പീഡന ബജറ്റ്

Friday 20 March 2015 10:00 pm IST

കേരള നിയമസഭ ബൈബിളിലൂടെയും പുരാണങ്ങളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങിയത് നന്നായി. ബാര്‍ കോഴയും മാണിയുടെ ബജറ്റുമൊക്കെ വരുത്തിയ സഗുണാത്മക സംഗതിയാണിതെന്ന് പറയാതിരിക്കാന്‍ വയ്യ. ഈശ്വരചിന്തയും പുരാണ പാരായണവുമെല്ലാം പിന്തിരിപ്പന്‍ ഏര്‍പ്പാടാണെന്ന് വിശ്വസിച്ച് വിലയിരുത്തി പ്രത്യയശാസ്ത്ര പ്രചാരണങ്ങളില്‍ മുഴുകിയവരില്‍ നിന്നുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. സ്വര്‍ഗവും നരകവും പുണ്യവും പാപവുമൊന്നും കമ്മ്യൂണിസ്റ്റു നിഘണ്ടുവിലില്ലാത്തതാണ്. പക്ഷെ 'തറവാട്ടില്‍ കാരണവര്‍ക്ക് പനിച്ചാലും മോര് ആകാം' എന്നുപറഞ്ഞതുപോലെ വി.എസ്.അച്യുതാനന്ദന് സ്വര്‍ഗവും നരകവും വിധിക്കുന്നതിന് അവകാശമുണ്ടെന്നാശ്വസിക്കാം. മാര്‍ച്ച് 10ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചപ്പോഴാണ് വിഎസിന്റെ ' പിന്തിരിപ്പന്‍' പ്രയോഗങ്ങള്‍ അതും ' മത്തായിയുടെ സുവിശേഷങ്ങള്‍ ഉദ്ധരിച്ച്'. 'മന്ത്രി കെ.എം.മാണി കെടാത്ത തീയും ചാകാത്തപുഴുവുമുള്ള നരകത്തില്‍ പോകും'. 'മാണി നരകത്തില്‍ വീഴുന്നത് ' തനിക്ക് ആലോചിക്കാനേ ആവുന്നില്ലെന്നും സഖാവ് അച്യുതാനന്ദന്‍ പറഞ്ഞുവച്ചു. പിന്നെയും മത്തായിയുടെ സുവിശേഷം'നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം? വചനം സത്യമാണ്. വചനം സത്യമായി തീരുന്ന ദിവസം വരും' മാണിയുടെ വചനഘോഷം പിന്നെയും ഒരു ദിവസം കഴിഞ്ഞ്. ' എന്റെ കൈ ശുദ്ധം എന്റെ കൈ ശുദ്ധം' എന്നായിരുന്നു മാണിയുടെ അവകാശവാദം. ഭ്രാന്തുള്ളവരിങ്ങനെയാണല്ലോ. മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്ത് എന്നേ ധരിക്കൂ. നെഹ്രു ഒരു ഭ്രാന്താശുപത്രിയില്‍ ചെന്ന കഥയുണ്ട്. ഭ്രാന്തിന്റെ ലക്ഷണമൊന്നും കാണാത്ത ഒരാളെ സമീപിച്ചു. കൗതുകത്തോടെ തന്റെ മുന്നില്‍ വന്നുനിന്ന നെഹ്രുവിനോട് പേരെന്താണെന്ന് അന്തേവാസി. നെഹ്രു തന്റെ പേരു പറഞ്ഞു. അന്തേവാസി തിരിച്ചടിച്ചു. 'ഉം മഹാത്മാഗാന്ധി' എന്നാണെന്റെ പേരെന്നാ ഞാന്‍ പറഞ്ഞിരുന്നത്' അന്ന് നെഹ്രു അന്തംവിട്ടതുപോലെയാണ് സഭയില്‍ മാണിയുടെ വചനം കേട്ടവര്‍ക്കെല്ലാം തോന്നിക്കാണുക. വി.