പയ്യോളി മനോജ്‌വധം: സിപിഎംനേതാക്കളെ ഒഴിവാക്കാന്‍ ഗൂഢാലോചന

Friday 20 March 2015 9:29 pm IST

കോഴിക്കോട്: പയ്യോളിയിലെ ബിഎംഎസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളെ ഒഴിവാക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മനോജ് വധക്കേസിലെ പ്രതികള്‍. ഒന്നാം പ്രതി അജിത്കുമാര്‍ രണ്ടും മൂന്നും പ്രതികളായ ജിതേഷ്, ബിജു, അഞ്ചാം പ്രതി നിസാം, എട്ടാം പ്രതി നിധീഷ്, ഒമ്പതാം പ്രതി പ്രിയേഷ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇത് വെളിപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം എന്‍.സി. മുസ്തഫ കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം പരിഗണിച്ചില്ല.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന നേതാക്കളെയാണ് കേസില്‍നിന്നും ഒഴിവാക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നത്. അക്രമിസംഘം ഉപയോഗിച്ച വാഹനം ഓടിച്ച പഞ്ചായത്തംഗത്തെ അന്വേഷണസംഘം വിളിപ്പിച്ചെങ്കിലും പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി.ഉന്നത നേതൃത്വം ഇടപെട്ടാണ് പലരെയും ഒഴിവാക്കിയത്. ആദ്യം  കേസന്വേഷിച്ച പയ്യോളി സിഐ വിനോദ്കുമാര്‍, സിപിഎം ജില്ലാ കമ്മറ്റിയംഗവും മുന്‍ എംഎല്‍എയുമായ വ്യക്തിയുടെ അടുത്തയാളുമാണ്.തങ്ങള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ പി. വിശ്വന്റെ നിര്‍ദ്ദേശപ്രകാരം പലപ്പോഴായി വിനോദ്കുമാറിനെ ബന്ധപ്പെടാറുണ്ടായിരുന്നു. സിഐയുമായി സിപിഎം നേതാക്കള്‍ ഒത്തുകളിയാണ് നടത്തിയത്. സിപിഎം നേതാവ് പി.വിശ്വന്‍ തുടക്കം മുതലേ  ഇടപെട്ടിരുന്നു. അറസ്റ്റിനുശേഷം 84-ാം ദിവസമാണ് ജാമ്യാപേക്ഷ നല്‍കിയത്. എല്ലാവര്‍ക്കുംവേണ്ടി ഒരു വക്കീലിനെയാണ് നിയോഗിച്ചത്. ഇത്തരം കേസുകളില്‍ സാധാരണ മുന്‍നിര അഭിഭാഷകരെയാണ് പാര്‍ട്ടി നിയോഗിക്കുക. നുണപരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അത് നടക്കില്ലെന്നും ആവശ്യം പിന്‍വലിക്കണമെന്നും സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി ടി. ചന്തു മാസ്റ്റര്‍ ജയിലില്‍വന്ന് നിര്‍ബന്ധിച്ചു. പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടാകില്ലെന്നും കേസ് സ്വന്തമായി നോക്കേണ്ടിവരുമെന്നും ചന്തുമാസ്റ്റര്‍ ഭീഷണിപ്പെടുത്തി. സിപിഎം ഏരിയാ സെക്രട്ടറി ടി.ചന്തു മാസ്റ്ററുടെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായുള്ള ബന്ധം ചോദ്യംചെയ്തതിനാണ് തങ്ങളെ കൊലക്കേസില്‍ പ്രതികളാക്കിയത്. പാര്‍ട്ടി ലിസ്റ്റ് പ്രകാരം കേസെടുക്കുന്ന രീതിയാണ് പോലീസ് കൈക്കൊണ്ടത്. ചന്തുമാസ്റ്ററുടെ നിലപാടുകളെ ചോദ്യംചെയ്തതാണ് തങ്ങളോടു വിരോധമുണ്ടാക്കാന്‍ കാരണം. പയ്യോളി തെക്കിനാംപൊയില്‍ വയല്‍ നികത്തല്‍ തുടങ്ങി പല പ്രശ്‌നങ്ങളിലും ഭൂമാഫിയകള്‍ക്കെതിരായ നിലപാടുകള്‍ എടുത്തത് പാര്‍ട്ടി നേതൃത്വത്തിന് രസിച്ചിരുന്നില്ല. വയല്‍നികത്തുന്നതിനെതിരെ ജനകീയസമരങ്ങള്‍ നടന്നു. ഇത്തരം സമരങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി നേതൃത്വം താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതിരുന്നതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചത്.തങ്ങള്‍ നുണപരിശോധനക്ക് തയ്യാറാണെന്നും ഇക്കാര്യം ഉന്നയിച്ച് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കുമെന്നും പ്രതികള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.