അടിയന്തര നഗരസഭാ കൗണ്‍സില്‍ നടത്താതെ ഭരണപക്ഷം മുങ്ങി

Tuesday 17 March 2015 5:37 pm IST

ആലപ്പുഴ: പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് വിളിച്ചുചേര്‍ത്ത അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം നടത്താതെ ചെയര്‍പേഴ്‌സണ്‍ മുങ്ങി. ഇതേത്തുടര്‍ന്ന് ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധ കൗണ്‍സില്‍ യോഗം ചേര്‍ന്നു. 16ന് രാവിലെ 11ഓടെയായിരുന്നു നാടകീയ സംഭവങ്ങള്‍ തുടങ്ങിയത്. ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തര കൗണ്‍സില്‍ ചേരണമെന്ന് 21 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു ചെയര്‍പേഴ്‌സണ് കഴിഞ്ഞ നാലിന് നോട്ടീസ് നല്കിയിരുന്നു. നോട്ടീസില്‍ കൗണ്‍സില്‍ വിളിക്കേണ്ട തീയതിയെ കുറിച്ചു വ്യക്തമാക്കിയിരുന്നുമില്ല. അടിയന്തര കൗണ്‍സില്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കൂടണമെന്നതാണ് ചട്ടം. നോട്ടീസനുസരിച്ച് ഇന്നലെ നഗരസഭാ കൗണ്‍സില്‍ ചേരാന്‍ തീരുമാനിക്കുകയും കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 10.30ന് ചേരേണ്ട കൗണ്‍സില്‍ യോഗം അപ്രതീക്ഷിതമായി മാറ്റുകയായിരുന്നുവെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് പതിനൊന്നോടെ 22 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ കടന്ന് പ്രതിഷേധ കൗണ്‍സില്‍ ചേരുകയായിരുന്നു. പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗവും തത്തംപള്ളി കൗണ്‍സിലറുമായ മറിയാമ്മ ഏബ്രഹാമിനെ താത്കാലിക അധ്യക്ഷയാക്കിയായിരുന്നു യോഗം ചേര്‍ന്നത്. സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും കായികരംഗത്തു പ്രവര്‍ത്തകരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചാണ് ഇവര്‍ പിരിഞ്ഞത്. നഗരസഭാ പ്രതിപക്ഷനേതാവ് തോമസ് ജോസഫ്, ഉപനേതാവ് എ.എ. റസാഖ് എന്നിവര്‍ സംസാരിച്ചു. അതേസമയം എ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പരിപാടിയില്‍ നിന്നും വിട്ടുനിന്നു. ഇത്തരത്തിലൊരു പരിപാടിയെ കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. കൗണ്‍സില്‍ ഹാളില്‍ അനുമതിയില്ലാതെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ചട്ടവിരുദ്ധമാണെന്നാണ് നഗരസഭാദ്ധ്യക്ഷ മേഴ്‌സി ഡയാന മാസിഡോയുടെ നിലപാട്. ചെയര്‍പേഴ്‌സന്റെ അനുമതിയില്ലാതെയാണ് കൗണ്‍സില്‍ ചേര്‍ന്നത്. കൂടാതെ ചെയര്‍പേഴ്‌സന്റെ കസേരയില്‍ മറ്റൊരംഗത്തെ ഇരുത്തുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ചട്ടവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷനും നഗരകാര്യവകുപ്പ് സെക്രട്ടറിക്കും റിപ്പോര്‍ട്ടു നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പ്രത്യേക കൗണ്‍സിലിനു നോട്ടീസ് നല്കി നിശ്ചിത ദിവസത്തിനകം നഗരസഭാധികാരികള്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുന്നില്ലെങ്കില്‍ നോട്ടീസ് നല്‍കിയവര്‍ക്ക് മറ്റുള്ള കൗണ്‍സിലര്‍മാരെയും നഗരസഭാ ഭരണാധികാരികളെയും അറിയിച്ച ശേഷം കൗണ്‍സില്‍ ചേരാമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്. 16ന് ചേര്‍ന്ന കൗണ്‍സില്‍ ചെയര്‍പേഴ്‌സണെയോ നഗരസഭാ അധികാരികളെയോ അറിയിച്ചിട്ടുമില്ല. കൗണ്‍സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നഗരസഭാംഗങ്ങള്‍ക്ക് കത്തു നല്‍കിയിരുന്നതിനാല്‍ കൗണ്‍സില്‍ ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നുവെന്നും പെട്ടെന്നുണ്ടായ ചില അസൗകര്യങ്ങളാണ് യോഗം ചേരാതിരിക്കാന്‍ കാരണമായതെന്നുമാണ് ഭരണപക്ഷത്തന്റെ ഭാഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.