മകനെ മടങ്ങി വരൂ

Sunday 15 March 2015 9:20 pm IST

''അഞ്ചരയടിപൊക്കം. വെളുത്തനിറം. നുണക്കുഴി. കാകദൃഷ്ടി. പൈജാമയും കുര്‍ത്തയും വേഷം. അത്യാവശ്യകാര്യസാധ്യത്തിനായി പോവുന്നതുപോലുള്ള നടപ്പ്. നാലുപേര്‍ കൂടി നില്‍ക്കുന്നതുകണ്ടാല്‍, കാറിന്റെ വൈപ്പര്‍ പോലെ കൈപ്പത്തി ചലിച്ചുതുടങ്ങും. അതോടൊപ്പം മുഖകമലം പുഞ്ചിരിയാല്‍ പ്രശോഭിതമാവും. ഹിന്ദിയും ഇംഗീഷുമാണ് സംസാരഭാഷ.'' ഈ അടയാളങ്ങളും ഗുണങ്ങളുമുള്ള മധ്യവയസ്‌കന്‍ ദല്‍ഹിയില്‍നിന്നുമുങ്ങി. അമ്മയുടെ അനുസരണയില്ലായ്മയാണ് ഈ കടുംവെട്ടിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നറിയുന്നു. ടിയാനെപ്പറ്റി എന്തെങ്കിലും അറിവുകിട്ടിയാല്‍, ദയവായി, നമ്പര്‍ 10, ജന്‍പഥ്, ന്യൂദല്‍ഹി എന്ന വിലാസത്തിലോ ദല്‍ഹിയിലെ എഐസിസി ആപ്പീസിലോ അറിയിക്കുവാനപേക്ഷ. ലക്ഷണങ്ങള്‍ കൊണ്ട് നല്ല പരിചയം തോന്നി. എന്നാല്‍ ആളാരെന്നുപിടികിട്ടുന്നില്ല. മറവിയുടെ ഭാണ്ഡക്കെട്ടില്‍ കയ്യിട്ടുവാരി. കിട്ടിയതുവെളിയിലിട്ടു. ഒരു കശ്മീരി ബ്രാഹ്മണ കുടുംബം അലഹബാദിലേക്ക് കൂടുമാറി. ആനന്ദഭവന്‍ എന്ന വലിയ ബംഗ്ലാവില്‍ താമസം തുടങ്ങി. (അവശേഷിക്കുന്നവര്‍ ഇന്നറിയപ്പെടുന്നത് നെഹ്‌റു കുടുംബം എന്നാണ്.) ഗൃഹനാഥന് മൂന്നു മക്കള്‍: രണ്ടു പെണ്ണും ഒരാണും. ഭാരതത്തിലെ വിദ്യയ്ക്ക് വിലയില്ലാഞ്ഞിട്ടോ സമ്പത്തിന്റെ ആധിക്യംകൊണ്ടൊ ആണ്‍തരി വിദ്യനേടിയതു വിദേശത്തുനിന്ന്. ഭാരതം അന്ന് ബ്രിട്ടീഷ് കോളണിയായിരുന്നു. ബന്ധനമില്ലാത്ത ജീവിതമാണ് മനുഷ്യനെന്നും ആഗ്രഹിക്കുന്നത്. അതുകൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടങ്ങി. ആനന്ദഭവനത്തിലെ ആണ്‍തരി സമരത്തില്‍ സജീവപങ്കാളിയായി, നേതാവായി. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അക്കാലത്ത് വിദേശത്ത് ബാരിസ്റ്ററായി കഴിയുകയായിരുന്നു. അദ്ദേഹം ഭാരതത്തില്‍ തിരിച്ചെത്തി. സമരത്തില്‍ പങ്കുചേര്‍ന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സമരക്കാരില്‍ ആവേശവും ഊര്‍ജവും നിറച്ചു. അഹിംസയായിരുന്നു ഗാന്ധിയുടെ സമരായുധം. എന്നാല്‍ ഒരുപാടു ജീവന്‍ ഹോമിക്കപ്പെട്ടു. ഒരുപാടുചോരയൊഴുകി. ഓം ശാന്തി: