വേനല്‍മഴ: നെല്‍കര്‍ഷകര്‍ക്ക് ദുരിതം

Tuesday 17 March 2015 10:06 pm IST

ചങ്ങനാശേരി: വേനല്‍മഴയില്‍ നെല്ല് കൊയ്‌തെടുക്കാനാവാതെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍. കൊയ്‌തെടുത്ത നെല്ല് മഴയില്‍ നനഞ്ഞതോടെ വിലയും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വിളവെത്തിയ നെല്ല് പല പാടശേഖരങ്ങളിലും വീണ് കിടക്കുകയാണ്. നെല്ല് അടിഞ്ഞുകിടക്കുന്നതോടെ പൂര്‍ണ്ണമായും നെല്ല് കൊയ്‌തെടുക്കാനാവില്ല. വീണുകിടക്കുന്ന നെല്ല് കിളിര്‍ത്തും തുടങ്ങി. ഇതോടെ കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞവര്‍ഷത്തെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പോലും ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. നീലംപേരൂര്‍ പഞ്ചായത്തിലെ ഈരേത്തറ പാടത്ത് കൊയ്ത് മെതിച്ചെടുത്ത നെല്ല് പൂര്‍ണ്ണമായും കയറിപോയിട്ടില്ല. ഈ നെല്ല് പാടത്ത് വെള്ളത്തിലാണ് ഇരിക്കുന്നത്. നെല്ല് നനയാതിരിക്കാന്‍ കര്‍ഷകര്‍ പടുതയിട്ടുമൂടുന്നുണ്ടെങ്കിലും വലിയ പ്രയോജനമില്ലെന്നാണ് പറയുന്നത്. പാടത്ത് വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ നെല്ലില്‍ ഈര്‍പ്പം കെട്ടും. ഇര്‍പ്പംകെട്ടുന്നതോടെ ഓരോ ചാക്കിലും 3 മുതല്‍ 4 കിലോ വരെ കുറച്ചാണ് സംരംഭകര്‍ നെല്ലെടുക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഇതിന് പുറമെ വിലയിലും കുറവ് വരുത്തുന്നുണ്ട്. ഈരേത്തറ തെക്ക് കാഞ്ഞിരക്കോണം പാടം, പടിഞ്ഞാറ് മൂക്കാടി പാടം,നാരകത്ര, വാലടി തുടങ്ങിയ സ്ഥലത്തും വിളവെത്തിയ നെല്ല് കൊയ്‌തെടുത്തിട്ടില്ല. മഴയില്‍ വീണ്‌പോയ നെല്ല് ഇനിയുള്ള ദിവസങ്ങളില്‍ വെയില്‍ തെളിഞ്ഞില്ലെങ്കില്‍ പാടത്ത് കിടന്ന് കിളിര്‍ക്കും. ഇതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ അസ്തമിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.