കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 26 ശതമാനം ഓഹരി പങ്കാളിത്തം പരിഗണിക്കാമെന്ന് കേന്ദ്രം

Wednesday 18 March 2015 9:33 pm IST

ന്യൂദല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 26 ശതമാനം ഓഹരി പങ്കാളിത്തം നല്‍കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കേന്ദ്രവ്യോമയാന മന്ത്രി  അശോക് ഗജപതി രാജുവുമായി സംസ്ഥാന തുറമുഖ-എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 160 കോടി രൂപയുടെ സഹായം ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ 26ശതമാനം നല്‍കുന്നത് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് 10 ശതമാനം മാത്രമേ ഓഹരി പങ്കാളിത്തം അനുവദിക്കുവെന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍ 26ശതമാനം ഓഹരിപങ്കാളിത്തത്തോട് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മയുമായും മന്ത്രി കെ.ബാബു  കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്തെ  രാജീവ് ഗാന്ധി  സിവില്‍ ഏവിയേഷന്‍ അക്കാദമിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്  കേന്ദ്രമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി  ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍  കേന്ദ്ര വ്യോമയാന സെക്രട്ടറിയെ കേന്ദ്രമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആറ് മാസം വിമാനത്താവളം ഭാഗികമായി അടച്ചിടാനുളള  കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  യോഗം വിളിച്ചു ചേര്‍ക്കും. കേരളത്തിലെ ഓണം, റംസാന്‍ ആഘോഷങ്ങളും ഹജ്ജ് തീര്‍ത്ഥാടന കാലവും കണക്കിലെടുത്ത് വിമാനത്താവളം അടച്ചിടുന്നത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളിലേക്ക് മാറ്റണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കാലയളവ് പുനക്രമീകരിക്കാന്‍  കേന്ദ്ര വ്യോമയാന സെക്രട്ടറിയെ  കേന്ദ്ര മന്ത്രി ചുമതലപ്പെടുത്തിയതായും മന്ത്രി കെ.ബാബു അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രിയുമായുളള ചര്‍ച്ചയില്‍  എം. കെ.രാഘവന്‍ എം.പി, കേന്ദ്ര വ്യോമയാന സെക്രട്ടറി വി.സോമസുന്ദരന്‍, കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറല്‍ എം. സത്യവതി,  ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വി. അപ്പാറാവു, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം  മാനേജിങ് ഡയറക്ടര്‍ ജി.ചന്ദ്രമൗലി, ടെക്‌നിക്കല്‍ അഡൈ്വസര്‍ എന്‍ ഗണേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.