റവന്യൂ ഇന്റലിജന്‍സ് ഉത്തരവ് പഞ്ചായത്ത് പൂഴ്ത്തിയതായി ആക്ഷേപം

Monday 16 March 2015 9:48 pm IST

ആലപ്പുഴ: സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച വിജിലന്‍സിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും ഉത്തരവ് പഞ്ചായത്ത് പൂഴ്ത്തിവച്ചതായി ആക്ഷേപം. പുന്നപ്ര തെക്ക് പഞ്ചായത്ത് അതിര്‍ത്തിയായ കുറവന്‍തോട് വെളിയിലെ മിച്ചഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഫയലാണ് പഞ്ചായത്ത് കമ്മറ്റി പൂഴ്ത്തി വച്ചത്.കുറവന്‍തോട് വെളിയില്‍ ബ്ലോക്ക് നമ്പര്‍ 13ല്‍ സര്‍വേ നമ്പര്‍ 82-83ലുള്ള മിച്ചഭൂമിയാണ് ചിലര്‍ കൈയേറിയത്. ഒരു ഏക്കര്‍ 88 സെന്റിലാണ് ആകെ കൈയേറ്റം നടന്നിട്ടുള്ളത്. സ്വന്തമായി ഭൂമി ഇല്ലാത്തവരാണ് ഏറെയും കൈയേറിയത്. എന്നാല്‍ ഇതിന്റെ മറവില്‍ ചില സമ്പന്നര്‍ ഇവരുടെ താമസസ്ഥലത്തിനോട് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലം കൈയേറി സ്വന്തമാക്കിയതായി ആരോപണമുണ്ട്. സര്‍ക്കാര്‍ മിച്ചഭൂമി കൈയേറിയതിന് നിയമപരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നരവര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് പുന്നപ്ര സ്വദേശിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിജിലന്‍സ് അധികാരികള്‍ പുന്നപ്ര കുറവന്‍തോട് വെളിയില്‍ എത്തി അന്വേഷണം നടത്തി. എട്ടുമാസം മുമ്പ് റവന്യൂം ഇന്റലിജന്‍സിനും സ്ഥലം കൈയേറിയതായി ബോധ്യപ്പെടുകയും തുടര്‍ന്ന് കൈയേറിയ സര്‍ക്കാര്‍ മിച്ചഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ എട്ടുമാസമായി ഈ ഫയല്‍ പുന്നപ്ര പഞ്ചായത്ത് സമിതി വെളിച്ചം കാണാതെ ഈ ഫയല്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.