ശാന്തി: ശാന്തിയെന്നു മനുഷ്യരാശിയെ ഉദ്‌ബോധിപ്പിച്ച നാട് ചങ്കുപൊട്ടിക്കരഞ്ഞു. ഒടുവില്‍ സ്വാതന്ത്ര്യം കിട്ടി. ദല്‍ഹിയില്‍ അധികാരത്തിനുവേണ്ടിയുള്ള വിലപേശലാരംഭിച്ചു. അതേസമയം, ബംഗാളില്‍ മതഭ്രാന്തന്മാര്‍ അഴിഞ്ഞാടി. ഹൈന്ദവബന്ധങ്ങള്‍ തെരുവില്‍ കുന്നുകൂടിക്കിടന്നു. അവരുടെ ചോരയില്‍ 'അഹിംസ' അലിഞ്ഞുപോയി. അധികാരം ബ്രിട്ടീഷ് സായിപ്പില്‍നിന്ന് ഇന്ത്യന്‍ സായിപ്പ് ഏറ്റുവാങ്ങി. വഴിവിട്ട കളികളിലൂടെ ആനന്ദഭവനത്തിലെ ആണ്‍തരി സ്വതന്ത്ര ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രിയായി. പ്രേമലോലുപനായി ലോകംചുറ്റി ഭാരതത്തെ ഭരിച്ചു. ആ ഭരണമികവിന്റെ ബാക്കിപത്രമാണ് ഭാരതാംബയുടെ കണ്ണിലെ ബാഷ്പബിന്ദുവായി ഇന്നും നിലനില്‍ക്കുന്ന കശ്മീര്‍. എന്നിട്ടും നെഹ്‌റു കുടുംബത്തോടുള്ള കോണ്‍ഗ്രസുകാരുടെ 'ഓച്ഛാനിത്ത' ത്തിന് ഇന്നും കുറവില്ല. പ്രധാനമന്ത്രി നെഹ്‌റു തന്റെ വിദേശയാത്രകളില്‍ മകളേയും കൂടെക്കൂട്ടി. രാജ്യകാര്യങ്ങളിലും വിദേശകാര്യങ്ങളിലും പരിശീലനം കൊടുത്തു. നീയാണടുത്ത പ്രധാനമന്ത്രിയെന്ന് അവളുടെ ചെവിയില്‍ മന്ത്രിച്ചു. അതിനുവേണ്ടതെല്ലാം ഒരുക്കിവച്ച് അദ്ദേഹം കാലം ചെയ്തു. കുറെ ഗുളികന്മാരുടെ അപഹാരമുണ്ടായി. അച്ഛന്റെ മോഹസാക്ഷാത്കാരത്തിന് അത് തടസ്സമായി. തന്ത്രങ്ങളിലൂടെ എല്ലാത്തിനേയും ആവാഹിച്ച് പടിക്കു പുറത്താക്കി. അങ്ങനെ പിതൃ-പുത്രീമോഹങ്ങള്‍ പൂവണിഞ്ഞു. പിന്നെയും ചൊറിയാന്‍വന്നവരുടെ മുഖത്തുനോക്കി പറഞ്ഞു: നീയൊക്കെ വാര്‍ദ്ധക്യാരംഭത്തിലാണ് കോണ്‍ഗ്രസുകാരനായത്. ആനന്ദഭവനില്‍ ഞാനും കോണ്‍ഗ്രസും ഒരുമിച്ചാണ് ജനിച്ചത്. ത്രിവര്‍ണപതാക കൊണ്ടുണ്ടാക്കിയ തൊട്ടിലില്‍ രാഷ്ട്രീയത്തിന്റെ കുപ്പിപ്പാല്‍ കുടിച്ചുകിടന്നു. ജയ്, ജയ് കോണ്‍ഗ്രസ്, ജയ് ജയ് നെഹ്‌റുജിയെന്ന താരാട്ടുകേട്ടുറങ്ങി. നിങ്ങളൊക്കെ അച്ഛന്റെ കാര്യസ്ഥന്മാരായിരുന്നു എന്നെനിക്കറിയാം. കാര്യസ്ഥന്‍ കാരണവരാകാന്‍ ആഗ്രഹിക്കരുത്. ഒന്നുകില്‍ എന്നെ അനുസരിക്കുക, അല്ലെങ്കില്‍ പുറത്തുപോവുക. അതുകേട്ട് ഒരു സേവകന്‍ വിളിച്ചു പറഞ്ഞു, ''ഇന്ദിരയാണിന്ത്യ, ഇന്ത്യയാണിന്ദിര, അങ്ങനെ എല്ലാം ശുഭമായി. 