പന്നിപ്പനി മരണം 1674

Monday 16 March 2015 12:54 am IST

ന്യൂദല്‍ഹി: പന്നിപ്പനി ബാധിച്ച് 47പേര്‍കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് എച്ച്1എന്‍1 ബാധിച്ച് മരിക്കുന്നവരുടെയെണ്ണം 1674ലെത്തി. ഇതുവരെ 29000 പേര്‍ക്ക് എച്ച്1എന്‍1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിനുമുമ്പ് പുറത്തിറക്കിയ കണക്കുകളില്‍ 28441 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നത്. ആറുപേര്‍ക്കുകൂടി പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരുടെ രക്തസാംപിളുകള്‍ വിശദമായ പരിശോധനയ്ക്ക് കൊല്‍ക്കത്ത നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോളറ ആന്‍ഡ് എന്ററിക് ഡിസീസസില്‍ അയച്ചിരിക്കുകയാണ്. ഗുജറാത്തിലാണ് രാജ്യത്ത് ഏറ്റവുംകൂടുതല്‍ പന്നിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 375 പേര്‍ ഇതുമൂലം മരിച്ചതായും 6032 പേര്‍ക്ക് എച്ച്1എന്‍1 വൈറസ് ബാധിച്ചിട്ടുള്ളതായും സ്ഥിരികരിച്ചിട്ടുണ്ട്. രണ്ടാമത് രാജസ്ഥാനാണ്. ഇവിടെ പന്നിപ്പനി ബാധിച്ച് ഇതുവരെ 372 പേര്‍ മരിക്കുകയും 6154 പേര്‍ക്ക് എച്ച്1എന്‍1 ബാധിച്ചാതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് കര്‍ണ്ണാടക, ഹരിയാന എന്നിവിടങ്ങളിലായി 853 പേരും മരിച്ചിട്ടുണ്ട്. അടുത്തിടെ മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) നടത്തിയ പഠനത്തില്‍ ഭാരതത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പന്നിപ്പനി വൈറസ് അതീവമാരകമാണെന്ന് കണ്ടെത്തിയിരുന്നു.രാജ്യവ്യാപകമായി ഇതിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പഠനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.