ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Monday 16 March 2015 10:00 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മുതല്‍ അടുത്ത ആറു മാസകാലത്തേക്കുള്ള മേല്‍ശാന്തിയായി മൂര്‍ക്കന്നൂര്‍ മനക്കല്‍ ശ്രീഹരി നമ്പൂതിരിയെ തെരഞ്ഞെടുത്തു. 48 അപേക്ഷകരില്‍ 43 പേര്‍ ക്ഷേത്രം തന്ത്രിയുമായി തന്ത്രിമഠത്തില്‍ കൂടിക്കാഴ്ച നടത്തി. ഇവരില്‍ 41 പേര്‍ യോഗ്യത നേടി. നിലവിലെ മേല്‍ശാന്തി മൂന്നൂലം ഭവന്‍ നമ്പൂതിരിയാണ് നമസ്‌കാര മണ്ഡപത്തില്‍ വെച്ച് നറുക്കെടുത്തത്. ക്ഷേത്രത്തില്‍ 15 ദിവസത്തെ ഭജനത്തിനും ഈ മാസം 31ലെ അത്താഴപൂജയ്ക്കും ശേഷം, അടയാള ചിഹ്നമായ ശ്രീകോവിലിന്റെ താക്കോല്‍കൂട്ടം വാങ്ങി ശ്രീഹരി നമ്പൂതിരി ചുമതലയേല്‍ക്കും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ്, ദേവസ്വം ഭരണസമിതിയംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, നൂറുകണക്കിന് ഭക്ത ജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. 46 വയസുള്ള ശ്രീഹരി നമ്പൂതിരി മൂര്‍ക്കന്നൂര്‍ മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടേയും പുത്തന്‍ചിറ ആലക്കാട് ഇല്ലത്തെ ഗൗരി അന്തര്‍ജനത്തിന്റേയും മകനാണ്. മണപ്പിള്ളി ഇല്ലത്തെ ശ്രീജ അന്തര്‍ജനമാണ് ഭാര്യ. ഗൗരി, പാര്‍വ്വതി എന്നിവര്‍ മക്കള്‍. രണ്ടാം തവണയാണ് ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയാകുന്നത്. നാലുതവണ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായിരുന്നു അച്ഛന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.