നെല്ല് സംഭരിക്കാതെ കര്‍ഷകരെ അധികൃതര്‍ ദ്രോഹിക്കുന്നു

Friday 20 March 2015 6:32 pm IST

തകഴി: തകഴി കല്ലേപ്പുറം പാടത്ത് എട്ട് ടണ്ണിലേറെ നെല്ല് കെട്ടിക്കിടക്കുന്നു. നെല്ല് എടുക്കാന്‍ ഉടന്‍ എത്തുമെന്ന ഉറപ്പും നെല്ല് നിറയ്ക്കാന്‍ ചാക്കും നല്‍കിയാണ് അധികൃതര്‍ കര്‍ഷകരെ കബളിപ്പിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തരിശുകിടന്ന നിലത്ത് കഴിഞ്ഞ വര്‍ഷം മുതലാണ് പ്രദേശത്തെ യുവാക്കള്‍ കൃഷി ആരംഭിച്ചത്. 83 ഏക്കറോളം വിസ്തൃതിയുള്ള പാടത്ത് അമ്പതോളം യുവാക്കള്‍ പാട്ടത്തിനെടുത്തും അല്ലാതെയുമാണ് കടം വാങ്ങി കൃഷിയിറക്കിയത്. നൂറുമേനി വിളഞ്ഞ കൃഷിഭൂമിയില്‍ വിവരമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥര്‍ നെല്ല് നിറയ്ക്കാന്‍ ചാക്കും നല്‍കി. എന്നാല്‍ ചാക്കില്‍ നെല്ല് നിറച്ച ശേഷം വിവരം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കല്ലേപ്പുറം പാടം കരിനിലമാണെന്നും ഇവിടുത്തെ നെല്ലെടുക്കാന്‍ സാധിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പ്രതിഷേധമുയര്‍ന്നപ്പോള്‍ പാടത്ത് ചാക്കുകളില്‍ നിറച്ചിരിക്കുന്ന നെല്ല് സ്വന്തം ചെലവില്‍ തകഴി-തിരുവല്ല റോഡില്‍ എത്തിക്കണമെന്നും ഒരു ക്വിന്റല്‍ നെല്ലിന് ആറു കിലോ കുറയ്ക്കുമെന്നുമായിരുന്നു അധികൃതരുടെ നിലപാട്. മില്ലുകാരുടെ വാഹനങ്ങള്‍ കയറി വരുവാന്‍ സാധിക്കുന്ന പാടത്തെ നെല്ലെടുക്കാന്‍ കര്‍ഷകര്‍ക്ക് ഇരട്ടി ചെലവ് വരുത്തി കൃഷിയിറക്കല്‍ തന്നെ ഇല്ലാതാക്കുവാനുള്ള ശ്രമമാണ് മങ്കൊമ്പിലെ പാഡി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയത്. ഇതിനെതിരെ കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ തയാറായിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.