായ പ്രവര്‍ത്തിയുമാണ്. അഴുക്കുള്ള ജലം വിതരണം നടത്തി കോടികള്‍ സമ്പാദിക്കുന്ന 'ജലമുതലാളിമാര്‍' വേനല്‍ക്കാലങ്ങളില്‍ നാട്ടുകാര്‍ക്ക് നല്‍കുന്നത് വിവിധയിനം ജലജന്യരോഗങ്ങളാണ്. ജനങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നും പണം ചെലവാക്കി ജലജന്യരോഗങ്ങളെ നേരിടുന്നതിന് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവിടുന്നത്. പ്രാദേശിക സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് വരള്‍ച്ചാക്കാലത്തെ അനീതിക്ക് കാരണം. അതുകൊണ്ടാണ് പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കുടിവെള്ള വിതരണം പൂര്‍ണമായും സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നത്. തങ്ങള്‍ക്ക് അവകാശപ്പെട്ട തങ്ങളുടെ കിണറുകളിലെ ജലം വന്‍കുതിരശക്തിയുടെ പമ്പുകള്‍ വെച്ച് കുടിവെള്ള വിതരണ കച്ചവടക്കാര്‍ പൂര്‍ണമായും ഊറ്റിയെടുക്കുന്നത് പല സ്ഥലങ്ങളിലും നിരന്തരമായ കലാപങ്ങള്‍ക്കും തെരുവുയുദ്ധങ്ങള്‍ക്കും കാരണമായതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. കേരളത്തിലും ഇത്തരം കലാപങ്ങളും തര്‍ക്കങ്ങളും ഈ വേനല്‍ക്കാലത്ത് ജനങ്ങളും ജലകച്ചവടക്കാരും തമ്മില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ജലക്കച്ചവടം സര്‍ക്കാര്‍ ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. കേരളത്തില്‍ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ ജനങ്ങള്‍ക്ക് ആവശ്യമായ ജലം വേനലിലും വിതരണം ചെയ്യുവാന്‍ സര്‍ക്കാരിന് കഴിയും. ജനങ്ങളുടെ ആരോഗ്യവും ജലവും ഒരുപോലെ വിലപ്പെട്ടതായതിനാലും മലിനജലം കുടിക്കുന്നതിന്റെ പേരില്‍ അസുഖം ബാധിച്ച് തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കുവാനും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ജലം പൊതുസ്വത്താണ്. അത് എല്ലാവര്‍ക്കും ശുദ്ധമായി എത്തിക്കുവാനുള്ള ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ജലമാനേജ്‌മെന്റിന്റെ ഗുണഭോക്താക്കള്‍ ജലകച്ചവടക്കാര്‍ മാത്രമാകാതിരിക്കുവാനും ജനങ്ങളെ വരള്‍ച്ചയെന്ന കൊടിയദുരിതത്തില്‍നിന്നും സംരക്ഷിക്കുവാനും വേണ്ടി കേരളത്തിലെ കുടിവെള്ള വിതരണം പൂര്‍ണമായും പ്രാദേശിക സര്‍ക്കാരുകള്‍ ഏറ്റെടുക്കണം. 50 ലക്ഷത്തിലധികം പേര്‍ ജലം ഉപയോഗിച്ച് വരുന്ന പെരിയാര്‍ തീരത്തെ ആലുവ പമ്പിംഗ് സ്റ്റേഷനില്‍നിന്നും കൊച്ചി നഗരത്തിന്റെ ജല ആവശ്യത്തിന്റെ പകുതിപോലും നിറവേറ്റപ്പെടുന്നില്ല. 310 ദശലക്ഷം ലിറ്ററിലധികം ജലം ആവശ്യമായ മഹാനഗരത്തിന് 150 ദശലക്ഷം ലിറ്റര്‍ ജലം പോലും പമ്പ് ചെയ്ത് നല്‍കുവാന്‍ വാട്ടര്‍ അതോറിറ്റിക്കാകുന്നില്ല. മെട്രോ നഗരത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ലോറിവെള്ള വിതരണക്കാരെ ആശ്രയിക്കുന്നതിന്റെ കാരണം ഇതില്‍നിന്നു ബോധ്യമാകും. ജല ലഭ്യത കുറവായതിനാല്‍ ജലമോഷണം നടത്തുന്നത് നഗരത്തില്‍ പതിവാണ്. 250 കോടി രൂപ മുടക്കി ജനറം പദ്ധതി വഴി മൂവാറ്റുപുഴയാറില്‍ പിറവത്ത് പാഴൂര്‍ പടിയില്‍ നിന്നും പമ്പ് ചെയ്യാനാരംഭിച്ചിരിക്കുന്ന പദ്ധതി നഗരവാസികള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ലോറി ജലവിതരണക്കാര്‍ക്ക് മെട്രോ നഗരം എന്നും രാഷ്ട്രീയക്കാരുടെ ഒത്താശയോടെ പണക്കൊയ്ത്തിനുള്ള വേദിയാണ്. രാത്രികാലങ്ങളിലെ ഇരുട്ടിലെ ജല വിതരണം മലിനജലമായാലും കണ്ടുപിടിക്കാനാവാത്ത അവസ്ഥയിലാണ്. പരാതി പറഞ്ഞാല്‍ പിന്നെ ലോറി ജലംപോലും