'തിരുവായ്‌ക്കെതിര്‍വായില്ലാതെ' ഭരണമാരംഭിച്ചു. പിന്നെയും എതിര്‍ത്തവര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശവപ്പറമ്പില്‍ ഭസ്മമായി. അങ്ങനെയിരിക്കെ പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ ഒരുത്തന്‍ ജയിച്ച മുന്‍ പ്രധാനമന്ത്രിക്കെതിരെ കേസുകൊടുത്തു. നീതിമാനും ന്യായസ്ഥനുമായ ജഡ്ജി, വരുംവരായ്കകളെപ്പറ്റി ബോധമില്ലാതെ, തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. ആ വിധിയെ അസാധുവാക്കിക്കൊണ്ട് അവര്‍ ഭരണത്തില്‍ തുടര്‍ന്നു. പാവം പ്രസിഡന്റിനെപ്പേടിപ്പിച്ച് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തി. 'അങ്ങാടിയില്‍ തോറ്റതിനമ്മയോടെന്ന'പോലെ അസാധുവിനോടുള്ള ദേഷ്യം കോണ്‍ഗ്രസല്ലാത്ത ജനങ്ങളോടു തീര്‍ത്തു. പോലീസിനെ കയറൂരിവിട്ട് സംഘപരിവാറില്‍പ്പെട്ടവരുടെ, അവരുമായി പുലബന്ധം ഉണ്ടായിരുന്നവരുടെ നെഞ്ചില്‍ ചവിട്ടുനാടകം കളിച്ചു പോലീസുകാര്‍ രസിച്ചു. പാവം ജഡ്ജി, ഈരേഴുപതിന്നാലു ലോകങ്ങളിലെ മുഴുവന്‍ ദുരിതവും അനുഭവിച്ചു. സീനിയര്‍ ജഡ്ജിമാരുടെ തലയില്‍ ജൂനിയര്‍മാരെ ഇരുത്തി. സേനാധിപന്മാരെ ഒതുക്കി. ഒടുവില്‍, അഹങ്കാരത്തിനും താന്‍പോരിമയ്ക്കും തിരിച്ചടിയായി സുരക്ഷാഭടന്റെ ഹസ്‌തേന അകാലമൃത്യു വരിച്ചു. അടുത്ത കിരീടാവകാശി മൂത്തപുത്രന്‍ പൈലറ്റായിരുന്നു. അദ്ദേഹം ദല്‍ഹിയിലെത്തി. പണ്ടു സല്‍കര്‍മങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് ദൈവപ്രീതിക്കായി മൃഗബലി നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അധികാരാവരോധത്തിനുമുമ്പ് അനുയായികള്‍ നരബലി നടത്തി. അമ്മയുടെ ആത്മശാന്തിക്കുവേണ്ടിയോ മകന് ശത്രുബാധ ഉണ്ടാവാതിരിക്കുന്നതിനുവേണ്ടിയോ എന്നു നിശ്ചയമില്ല. അദ്ദേഹത്തിന്റെയും വിദ്യാഭ്യാസം വിദേശത്തായിരുന്നു. അടിച്ചുപൊളിച്ചുജീവിച്ചു. പഠിക്കാന്‍ പോയതു പഠിച്ചില്ല. മറ്റു പലതും പഠിച്ചുബിരുദം നേടി. ആ ബിരുദമാണ് സോണിയ മെയ്‌നൊ എന്ന ഇറ്റാലിയന്‍ വനിത. പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമായി ജീവിതം മുന്നോട്ടു നീങ്ങി. ഒടുവില്‍ നരബലിയില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം നരബലിയില്‍ തന്നെ അവസാനിച്ചു. അത് ആത്മബലിയായിപ്പോയി എന്നത് തീരാദുഃഖമായി എന്നും അവശേഷിക്കും. ഈ മരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാനത്തിന്റെ തുടക്കമായി. പാര്‍ട്ടിയില്‍ കൂട്ടത്തല്ലും പാരവയ്പ്പും ആരംഭിച്ചു. നിയന്ത്രിക്കാനാരുമില്ല. വ്യക്തിത്വമില്ലാത്ത, ഭാരതത്തെ അറിയാത്ത, ഭാരതം അറിയാത്ത ഒരുപാടു പ്രധാമന്ത്രിമാരുണ്ടായി. അതിനെയൊക്കെ താങ്ങി കോണ്‍ഗ്രസ് മടുത്തു. അവര്‍ കരഞ്ഞുപറഞ്ഞു, ''സോണിയാജീ ബചാവോ'' സോണിയാ കനിഞ്ഞില്ല. പ്രധാനമന്ത്രിപദം വച്ചുനീട്ടി. അതു നിരസിച്ചു. ആ പരിത്യാഗത്തില്‍ സാഹിത്യ-ബുദ്ധിജീവി വര്‍ഗം കണ്ണീര്‍വാര്‍ത്തുകൊണ്ട് അപദാനങ്ങള്‍ വാഴ്ത്തിപ്പാടി. ആ മനസ്സിലെ മായാജാലങ്ങള്‍ അവര്‍ കണ്ടില്ല. മകനെ പ്രധാനമന്ത്രിയാക്കുകയെന്നതായിരുന്നു അത്. അതിനുള്ള നീക്കങ്ങള്‍ തുടങ്ങി. ആദ്യം തന്നെ പ്രധാനമന്ത്രിയെക്കാള്‍ വലിയ അധികാരിയായി സ്വയം അവരോധിച്ചു. 2014 ലെ തെരഞ്ഞെടുപ്പിന് പാവം പ്രധാനമന്ത്രി പറഞ്ഞു, ''ഇനി ഞാനില്ല. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവന്‍'' പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കി ഒതുക്കി. ഇനി, ഇളമുറത്തമ്പുരാനല്ലാതെ ആരുണ്ട്! ചെങ്കോലും കിരീടവും മനസ്സിലൊളിപ്പിച്ച് അവന്‍ വന്നു. കോപ്രായങ്ങള്‍ ഒരുപാടു കാണിച്ചു. ജനം ചിരിച്ചു. അതംഗീകാരവും അഭിനന്ദനവുമായി. പാവം പയ്യന്‍ തെറ്റിദ്ധരിച്ചു. ആവേശം മൂത്തു. മോദിജിയെ പരിഹസിച്ചു. കുറ്റപ്പെടുത്തി. പാലുമണം മാറാത്തവന്റെ വിവരക്കേടിന് മറുപടി പറഞ്ഞില്ല. മറുപടി ഇല്ലാഞ്ഞിട്ടാണെന്ന് പാവം ധരിച്ചു. സഹികെട്ടപ്പോള്‍ തിരിച്ചടിച്ചു. അദ്ദേഹത്തിന്റെ നാവില്‍നിന്നും വന്ന വാക്കുകളുടെ ഇടിമിന്നലില്‍ പയ്യന്റെ ഫ്യൂസടിച്ചുപോയി. അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. സ്വയം സമാധാനിപ്പിച്ചു; അടുത്ത പ്രധാനമന്ത്രി ഞാന്‍ തന്നെ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അട്ടയെപ്പോലെ ചുരുണ്ടുപോയി. അമ്മതന്നെ ഏല്‍പ്പിച്ച ചെങ്കോലും കിരീടവും ശത്രുവിന്റെ കയ്യില്‍. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. തോല്‍വി ഞങ്ങള്‍ക്ക് പുത്തരിയല്ല, ഇനിയും ഞങ്ങള്‍ തോല്‍ക്കുമെന്നു മുന്തിയ നേതാക്കള്‍ പറഞ്ഞു. ഉള്ളില്‍ ബോധമുണ്ടായിരുന്നെങ്കിലും അമ്മയ്ക്കും മകനും മിണ്ടാന്‍പാടില്ലായിരുന്നു. മൂക്കാത്ത മകനെ പഴുപ്പിക്കാന്‍ ശ്രമിച്ചതിന്റെ തിക്തഫലം അമ്മയറിഞ്ഞു. ജയിച്ചതുതന്നെ മഹാഭാഗ്യം എന്നു രണ്ടുപേരും ആശ്വസിച്ചു. കുറച്ചുദിവസം സഭയില്‍ പോയി. സുഖമായുറങ്ങി. ഒന്നും പറയാനില്ല. പിന്നെന്തു ചെയ്യും? ബജറ്റ് സമ്മേളനമെന്നു കേട്ടപ്പോള്‍ ഞെട്ടി. ഒരു വിവരവുമില്ലാത്ത കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് പരിഹാസ്യനാവേണ്ട എന്നുകരുതി മുങ്ങി. എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. ഇരുസഭകളിലും കോണ്‍ഗ്രസ് ഉറഞ്ഞുതുള്ളി. പയ്യന്റെ തിരോധാനത്തിന് പിന്നില്‍ മോദി തന്നെ. അവന്റെ ആരോപണങ്ങള്‍ക്കുമുമ്പില്‍ പതറിപ്പോയ മോദിയുടെ വ്യക്തിവൈരാഗ്യമാണ് സഭയില്‍ വന്ന് മോദി പ്രസ്താവന നടത്തണം. മാപ്പു പറയണം. അതുവരെ സഭ ഞങ്ങള്‍ സ്തംഭിപ്പിക്കും. മോദി പറഞ്ഞു, ''നിങ്ങള്‍ പറയുമ്പോഴൊക്കെ സഭയില്‍ വന്നു പ്രസ്താവന നടത്താന്‍ എനിക്ക് മനസ്സില്ല.'' അതോടെ കോണ്‍ഗ്രസിന്റേയും പ്രതിപക്ഷത്തിന്റെ മുഴുവന്‍ ഗ്യാസും പോയി. അടുത്തദിവസം ഒരമ്മയുടെ ആത്മവിലാപം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ''മകനേ, മടങ്ങിവരൂ, മേലില്‍ നീ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കാം. നിന്റെ അഭാവത്തില്‍ അളിയന്റെ വസ്തുകച്ചവടം ആകെ അവതാളത്തിലാണ്. നീ വന്നില്ലെങ്കില്‍ നിന്റെ സ്ഥാനത്ത് അവളിറങ്ങും. അതോടെ നമ്മള്‍ മൊത്തം നാറും. അതിനിടയാക്കാതെ വേഗം വരൂ. അശരീരി മുഴങ്ങി: ആരും വ്യാകുലപ്പെടരുത്, നമ്മുടെ അഭിവന്ദ്യനേതാവ് വിദേശത്തു മസ്സാജു ചികിത്സയിലാണ്. അതുകഴിഞ്ഞാല്‍ അദ്ദേഹം വരും. ഓജസ്സും തേജസ്സും ഊര്‍ജവും തുള്ളിത്തുളുമ്പുന്നവനായിട്ട്. അതുവരെ പാര്‍ലമെന്റ് സമ്മേളിക്കുവാന്‍ നിങ്ങളനുവദിക്കരുത്. അന്തോണീസ് പുണ്യാളന്റേതെന്നു തോന്നിയ ആ ശബ്ദം നിലച്ചു. ഇപ്പോഴെല്ലാം ശാന്തം. അവന്റെ വരവു വിളിച്ചറിയിക്കുന്ന കാഹളനാദത്തിനായി അവര്‍ കാത്തിരിക്കുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.