വ്യാജഗാന്ധിയുടെ വരവറിയിക്കാന്‍

Wednesday 18 March 2015 9:54 pm IST

അധികാരധാര്‍ഷ്ട്യത്താല്‍ ജനാധിപത്യരീതികളെ മാനിക്കാതിരിക്കുകയും ജനാധിപത്യ സംവിധാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയെന്നത് നെഹ്‌റു കുടുംബത്തില്‍പ്പെട്ട വ്യാജഗാന്ധിമാരുടെ പതിറ്റാണ്ടുകള്‍ നീളുന്ന പാരമ്പര്യമാണ്. ഇന്ദിരാഗാന്ധി തുടക്കമിട്ട്, രാജീവ് ഗാന്ധിയിലൂടെ വളര്‍ന്ന്, സോണിയയിലൂടെ ജുഗുപ്‌സാവഹമായി മാറുകയും ചെയ്ത ഈ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ അവകാശി രാഹുല്‍ ഗാന്ധിയാണ്. രാഷ്ട്രീയമായ യാതൊരു അര്‍ഹതയോ വ്യക്തിപരമായ യോഗ്യതയോ ഇല്ലാതിരുന്നിട്ടും ഭര്‍ത്താവിന്റെ ദാരുണമരണത്തിന്റെ ചെലവിലും വിധവയുടെ പരിവേഷത്തിലും കോണ്‍ഗ്രസ് പിടിച്ചടക്കുകയും പില്‍ക്കാലത്ത് ഭരണം നിയന്ത്രിക്കുകയും ചെയ്ത അമ്മയുടെ തണലില്‍ എല്ലാം തികഞ്ഞ ഒരു കോമാളിയെപ്പോലെ രാഹുലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുള്ള അസംബന്ധനാടകങ്ങള്‍ നിരവധിയാണ്. ഇനിയും അവസാനിച്ചുവെന്ന് കരുതാനാവാത്ത ഇത്തരം വിക്രിയകളില്‍  ഏറ്റവും ഒടുവിലത്തേതാണ് പാര്‍ലമെന്റിന്റെ നിര്‍ണായകമായ ഒരു സമ്മേളനകാലയളവില്‍ സ്വന്തം പാര്‍ട്ടി നേതാക്കളെപ്പോലും അറിയിക്കാതെയുള്ള രാഹുല്‍ഗാന്ധിയുടെ തിരോധാനം. 'ആത്മപരിശോധന'യ്ക്കായുള്ള രാഹുലിന്റെ ആസൂത്രിതമായ തിരോധാനം 'മഹത്തായ തിരിച്ചുവരവിന്' കളമൊരുക്കാനുള്ള തരംതാണ അടവ് മാത്രമാണെന്ന് തെളിയിക്കുന്നതാണ് ദല്‍ഹി പോലീസിലെ രണ്ട് പേര്‍ രാഹുലിന്റെ വസതിയിലെത്തി വ്യക്തിപരമായ വിവരങ്ങള്‍ തേടിയത് നരേന്ദ്രമോദി സര്‍ക്കാരിന്റെ 'രാഷ്ട്രീയ ചാരപ്രവര്‍ത്തന'മായി ചിത്രീകരിച്ച കോണ്‍ഗ്രസിന്റെ നടപടി. എസ്പിജി സംരക്ഷണമുള്ള രാഹുലിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ദല്‍ഹി പോലീസ് വ്യക്തിപരമായ വിവരങ്ങള്‍ തേടിയത്. എസ്പിജി സുരക്ഷയുള്ള എല്‍.കെ.അദ്വാനി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരുടെ കാര്യത്തിലുണ്ടായതുപോലുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ് ഇതെന്നിരിക്കെ രാഹുലിന് മാത്രം വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ പ്രത്യേക പരിരക്ഷയുണ്ടെന്ന ധാര്‍ഷ്ട്യമാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. വ്യക്തിപരമായതും സ്വകാര്യതയും രണ്ടും രണ്ടാണ്. വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് ഒരുതരത്തിലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനാവില്ല. എന്നാല്‍ രാഹുലിന്റെയും സോണിയയുടെയും കാര്യത്തില്‍ സംഭവിക്കുന്നത് നേരെമറിച്ചാണ്.സ്വകാര്യതയുടെ പേരുപറഞ്ഞ് തങ്ങളെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ പുറംലോകമറിയാതെ സൂക്ഷിക്കുകയാണ് ഇരുവരും ചെയ്യുന്നത്. എസ്പിജി സുരക്ഷയുള്ള നേതാക്കളുടെ ഓരോ നീക്കങ്ങളുടേയും വിശദാംശങ്ങള്‍ ദിവസംതോറും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. മറ്റ് വിവിഐപികള്‍ ഇതിനോട് പൂര്‍ണമായി സഹകരിക്കാറുണ്ട്. എന്നാല്‍ രാഹുലിനെ സംബന്ധിക്കുന്ന ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കാറില്ല. സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട എസ്പിജി ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വിധേയത്വം പുലര്‍ത്തി രാഹുലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന രീതി യുപിഎ ഭരണകാലത്ത് ഉണ്ടായിരുന്നു. രാജ്യത്തും വിദേശങ്ങളിലുമുള്ള രാഹുലിന്റെ യാത്രകളെക്കുറിച്ചും ആരൊക്കെയായാണ് കൂടിക്കാഴ്ച നടത്തുന്നത്, ആര്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നതിനെക്കുറിച്ചും പലപ്പോഴും യാതൊരു വിവരങ്ങളും എസ്പിജി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നില്ല. സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായിരുന്നിട്ടും തന്നെ സന്ദര്‍ശിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ രാഹുല്‍ അനുവദിച്ചിരുന്നില്ല. ഇക്കാരണത്താല്‍ തുഗ്ലക് ലെയിനിലുള്ള രാഹുലിന്റെ വസതി ദല്‍ഹി പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും ഒരു തലവേദനയായിരുന്നു. ഇവിടെയെത്തുകയും തങ്ങുകയും ചെയ്തുപോന്ന വിദേശികളുടെപോലും ശരിയായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇവര്‍ കുടുംബ സുഹൃത്തുക്കളാവാമെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നു. 2004 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ നെഹ്‌റു കുടുംബത്തിന്റെ വിധേയനായി അറിയപ്പെടുന്ന ഭരത് വാഞ്ചുവിനാണ് പല മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മറികടന്ന് എസ്പിജിയുടെ ചുമതല നല്‍കിയത്.എസ്പിജിയുടെ ചുമതല നോക്കുന്നതിനുപകരം സോണിയാ കുടുംബത്തെ സേവിച്ച വാഞ്ചു നടപടിക്രമങ്ങള്‍ മറികടന്നുപോലും അഭിനവഗാന്ധിമാരുടെ രഹസ്യങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ സൂക്ഷിക്കുകയായിരുന്നുവെന്ന് എസ്പിജിയില്‍നിന്നുതന്നെ ആക്ഷേപമുയരുകയുണ്ടായി. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വാഞ്ചു അനുവദിച്ചിരുന്നില്ല. സോണിയ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള സ്ലോവന്‍-കെറ്ററിംഗ് കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയപ്പോള്‍ എസ്പിജി ഉദ്യോഗസ്ഥര്‍ ആ നഗരത്തില്‍ തന്നെ ഉണ്ടായിരുന്നുവെങ്കിലും സോണിയയെയോ, ചികിത്സിക്കുന്ന ഡോക്ടര്‍മാരെയോ ബന്ധപ്പെടാന്‍ അവരെ അനുവദിച്ചിരുന്നില്ല. വാഞ്ചുവിന് എല്ലാവിവരങ്ങളും അറിയാമായിരുന്നെങ്കിലും എസ്പിജിയുമായോ രഹസ്യാന്വേഷണ ഏജന്‍സികളുമായോ അത് പങ്കുവയ്ക്കാന്‍ തയ്യാറായില്ല.കേന്ദ്രത്തില്‍ അധികാരമൊഴിയുന്നതിനുമുമ്പ് പ്രത്യുപകാരമായി വാഞ്ചുവിനെ ഗോവ ഗവര്‍ണറായി പ്രതിഷ്ഠിക്കാനും കോണ്‍ഗ്രസ് മറന്നില്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എസ്പിജി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മുങ്ങുന്ന ഒരു രീതി രാഹുലിനുണ്ടായിരുന്നു. ഒരിക്കല്‍ ദുബായ് സന്ദര്‍ശിക്കെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു കുറിപ്പ് നല്‍കി കാത്തുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ച രാഹുല്‍, ആരുമറിയാതെ അജ്ഞാതമായ മറ്റൊരുസ്ഥലത്തേക്ക് പോവുകയുണ്ടായി. യുപിഎ ഭരണകാലത്ത് രാഹുല്‍ വിദേശസന്ദര്‍ശനം നടത്തുമ്പോള്‍ ആതിഥേയ രാജ്യമാണ് സുരക്ഷ ഒരുക്കിയിരുന്നത്. ഇതുമൂലം രാഹുല്‍ എവിടെയൊക്കെ പോവുന്നു, ആരെയൊക്കെ കാണുന്നു, എന്തൊക്കെ ചെയ്യുന്നു എന്നൊക്കെയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ലഭിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ശ്രീവാസ്തവ എസ്പിജിയുടെ ചുമതലയേറ്റതോടെ രാഹുലിന്റെ ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികള്‍ നടക്കാതായി. എസ്പിജിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയ ശ്രീവാസ്തവ രാഹുലിന്റെ സുരക്ഷാകാര്യത്തില്‍ ഔദ്യോഗികമല്ലാത്ത യാതൊന്നും ചെയ്തുപോകരുതെന്ന നിര്‍ദ്ദേശവും നല്‍കി. എസ്പിജി സംരക്ഷണം നല്‍കുന്ന വിവിഐപികളുടെ നീക്കങ്ങളെ സംബന്ധിച്ച് എല്ലാവിവരവും ഏത് സമയത്തും തനിക്ക് ലഭ്യമായിരിക്കണമെന്ന നിബന്ധനയും ശ്രീവാസ്തവ വച്ചു. യുപിഎ ഭരണകാലത്ത് അനുഭവിച്ചിരുന്ന ദുഃസ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ അമര്‍ഷം സോണിയയ്ക്കും രാഹുലിനുമുണ്ട്. രാഹുല്‍ ഗാന്ധി 'ആത്മപരിശോധന' നടത്താന്‍ പോയിരിക്കുന്ന സ്ഥലം ഏതെന്ന് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ലെങ്കിലും കേന്ദ്രസര്‍ക്കാരിന് അത് എവിടെയെന്ന് നന്നായറിയാം. കേന്ദ്രസര്‍ക്കാരിനോ ബിജെപിക്കോ രാഹുലിന്റെ തിരോധാനത്തില്‍ യാതൊരു വേവലാതിയുമില്ല. എന്നാല്‍ തങ്ങളുടെ നേതാവ് ഒരു മഹാസംഭവമാണെന്നു വരുത്താന്‍ സോണിയാ ഭക്തര്‍ അനാവശ്യമായ വിവാദം സൃഷ്ടിക്കുകയാണ്. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കളുമായി രാഹുലിന് അഭിപ്രായവ്യത്യാസമുണ്ട്. താന്‍ പറയുന്നതു പാര്‍ട്ടിയില്‍ നടക്കാത്തതിലുള്ള പ്രതിഷേധമാണ് അജ്ഞാതവാസത്തിലൂടെ രാഹുല്‍ പ്രകടിപ്പിക്കുന്നതെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിനു കാരണം രാഹുലിന്റെ കഴിവുകേടല്ലെന്നും അദ്ദേഹം ആഗ്രഹിച്ചതുപോലെ പാര്‍ട്ടിയെ നയിക്കാന്‍ അനുവദിക്കാത്തതാണ് പ്രശ്‌നമെന്നും വരുത്തിത്തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ശുദ്ധ അസംബന്ധം എന്നല്ലാതെ എന്താണ് ഇതിനെ പറയുക? അമ്മ സോണിയ പ്രസിഡന്റായിരിക്കുന്ന പാര്‍ട്ടിയില്‍ രാഹുലിന് എന്തുചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. 2004 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ട കാലംമുതല്‍ ഒരര്‍ത്ഥത്തില്‍ രാഹുലിന്റെ തോന്ന്യാസങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നിരുന്നത്. അഭിപ്രായവ്യത്യസങ്ങള്‍ പ്രകടിപ്പിക്കാന്‍ പാര്‍ട്ടിവേദികളിലും പാര്‍ലമെന്റിലും അവസരവും അവകാശവുമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ കീറിയെറിഞ്ഞുകളയേണ്ടതാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക, സര്‍ക്കാര്‍ നയം വിശദീകരിക്കുന്നതിനായി പാര്‍ട്ടി വക്താവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിക്രമിച്ചുകടന്ന് മൈക്ക് തട്ടിപ്പറിച്ച് വിവരക്കേടുകള്‍ വിളിച്ചുകൂവുക എന്നതൊക്കെ രാഹുലിന്റെ ശീലങ്ങളായിരുന്നു. ഇത്തരം കോമാളിത്തങ്ങളൊക്കെ ക്ഷോഭിക്കുന്ന യുവാവിന്റെ ധീരകൃത്യങ്ങളായി വാഴ്ത്തപ്പെട്ടു. സോണിയയോട് വിധേയത്വം പുലര്‍ത്തുന്ന മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ നേതൃഘടനയില്‍ രാഹുല്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് തടസ്സംനില്‍ക്കുകയായിരുന്നുവെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ അജ്ഞാതവാസത്തിന് പോയതെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കഥ. ഇതും ഒരു കള്ളക്കഥയാണ്. പാര്‍ട്ടിയില്‍ എന്ത് പരീക്ഷണം എപ്പോള്‍ വേണമെങ്കിലും നടത്താനുള്ള സ്വാതന്ത്ര്യം രാഹുലിനുണ്ടായിരുന്നു. അതിനുള്ള അധികാരവും അമ്മ മകന് നല്‍കുകയുണ്ടായി. അമ്മയെപ്പേടിച്ച് മകന്റെ 'ഗ്ലാസ്‌നോസ്റ്റി'നും 'പെരിസ്‌ട്രോയിക്ക'ക്കും കോണ്‍ഗ്രസിലെ ഒരുനേതാവുപോലും എതിരുനിന്നിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സംഘടനാ തെരഞ്ഞെടുപ്പായാലും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമായാലും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും തീരുമാനിക്കുന്നതിലായാലും രാഹുലിന്റെ തീരുമാനങ്ങള്‍ അന്തിമമായിരുന്നു. പഞ്ചാബ്, കേരളം, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രസിഡന്റുമാരെ രാഹുല്‍ സ്വന്തം നിലയ്ക്കാണ് പ്രതിഷ്ഠിച്ചത്. കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പൃഥ്വിരാജ് ചവാനെയും രാഹുലാണ് തന്നിഷ്ടപ്രകാരം തീരുമാനിച്ചത്. ഇതൊക്കെ തിരിച്ചടിയായി മാറി എന്നത് മറ്റൊരു കാര്യം. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതൃസ്ഥാനം പോലും ലഭിക്കാത്ത പരാജയം സംഭവിച്ചതിനുശേഷമാണ് പാര്‍ട്ടിയിലെ ചില നേതാക്കളെങ്കിലും പറയുന്നത് കേള്‍ക്കാന്‍ രാഹുല്‍ തയ്യാറായത്. പരാജയത്തിന്റെ ഉത്തരവാദി രാഹുലാണെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പരസ്യമായി പറയാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു നാട്യത്തിനെങ്കിലും രാഹുല്‍ മുതിര്‍ന്നത്. രാഹുല്‍ എവിടെ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മകന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആവുമ്പോള്‍ അറിയിക്കാം എന്ന മറുപടിയാണ് സോണിയ നല്‍കിയത്. ഇതില്‍നിന്നുതന്നെ മകനെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമാണ് ആസൂത്രിത തിരോധാനത്തിലൂടെ സോണിയ നടത്തുന്നതെന്ന് വ്യക്തം. ഉപഭോക്താക്കള്‍ക്ക് വേണ്ടാത്ത ഒരു ഉല്‍പ്പന്നം കുറെക്കാലത്തേക്ക് വിപണിയില്‍നിന്ന് പിന്‍വലിക്കുന്ന അതിന്റെ പ്രായോജകര്‍ കൂടുതല്‍ ആകര്‍ഷകമായി അത് റീലോഞ്ചു ചെയ്യുന്ന രീതിയുണ്ട്. 2004 ലായിരുന്നു രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം. ഇത് ഒരു വ്യാജഉല്‍പ്പന്നമാണെന്ന് തിരിച്ചറിയാന്‍ 20 വര്‍ഷത്തിനിടെ ജനങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍നിന്ന് ജയിച്ചുകയറുന്നതൊഴികെ സ്വന്തംനിലയ്ക്ക് ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ രാഹുലിനായിട്ടില്ല. ഓരോ തെരഞ്ഞെടുപ്പിലും രാഹുലിന്റെ നേതൃത്വത്തെ ജനങ്ങള്‍ നിരാകരിക്കുമ്പോഴും പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് അമ്മ സോണിയ മകനെ പാര്‍ട്ടിക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ മോഹമാണ് പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്നേക്കുമായി പൊലിഞ്ഞുപോയത്. മകന്‍ 'ദേവഭൂമി'യില്‍ 'ആത്മപരിശോധന'യ്ക്ക് പോയിരിക്കുകയാണെന്നും അതല്ല, അമ്മയോട് പിണങ്ങി വിദേശപര്യടനത്തിലാണെന്നും കഥകള്‍ മെനഞ്ഞ് പ്രചരിപ്പിച്ചിട്ടും കാറ്റുപിടിക്കുന്നില്ല. മകന്റെ 'മഹത്തായ തിരിച്ചുവരവ്' ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് മോദി സര്‍ക്കാര്‍ 'രാഷ്ട്രീയ ചാരപ്രവര്‍ത്തനം' നടത്തുന്നുവെന്ന് കോണ്‍ഗ്രസ് മുറവിളി കൂട്ടിയത്. 1991 ല്‍ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ജന്‍പഥില്‍ രണ്ട് ഹരിയാന പോലീസുകാര്‍ ചാരപ്രവര്‍ത്തനം നടത്താനെത്തിയെന്ന് ആരോപിച്ച് ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് രാജീവ് ഗാന്ധിയുടെ പതനം ആരംഭിച്ചത്. മകന്റെ കാര്യത്തില്‍ പതനം സംഭവിച്ചതിനുശേഷമാണ് ഇത്തരമൊരു ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുന്നത് എന്നുമാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.