ലഭിക്കില്ല. അതുകൊണ്ട് അശുദ്ധജലമാണെന്നറിഞ്ഞുകൊണ്ട് ജല ആവശ്യം നിറവേറ്റുവാന്‍ ടാങ്കര്‍ ലോറി വെള്ളത്തെ ആശ്രയിക്കുന്ന നിരവധി ഫഌറ്റുകള്‍ നഗരത്തിലുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് ലഭിക്കുന്ന വേനല്‍ മഴ പല സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കയാണ്. രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം ലാഭംകൊയ്യുന്ന മറ്റൊരു മേഖലയാണ്. കുപ്പിവെള്ള കച്ചവടം ഇന്ത്യയില്‍ 2018 ല്‍ പ്രതിവര്‍ഷം 160 ശതകോടി രൂപയുടെതാകുമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. 2014 ല്‍ വെറും 70 ശതകോടി രൂപയുടെ ബിസിനസ് നടത്തിയ സ്ഥാനത്താണിത്. ബിസ്‌ലേരി, പെപ്‌സി, കൊക്കൊകോള, പാര്‍ലെ, ദാരിവാള്‍ എന്നീ അഞ്ച് കമ്പനികളാണ് ഭാരതത്തിലെ കുപ്പിവെള്ള ബിസിനസ് പ്രധാനമായും നിയന്ത്രിക്കുന്നത്. ആയിരക്കണക്കിന് കുപ്പിവെള്ള വിതരണ കമ്പനികള്‍ ഭാരതത്തിലുണ്ട്. കുപ്പിവെള്ള മാലിന്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഭയപ്പെടുത്തുന്നവയാണ്. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) നടത്തിയ പരിശോധനയില്‍ ഭാരതത്തിലെ 18 ബ്രാന്റ് കുപ്പിവെള്ള കമ്പനികളില്‍ നിന്നെടുത്ത കുപ്പിവെള്ള സാമ്പിളുകളില്‍ 90 ശതമാനം സാമ്പിളുകളിലും കാന്‍സറിന് പോലും വഴിവയ്ക്കുന്ന മാലിന്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡത്തെക്കാള്‍ ബ്രോമേറ്റ് 27 ശതമാനം സാമ്പിളുകളിലും കണ്ടെത്തി. ലോകത്ത് 2.2 ദശലക്ഷം ആളുകള്‍ക്ക് ജലജന്യരോഗങ്ങള്‍ പിടിപെടുന്നത് കുപ്പിവെള്ളത്തിലൂടെയാണത്രെ! 2050 ആകുമ്പോള്‍ 7 ശതകോടി ജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നും അന്ന് ലോകജനസംഖ്യ 9.3 ശതകോടിയാകുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ബെംഗളൂരുവില്‍ ജലവിതരണം ആഴ്ചയില്‍ രണ്ടുദിവസവും ഭോപ്പാലില്‍ പ്രതിദിനം 30 മിനിറ്റ് മാത്രവുമാണ് ജലം വിതരണം നടക്കുന്നത്. കേരളത്തിലെ സ്ഥിതിയും വൈകാതെ ഇതിനു സമാനമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണം നെല്‍വയല്‍ നികത്തലും കുന്നിടിച്ചതുമാണെന്ന് അറിയാത്തവര്‍ വിരളം. 2015 മാര്‍ച്ച് 10-ാം തീയതി സുപ്രീംകോടതി ഇക്കാര്യത്തില്‍ സുപ്രധാനവിധിയാണ് പ്രസ്താവിച്ചിരിക്കുന്നത്. നെല്‍വയല്‍ നികത്തി കരഭൂമിയാക്കിയതിന് കേരള ഹൈക്കോടതി നല്‍കിയ അംഗീകാരമാണ് സുപ്രീംകോടതി റദ്ദാക്കിയത്. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൂട്ടുനിന്ന് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കേരളമൊട്ടുക്ക് നടത്തിയ നെല്‍വയല്‍ നികത്തല്‍മൂലം ഉണ്ടായ വരള്‍ച്ച തടയാനാകില്ലെങ്കിലും വില്ലേജ് ആപ്പീസിലെ തണ്ടപേര്‍ രജിസ്റ്ററില്‍ നിലമെന്നത് മാറ്റി പുരയിടം എന്നാക്കാന്‍ കഴിയാത്തതിനാല്‍ നിലംനികത്തല്‍ കുറയുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളസര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ മാറ്റംവരുത്തി സുപ്രീംകോടതിവിധിയെ തടയിടുവാനുള്ള തത്രപ്പാടിലാണ്. ഇത് വരള്‍ച്ച ദുരിതാശ്വാസത്തിനായി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ പണം അനുവദിച്ചുകിട്ടുന്നതിന് സാധിക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. ജനങ്ങളെ ദുരിതത്തിലാക്കി ദുരിതാശ്വാസം നല്‍കുകയെന്ന കഴുകന്‍ കണ്ണുകള്‍ ഒരു സര്‍ക്കാരിനും ഭൂഷണമല്ല.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.