എസ്.അച്യുതാനന്ദന്‍ വേദപുസ്തകം മാത്രമല്ല മനഃശാസ്ത്രവും പഠിച്ചു എന്ന് ബോധ്യപ്പെടുത്തുന്ന അഭിപ്രായങ്ങളും നിരത്തുന്നത് കേട്ടു.' മാണി പരവശനാണെന്നാണ് വി.എസ്.കണ്ടെത്തിയത്. മുഖത്ത് ചോരയും നീരുമില്ല. പേശികള്‍ വലിഞ്ഞു മുറുകുന്നു. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം ഉത്തരവാദി. മാണിയെ ഉമ്മന്‍ചാണ്ടി കുരിശില്ലാ കുരിശിലേറ്റുകയാണ്. ബജറ്റവതരിപ്പിക്കാന്‍ 13ന് മാണിയുടെ സഭാ പ്രവേശം കണ്ടവര്‍ക്കെല്ലാം അത് ശരിയെന്ന് തോന്നിക്കാണും. അംഗരക്ഷകരായ എംഎല്‍എമാരോടൊപ്പം യന്ത്രമനുഷ്യനെ പോലെയായിരുന്നു മാണി നടന്നു നീങ്ങിയത്. താടിയും തലേക്കെട്ടുമില്ലാത്ത മന്‍മോഹന്‍സിംഗ്! വി.എസ്. പറഞ്ഞതുപോലെ 'നാണക്കേടിന്റെ ഇരിക്കപ്പണ്ടം'. 13-ാം സഭയിലെ 13-ാം സമ്മേളനത്തിലെ മാര്‍ച്ച് 13ലെ 13 പേരക്കുട്ടികളുള്ള കെ.എം.മാണിയുടെ 13-ാം ബജറ്റ് പ്രശ്‌നമാകില്ലേ എന്ന സംശയം ഈ കോളത്തില്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. സംശയം യാഥാര്‍ത്ഥ്യമായി. മാണിയുടെ ബജറ്റ് അക്ഷരാര്‍ത്ഥത്തില്‍ പീഡന ബജറ്റായി. ഭാരതത്തിന്റെ ഒന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത് ഡോ.ജോണ്‍ മത്തായിയാണ്. പെട്ടിയൊന്നും എടുക്കാതെ കൈവീശി സഭയിലെത്തിയ ജോണ്‍ മത്തായി നോക്കി വായിക്കുകയായിരുന്നില്ല ബജറ്റ്. മൈക്കിന് മുന്നില്‍ നിന്ന് ഒരു പ്രസംഗം. അച്ചടിച്ചതുപോലെ ശുദ്ധബജറ്റ്. മാണിയുടെ ബജറ്റ് കീറിയെറിയാന്‍ വന്നപോലെ അന്നാരെങ്കിലും വന്നെങ്കില്‍ നിരാശപ്പെട്ടേനെ. മത്തായിയുടെ കയ്യില്‍ കടലാസിന്റെ പൊടിപോലുമുണ്ടായിരുന്നില്ല. ഒരു ബജറ്റിന്റെ പേരില്‍ ഇത്രത്തോളം വിവാദം മുമ്പെങ്ങുമുണ്ടായിട്ടില്ല. ബജറ്റ് സഭയില്‍ പിറന്നു പിറന്നില്ല എന്ന മട്ടിലാണ്. അഥവാ പിറന്നാലും യഥാവിധിയല്ല. സ്വാഭാവികമല്ല. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് ചാപിള്ളയായെന്നാണ് സഭയിലെ ഭൂരിപക്ഷാഭിപ്രായം. ഇത് പറയുന്നത് കക്ഷിബലം നോക്കിയല്ല. ഭരണപക്ഷത്തുള്ള അരഡസന്‍ പേരെങ്കിലും മാണിയുടെ ബജറ്റവതരണാങ്കത്തില്‍ അപ്രിയം പ്രകടിപ്പിച്ചിരിക്കുകയാണല്ലോ. മാണി ബജറ്റവതരിപ്പിക്കുന്നതിനെ തടയാന്‍ തുനിഞ്ഞിറങ്ങിയവരും മാണിയെ താങ്ങാന്‍ സ്വയമിറങ്ങിയവരും ഇനി നിയമത്തിന്റെ നൂലാമാലയില്‍ ബന്ധിക്കപ്പെടാന്‍ പോകുന്നു. പ്രശ്‌നം പീഡനം തന്നെ. സഭയില്‍ തകര്‍ത്താടിയ തടിമിടുക്കിനെക്കാള്‍ ഇപ്പോള്‍ മുഴച്ചുനില്‍ക്കുന്നത് ലൈംഗിക പ്രശ്‌നമാണ്. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തിയ ദുശാസനനോടാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകനായി പാഞ്ഞെത്തിയ ശിവദാസന്‍ നായരെ വി.എസ്. ഉപമിച്ചത്. ദുശാസനന്റെ മാറുപിളര്‍ക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പ്രത്യേകിച്ച് പഞ്ചാംഗനമാര്‍. സ്ത്രീത്വം പിച്ചിച്ചീന്തിയെന്ന പരാതിയുമായി അവര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കല്ലേ' എന്ന വിലാപവുമായി ശിവദാസന്‍ നായരും രംഗത്തിറങ്ങിയിട്ടുണ്ട്. അതിനിടയില്‍ താന്‍ 'കര്‍ണനെപ്പോലെ' എന്നൊരു വാക്കും ശിവദാസന്‍ നായര്‍ പറഞ്ഞതില്‍ ഒരു സത്യമുണ്ട്. കര്‍ണന് അര്‍ജ്ജുനനോടുള്ള ശത്രുതയെക്കാള്‍ ദുര്യോധനനോടുള്ള ഭക്തിയാണ് മുഖ്യം. ശിവദാസന്‍നായര്‍ എന്ന കര്‍ണന് ജമീലാ നാടാരോടുള്ള വിരോധമല്ല ഉമ്മന്‍ചാണ്ടിയോടുള്ള ഭക്തികൊണ്ടാണ് പിന്‍സീറ്റില്‍ നിന്നും ഡസ്‌കുകള്‍ താണ്ടി മുഖ്യമന്ത്രിയുടെ ചാരത്തെത്തിയത്. ഉപമകള്‍ ചേര്‍ക്കുമ്പോള്‍ അല്പം ആലോചന നടത്തിയില്ലെങ്കില്‍ അബദ്ധം പറ്റും. പാര്‍ത്ഥസാരഥി പ്രതിഷ്ഠയുള്ള ആറന്മുളയില്‍ നിന്നു വന്നതുകൊണ്ടാകാം കര്‍ണന്‍ തന്നെയാണ് തനിക്ക് പറ്റിയ ഉപമയെന്ന് തോന്നിക്കാണും. ആജീവനാന്തം ദുര്യോധനപക്ഷത്തോട് കൂറുകാണിച്ചതാണ് കര്‍ണന്‍. പെറ്റുവീണതുമുതല്‍ മരണംവരെ തേജോവധം ചെയ്യപ്പെട്ടു കര്‍ണന്‍. വില്ലാളിവീരനാണ് കര്‍ണന്‍. പറഞ്ഞിട്ടെന്തുഫലം?  ആചാരവും ധര്‍മ്മശാസ്ത്രവും എന്തുതന്നെ വിധിച്ചാലും, കര്‍ണന്‍ ഒരു ക്ഷത്രിയ കുമാരിക്ക് യൗവനപ്പുളപ്പില്‍ സ്വാഭാവികമായുണ്ടായ അനുരാഗത്തിന്റെ ഫലമാണെന്നല്ലെ കഥ. അത്രത്തോളം ശിവദാസന്‍നായര്‍ ആലോചിച്ചുകാണില്ല. സഭയുടെ പരിധികടന്ന് പോലീസിലേക്കും കോടതിയിലേക്കും സഭയിലെ മല്‍പിടുത്തവും കേറിപ്പിടിക്കലും കടികൂടലുമെല്ലാം എത്തുമെന്നുറപ്പായി. അത് വളര്‍ന്ന് വികസിച്ച് വീണ്ടുമൊരു കുരുക്ഷേത്ര യുദ്ധത്തിന്റെ തനിപ്പകര്‍പ്പാകുമോ? അതേതായാലും 'ധര്‍മ്മയുദ്ധം' ആകില്ലെന്ന് വ്യക്തം. എല്ലാം ഒരു ബജറ്റിന്റെ പേരില്‍. യുഡിഎഫ് ബജറ്റ് മാണിക്ക് തീറെഴുതിക്കൊടുത്തതാണോ? ആരോപണവിധേയനായ വ്യക്തി അതും യുഡിഎഫ് സര്‍ക്കാരിന്റെ വിജിലന്‍സ് അഴിമതി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥിതിക്ക് ബജറ്റവതരിപ്പിക്കുന്നതില്‍ അനൗചിത്യമുണ്ടല്ലോ. കോണ്‍ഗ്രസിന്റെ കീഴ്‌വഴക്കം അത് തെളിയിക്കുന്നു. നെഹ്രു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന തിരുവള്ളൂര്‍ തട്ടാട്ടി കൃഷ്ണമാചാരിക്ക് ബജറ്റവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. മുണ്‍ഡ്രാ കുംഭകോണത്തില്‍ ധനമന്ത്രിക്ക് പങ്കുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ ബജറ്റവതരിപ്പിക്കുന്നതില്‍ നിന്നും കൃഷ്ണമാചാരിയെ മാറ്റി നിര്‍ത്തി. ധനവകുപ്പ് പ്രധാനമന്ത്രി ഏറ്റെടുത്തു. ബജറ്റവതരിപ്പിച്ചു. ഒരുമാസം മാത്രമേ പ്രധാനമന്ത്രി ധനവകുപ്പ് കൈയ്യില്‍ വച്ചുള്ളു. ബജറ്റ് നടപടി പൂര്‍ത്തിയാകുന്നതുവരെ. ഉമ്മന്‍ചാണ്ടിക്ക് ധനകാര്യമറിയാമല്ലോ. പണ്ട് ഈ വകുപ്പ് ഭരിച്ചതല്ലെ? ബജറ്റവതരിപ്പിച്ചതല്ലേ/ മാണിയെ സമാശ്വസിപ്പിച്ച് ബജറ്റ് സുഖമായി അവതരിപ്പിച്ച് ഭരണം സുഗമമാക്കാമായിരുന്നില്ലേ. അനാവശ്യമായി വാശി കേറ്റി കുഴപ്പവും കൂട്ടക്കുഴപ്പവും വരുത്തിക്കൂട്ടി. ഇന്നിപ്പോള്‍ ' വെളുക്കാന്‍ തേച്ചത് പാണ്ടായി' കുടത്തിലിരുന്ന ഭൂതത്തെ തുറന്നു വിട്ടത് ഉമ്മന്‍ചാണ്ടിയാണ്. തിരിച്ച് കുടത്തില്‍ കയറ്റണമെങ്കില്‍ അത് അതിവേഗം സാധിക്കുമെന്ന് തോന്നുന്നില്ല. അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ട വ്യക്തി നിയമമന്ത്രിയായിരുന്നാല്‍ ജയിക്കുന്നത് സത്യമാകുമോ? നാറിയവരെ പേറിയാല്‍ പേറിയവരും നാറും എന്ന തത്ത്വമറിയുന്നവര്‍ പരിമിതമെന്നതില്‍ കൗരവപക്ഷത്തിനാശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.