പൂര്‍ണ്ണത്രയീശ ക്ഷേത്രം : ദേവസ്വം ബോര്‍ഡ് നിലപാടില്‍ വ്യാപക പ്രതിഷേധം

Friday 20 March 2015 12:39 am IST

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ നിധിശേഖരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നും ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാത്തവ ദേവസ്വം ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം. ഹൈക്കോടതിയില്‍ ദേവസ്വം അഭിഭാഷകര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ക്ഷേത്രത്തില്‍ അവശേഷിക്കുന്ന നിധിശേഖരം തൃശ്ശൂരിലെ ദേവസ്വം ആസ്ഥാനത്തേക്ക് മാറ്റാനും ദേവസ്വം ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനുമാണ് ബോര്‍ഡ് തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. നിധിശേഖരം തൃശ്ശൂരിലേക്ക് മാറ്റുന്നതോടെ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ബോര്‍ഡിന്റെ ഭരണം കൈയാളിയിരുന്നവരുടെ അഴിമതിയും അനാസ്ഥയുമാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത്. ഇതുമറികടക്കാന്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ സമ്പത്ത് ഉപയോഗിക്കാനാണ് നീക്കം നടത്തുന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നാണ് പൊതുവേ നിലപാട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തണമെന്നും തിരുവാഭരണങ്ങളും രത്‌നങ്ങളും ക്ഷേത്രത്തിലെ കല്ലറയില്‍ത്തന്നെ അതീവ സുരക്ഷയോടെ സൂക്ഷിക്കണമെന്നും ഹിന്ദു ഐക്യവേദി കണയന്നൂര്‍ താലൂക്ക് സമിതി ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ നീക്കത്തിനെതിരെ ഹൈക്കോതിയെ സമീപിക്കുമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ വ്യക്തമാക്കി. പൂര്‍ണ്ണത്രയീശന്റെ തിരവാഭരണങ്ങളുള്‍പ്പെടയുള്ളവ ഉരുക്കി സ്വര്‍ണ്ണനാണയങ്ങളാക്കി മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള നീക്കം ഭക്തസമൂഹത്തിന്റെ മനസ്സിനെ മുറിപ്പെടുത്തുന്നതാണ്. ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കെ.കെ. നവീന്‍ പറഞ്ഞു. ബോര്‍ഡ് ഭരണ സമിതിയും ഉദ്യോഗസ്ഥരും മാറി വരുന്നതോടെ മുന്‍പ് നടന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന മറുപടിയാണ് ഭക്തര്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടികള്‍ വിലമതിക്കുന്ന അമൂല്യ നിധി ശേഖരം കടത്തിക്കൊണ്ടുപോകാനുളഌനീക്കം അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് ഭക്തര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.