കോഴിക്കോട്: ~നവരസം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സമകാലിക സംഗീതത്തിന്റെയും പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എ.ഡി. നീലകണ്ഠന്റെ സ്മരണക്കായുള്ള സമകാലിക സംഗീതത്തിന്റെ റിസര്‍ച്ച് സ്കോളര്‍ പുരസ്കാരത്തിന് ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ പിഎച്ച്ഡി ചെയ്യുന്ന മീരാ സുബ്രഹ്മണ്യനെ തെരഞ്ഞെടുത്തു.
സുബ്രഹ്മണ്യ ഭാരതിയെക്കുറിച്ചുള്ള എംഫില്‍ ഗവേഷണപ്രബന്ധമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. 7501 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
വികാസ് മാധവന്റെ സ്മരണക്കായുള്ള സംഗീത വികാസ് പുരസ്കാരം പണ്ഡിറ്റ് സുധീര്‍ മൈംകറിനാണ്.
ഏസ്തെറ്റിക്സ് ഓഫ് തബല എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 15001 രൂപയും ഫ്രാന്‍സിസ് കോടങ്കണ്ടത്ത് തയ്യാറാക്കിയ ചിത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
വെണ്മണി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും സ്മരണക്കായി ഏര്‍പ്പെടുത്തിയ നവരസം വെണ്മണി കഥകളി പുരസ്കാരങ്ങള്‍ക്ക് കലാമണ്ഡലം മനോജും തൃപ്പുണിത്തുറ വനിതാ കഥകളി സംഘത്തിലെ പാര്‍വ്വതി യു മേനോനും തെരഞ്ഞെടുക്കപ്പെട്ടു. 5001 രൂപയാണ് പുരസ്കാര തുക.
നവരസം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 27, 28, 29 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങുകളില്‍ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റി പി.കെ. കൃഷ്ണനുണ്ണിരാജ, ഡോ. സുധ കൃഷ്ണനുണ്ണി, എ.പി. നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: