രാത്രിയാത്രാ നിരോധനം പിന്‍വലിക്കണം : കര്‍മ്മസമിതി

Monday 16 March 2015 7:55 pm IST

ഊട്ടി/കല്‍പ്പറ്റ : ദേശീയപാത 67 ലേയും 212 ലേയും രാത്രിയാത്രാ നിരോധനം പിന്‍വലിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ഊട്ടിയില്‍ ചേര്‍ന്ന കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. ഊട്ടിയിലെ വിവിധ രംഗങ്ങളിലുള്ള 32 സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ണ്ണാടകയില്‍ പുതുതായി രൂപീകരിച്ച കര്‍ണ്ണാടക - തമിഴ്‌നാട് - കേരള നൈറ്റ് ട്രാവലിംഗ് പ്രൊട്ടക്ഷന്‍ കമ്മറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമായി. കേരള - തമിഴ്‌നാട് സര്‍ക്കാരുകളുടെ അനാസ്ഥയാണ് രാത്രിയാത്രാ നിരോധനം തുടര്‍ന്നുപോകുന്നതിന്റെ കാരണം. നീലഗിരി - മൈസൂര്‍ - വയനാട് ജില്ലകള്‍ തമ്മില്‍ ആയിരത്തിലധികം വര്‍ഷമായി നിലനിന്നിരുന്ന ബന്ധമാണ് രാത്രിയാത്രാ നിരോധനംമൂലം ഇല്ലാതായത്. ഊട്ടിയിലെ ടൂറിസ്റ്റ് മേഖലയെ നിരോധനം ഗുരുതരമായി ബാധിച്ചു. ഈ വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിഷേധനിലപാട് അന്തര്‍സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതാണ്. രാത്രിയാത്രാ നിരോധനത്തില്‍ കര്‍ണ്ണാടകം ഉറച്ച നിലപാട് തുടര്‍ന്നാല്‍ കര്‍ണ്ണാടകക്ക് ജലവും വൈദ്യുതിയും നല്‍കുന്നത് കേരളവും തമിഴ്‌നാടും പുന:പരിശോധിക്കണം. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. വയനാടും മൈസൂറും ഊട്ടിയും കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി ഊട്ടിയിലെ മുഴുവന്‍ വ്യാപാരി - തൊഴിലാളി - വാണിജ്യ സംഘടനകളേയും രാഷ്ട്രീയപാര്‍ട്ടികളേയും സംഘടിപ്പിച്ച് മാര്‍ച്ച് 25ന് ഊട്ടി കലക്ടറേറ്റ് ഉപരോധിക്കും. രണ്ടാംഘട്ടമായി കര്‍ണ്ണാടകയുടെ ബസ്സുകള്‍ ഊട്ടിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കും. കര്‍ണ്ണാടകക്കെതിരെ ശക്തമായ സമരപരിപാടികള്‍ വയനാട്ടിലും ആരംഭിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ കര്‍ണ്ണാടക - തമിഴ്‌നാട് - കേരള നൈറ്റ് ട്രാവലിംഗ് പ്രൊട്ടക്ഷന്‍ കമ്മറ്റി ഊട്ടി മേഖലാ കണ്‍വീനര്‍ അഡ്വ:വിജയ്.കെ ഉദ്ഘാടനം ചെയ്തു. ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.മുസ്തഫ, നീലഗിരി - വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. ടി.എം.റഷീദ്, എം. സൗന്ദരപാണ്ഡ്യന്‍, രവികുമാര്‍, പി.വൈ. മത്തായി, മണിമേഖല, ഗോപാല്‍മണി, ഫാ. ടോണി കോഴിമണ്ണില്‍, ചെറിയാന്‍ മസിനഗുഡി, കെ.നാഗേന്ദ്ര എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.