യുപിയില്‍ ട്രെയിന്‍ പാളംതെറ്റി 34 മരണം

Friday 20 March 2015 10:23 pm IST

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ റായ്ബറേലിക്കു സമീപം ബച്‌റാവന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളംതെറ്റി 34 പേര്‍ മരിച്ചു. നൂറ്റമ്പതിലേറെപേര്‍ക്ക് പരിക്കേറ്റു. പലരുേടയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. എന്‍ജിന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു പ്രാഥമിക നിഗമനം. ബ്രേക്ക് തകരാവാം അപകടത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. ഇന്നലെ രാവിലെ 9.30ഓടെ ഡെറാഡൂണ്‍- വാരാണസി ജനതാ എക്‌സ്പ്രസിന്റെ ഒരു ജനറല്‍ കോച്ചും ഗാര്‍ഡിന്റെ കോച്ചും എന്‍ജിനുമാണ് പാളംതെറ്റിയത്. ഒരെണ്ണം ഗാര്‍ഡ് കോച്ചായിരുന്നതിനാല്‍ ദുരന്തത്തിനിരയായവരുടെ എണ്ണം കുറഞ്ഞു. റായ്ബറേലിയില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയുള്ള ബച്‌റാവന്‍ സ്‌റ്റേഷനില്‍ നിര്‍ത്തേണ്ടതായിരുന്നു ട്രെയിന്‍. എന്നാല്‍ സിഗ്‌നലും കഴിഞ്ഞ് മുന്നോട്ടു കുതിച്ച ട്രെയിന്‍ നിര്‍ത്താന്‍ എന്‍ജിന്‍ ഡ്രൈവര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എന്‍ജിനും  കോച്ചുകളും പാളംതെറ്റുകയായിരുന്നു. ജനറല്‍ കോച്ച് ഞെരിഞ്ഞമര്‍ന്ന് തകര്‍ന്നു. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതിലെ യാത്രികരാണ്. ബോഗികള്‍ ഗ്യാസ് കട്ടറുകള്‍കൊണ്ട് മുറിച്ചുമാറ്റിയാണ് ഉള്ളില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. ഡ്രൈവറും അസി.ഡ്രൈവറും ഗാര്‍ഡും പരിക്കേറ്റവരില്‍പ്പെടുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണറോട് മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതവും നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. അപകടത്തെത്തുടര്‍ന്ന് ദല്‍ഹി- ലക്‌നൗ- വാരാണസി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. കഴിഞ്ഞമാസമാണ് ബംഗളൂരു- കൊച്ചി ഇന്റര്‍സിറ്റി എക്‌സ്പ്രസ് മറിഞ്ഞ് ആറു മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍  നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അടുത്ത ദുരന്തമെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.