പിള്ളപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍

Wednesday 18 March 2015 9:59 pm IST

കൊട്ടാരക്കര: പിള്ളപ്രശ്‌നത്തില്‍ അനുനയവും പ്രതിഷേധവുമായി കൊട്ടാരക്കരയില്‍ എ, ഐ ഗ്രൂപ്പുകള്‍. പിള്ളയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഭയന്ന് കോണ്‍ഗ്രസ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് മുന്നണിവിട്ട ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരായി ഒരക്ഷരം പോലുമുരിയാടരുതെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കൊടിക്കുന്നില്‍ സുരേഷിന്റെ കര്‍ശന നിര്‍ദേശം.അതേസമയം കൊടിക്കുന്നിലിന്റേത് പാര്‍ട്ടി നിലപാടിനെതിരായ നയമാണെന്ന് ഐ ഗ്രൂപ്പുകാര്‍ വാദിക്കുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ബ്ലോക്ക് കമ്മറ്റി യോഗത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് പിള്ളയെ പ്രകോപിപ്പിക്കരുതെന്ന് അണികള്‍ക്ക് നിര്‍ദേദേശം നല്‍കിയത്. യുഡിഎഫ് സംസ്ഥാന നേതാക്കള്‍ എന്തുപറഞ്ഞാലും കൊട്ടാരക്കരയില്‍ പ്രതികരിക്കാന്‍ പാടില്ല. പിള്ള യുഡിഎഫ് വിട്ടതിനെതുടര്‍ന്ന് ഐ ഗ്രൂപ്പുകാര്‍ പിള്ളയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെയും യോഗം കുറ്റപെടുത്തി. പിള്ള എല്‍ഡിഎഫിനൊപ്പം പോയാല്‍ അണികളെ  കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയണം. വാര്‍ഡ് അടിസ്ഥാനത്തില്‍ പിള്ള വിഭാഗം നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കാനും കൊടിക്കുന്നില്‍ അണികളെ ഉപദേശിക്കുന്നു. യുഡിഎഫ് വിട്ട പിള്ളയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി പത്തനാപുരത്തും കൊട്ടാരക്കരയിലും ഐ വിഭാഗം പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ പിള്ളപക്ഷവും പരസ്യമായി രംഗത്ത് എത്തിയിരുന്നു. അതേസമയം മൗനം പാലിച്ച് പിള്ളയുടെ കോപത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കൊടിക്കുന്നില്‍ ശ്രമിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് പിണങ്ങി നിന്ന പിള്ളയെ അനുനയിപ്പിക്കാന്‍ കൊടിക്കുന്നില്‍ ഉമ്മന്‍ ചാണ്ടിയെ വരെ രംഗത്തിറക്കിയിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തത് പിള്ളയെ പ്രകോപിതനാക്കിയിട്ടുണ്ട്. പിള്ളയ്‌ക്കെതിരെ പ്രതികരിച്ചാല്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ വെളിപ്പെടുത്തുമോ എന്ന ആശങ്കയും കൊടിക്കുന്നിലിന് ഉണ്ട്.  ഇതാണ് ഇവരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ യോഗത്തില്‍ സംബന്ധിച്ച ഐ ഗ്രൂപ്പ് നേതാക്കള്‍ വിയോജിപ്പ് രേഖപെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും സമ്മര്‍ദ്ദത്തിലാക്കുന്ന പിള്ളയ്‌ക്കെതിരെ ശക്തമായ നിലപാട് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരെ തീരുമാനം കൈക്കൊള്ളുന്നത് ശരിയല്ലെന്ന് നേതാക്കള്‍ വാദിച്ചെങ്കിലും ഇവിടെ തന്റെ നിലപാടാണ് അവസാനത്തേത് എന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.