കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

Tuesday 17 March 2015 10:40 pm IST

കോട്ടയം: കാര്‍ഷികമേഖലയുടെ വികസനത്തിനും ആധുനീകരണത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 485 കോടി വരവും 460 കോടി ചെലവും 25 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഇന്നലെ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുള്ള പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 11 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ബസ്‌വേ നിര്‍മ്മിക്കുന്നതിനും ഗതാഗതക്കുരുക്കിനു പരിഹാരവുമായുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കായല്‍ ജലം റിവേഴ്‌സ് ഓസ്‌മോസിസ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശുദ്ധജല പദ്ധതിക്ക് 6 കോടിയും വകയിരുത്തി. കൃഷി, മൃഗസംരക്ഷണം, ക്ഷീരമേഖല, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ ജില്ലയിലെ മൂന്ന് കൃഷി ഫാമുകളുടെ ആധുനികവല്‍ക്കരണത്തിനും 60 ലക്ഷം രൂപ വീടുകളില്‍ പച്ചക്കറി കൃഷിക്കുള്ള കുടുംബകൃഷി പദ്ധതിക്കും ചെലവഴിക്കും. കരിമ്പിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കും 75 ലക്ഷം രൂപയും തരിശുനിലം കൃഷിനിലമാക്കുന്ന പുനര്‍ജനനി പദ്ധതിക്ക് 60 ലക്ഷം രൂപയും വിനിയോഗിക്കും. കേരകൃഷി, മത്സ്യകൃഷി എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കും. ഇതിനായി 15 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ആടുഗ്രാമം, സ്വര്‍ണധാര (മുട്ടക്കോഴി വളര്‍ത്തല്‍) എന്നിവയുള്‍പ്പെട്ട മൃഗസംരംക്ഷണ പദ്ധതികള്‍ക്ക് ഒരു കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. മൊബൈല്‍ മില്‍ക്ക് വെന്റിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും പാലിന്റെ ഉല്പാദനവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷീരമേഖലയില്‍ ഊന്നല്‍ നല്‍കും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് 1.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ വികസനത്തിന് ഒരു കോടി രൂപ മാറ്റി വച്ചു. മോര്‍ച്ചറി സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന് 15 ലക്ഷവും ജില്ലാ ആശുപത്രിയുടെ പാലിയേറ്റിവ് കെയറിന് അഞ്ചു ലക്ഷവും രൂപ നീക്കി വച്ചു. പാരപ്ലീജിയ രോഗികളുടെ പുനരധിവാസത്തിന് 11 ലക്ഷം വകയിരുത്തി. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടിയും മാലിന്യ സംസ്‌കരണ പദ്ധതിക്ക് 1.25 കോടിയും വിദ്യാഭ്യാസ മേഖലയ്ക്ക് 2.25 കോടിയും വകയിരുത്തി. പെണ്‍കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് 15 ലക്ഷം രൂപ ചെലവഴിക്കും. വിദ്യാലയങ്ങളില്‍ ഋത്വിക എന്ന പേരില്‍ ഗേള്‍സ് ഫ്രണ്ട്‌ലി സോണുകള്‍ ആരംഭിക്കും. ജീവിത ശൈലീരോഗങ്ങള്‍ ചികിത്സിക്കുന്നതിനും ബോധവത്കരണത്തിനും 12 ലക്ഷം രൂപയും നീന്തല്‍ പരിശീലനത്തിന് 25 ലക്ഷം രൂപയും വകയിരുത്തി. പകല്‍വീട് പദ്ധതിക്ക് ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ അനിത ഷാജി, ഉഷ വിജയന്‍, ജോസ് പുത്തന്‍കാല, സുധാകുര്യന്‍, അംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യു, എന്‍.ജെ. പ്രസാദ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കെ.എ. അപ്പച്ചന്‍, ബിജു തോമസ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ബജറ്റില്‍ മാത്രം, നടപ്പാക്കുന്നില്ലെന്ന്് ആക്ഷേപം കോട്ടയം: ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ബജറ്റില്‍ മാത്രമാണെന്നും ഇവ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം. ഇന്നലെ ബജറ്റ് അവതരണ വേളയിലാണ് പ്രതിപക്ഷ നേതാവായ ബിജു തോമസ് ഈ ആക്ഷേപം ഉന്നയിച്ചത്. ബജറ്റില്‍ തുക വക കൊള്ളിക്കുമെങ്കിലും പദ്ധതി നടത്തിപ്പില്‍ കാണാനില്ല. നെല്‍കൃഷിക്കാരുടെ ജില്ലയായ കോട്ടയത്ത് കഴിഞ്ഞ ബജറ്റില്‍ 75 ലക്ഷം രൂപ നെല്‍കൃഷിക്ക് മാറ്റിവച്ചെങ്കിലും പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഇത് കാണാനില്ലാതായി. ഇത്തവണത്തെ ബജറ്റിലും നെല്‍കൃഷിക്കായി വകകൊള്ളിച്ച തുക അപര്യാപ്തമാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമായി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന ഹരിവരാസനം പദ്ധതിയും നടപ്പായില്ലെന്നും മീനച്ചിലാര്‍ ശുദ്ധീകരണ പദ്ധതി വിഭാവനം ചെയ്ത തരത്തിലുള്ള ശുചീകരണം നടന്നില്ലെന്നും പ്രതിപക്ഷാംഗം ചൂണ്ടിക്കാട്ടി. ജില്ലയിലെ എസ്‌സി വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ പുതിയ ബജറ്റിലും ഇല്ലെന്നും പിഡബ്ല്യൂഡി റോഡുകളില്‍ ജില്ലാ പഞ്ചായത്ത് എങ്ങിനെ ബസ് വേ നിര്‍മ്മിക്കുമെന്ന സംശയവും അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. നെല്‍കര്‍ഷകര്‍ക്ക് ഇപ്പോള്‍ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അംഗങ്ങളെ അറിയിച്ചു. ഹരിവരാസനം പദ്ധതിക്ക് മൂന്നുസെന്റു സ്ഥലം സൗജന്യമായി ലഭിക്കുന്ന ഇടത്തു നടപ്പാക്കുമെന്നും രാമപുരത്ത് സ്ഥലം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടി ഉടനാരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ ഏറെയുള്ള ജില്ലയില്‍ ഇവര്‍ക്കായി ഒരു പദ്ധതിയും ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റബ്ബര്‍, നെല്‍ കര്‍ഷകരെ അപേക്ഷിച്ച് താരതമ്യേന ജില്ലയില്‍ കുറവായ കരിമ്പു കൃഷിക്ക് 75ലക്ഷം രൂപ വകയിരുത്തിയതും വിമര്‍ശന വിധേയമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.