ഇന്റര്‍, എവര്‍ട്ടണ്‍ പുറത്ത്

Saturday 8 April 2017 9:06 pm IST

മിലാന്‍: യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാതെ കരുത്തരായ ഇന്റര്‍മിലാന്‍, എ എവര്‍ട്ടണ്‍, റോമ തുടങ്ങിയവര്‍ പുറത്തായപ്പോള്‍ സെവിയ, നപ്പോളി തുടങ്ങിയ കരുത്തര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യപാദത്തില്‍ ഡൈനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടണ്‍ രണ്ടാം പാദത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഇതോടെ ഇരുപാദങ്ങളിലുമായി  6-4ന്റെ വിജയത്തോടെ ഡൈനാമോ കീവ് ക്വാര്‍ട്ടില്‍ ഇടംപിടിച്ചു. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാന്‍ ഇരുപാദങ്ങളിലുമായി ജര്‍മ്മന്‍ ടീം വോള്‍വ്‌സ്ബര്‍ഗിനോട് 5-2ന്റെ കനത്ത തോല്‍വി വഴങ്ങിയാണ് പുറത്തായത്. ആദ്യ പാദത്തില്‍ 3-1ന് വിജയിച്ച വോള്‍വ്‌സ്ബര്‍ഗ് ഇന്നലെ ഇന്റര്‍മിലാന്റെ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ 2-1ന്റെ വിജയം സ്വന്തമാക്കി. ഡൈനാമോ മോസ്‌കോയെ ഇരുപാദങ്ങളിലുമായി 3-1ന് പരാജയപ്പെടുത്തി മറ്റൊരു സീരി എ ടീം നപ്പോളി അവസാന എട്ടില്‍ ഇടംപിടിച്ചു. ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ വിജയം നേടിയ നപ്പോളി രണ്ടാം പാദത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനില പാലിച്ചു. ഇറ്റാലിയന്‍ ക്ലബുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റോമയെ തകര്‍ത്ത് ഫിയോറന്റീന ക്വാര്‍ട്ടറിലെത്തി. ഇന്നലെ നടന്ന എവേ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫിയോറന്റീന റോമയെ തകര്‍ത്തുവിട്ടത്. ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചു. ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയമാണ് ഫിയോറന്റീന സ്വന്തമാക്കിയത്. അതേസമയം മറ്റൊരു സീരി എ ടീമായ ടോറിനോയും പുറത്തായി. സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനോട് ഇരുപാദങ്ങളിലുമായി 2-1ന് പരാജയപ്പെട്ടതാണ് ടോറിനോക്ക് തിരിച്ചടിയായത്. രണ്ടാം പാദത്തില്‍ ടോറിനോ 1-0ന്റെ വിജയം സ്വന്തമാക്കി. എന്നാല്‍ ആദ്യപാദത്തിലേറ്റ 2-0ന്റെ തോല്‍വിയാണ് അവര്‍ക്ക് തിരിച്ചടിയായത്. സ്പാനിഷ് ക്ലബുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ വിയ്യാറയലിനെ ഇരുപാദങ്ങളിലുമായി 5-2ന് കീഴടക്കിയാണ് സെവിയ അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ 3-1ന് വിജയിച്ച സെവിയ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 2-1ന്റെ വിജയവും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.