കേരളം രോഗാതുരമാകാതിരിക്കാന്‍

Wednesday 29 June 2011 9:44 pm IST

കേരളം പിന്നെയും പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അമരുകയാണ്‌. വയനാട്ടില്‍ കോളറ പടരുമ്പോള്‍ നാലുപേര്‍ മരണത്തിന്‌ കീഴടങ്ങിക്കഴിഞ്ഞു. കേരളത്തിലെ മറ്റ്‌ ജില്ലകളിലും ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ജ്വരം, എച്ച്‌1എന്‍1 തുടങ്ങി വിവിധതരം പനികള്‍ പടരുകയാണ്‌. ഇതിനെല്ലാം പ്രധാന കാരണം കേരളത്തില്‍ പ്രതിദിനം വഷളാകുന്ന മാലിന്യനിര്‍മാര്‍ജന പ്രക്രിയയാണ്‌. വഴിയോരങ്ങളിലും വിജനസ്ഥലത്തും എല്ലാം ഉപേക്ഷിച്ച്‌ മാറ്റാതെ കിടക്കുന്ന പാഴ്‌വസ്തുക്കള്‍ കൊതുകുപ്രജനനത്തിന്‌ വഴിവെക്കുമ്പോള്‍ ഇതുമൂലം മലിനമാകുന്ന ജലസ്രോതസ്സുകളും രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. ആലപ്പുഴയില്‍ ജലമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന്‌ ഒരു വനിതയുടെ നേതൃത്വത്തിലാണ്‌ പ്രശ്നം കോടതിയില്‍ എത്തിയതും പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടതും.
കൊച്ചി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി പണ്ടുമുതല്‍ പ്രസിദ്ധിയാര്‍ജിച്ചതാണ്‌. കൊച്ചിയിലെ മാലിന്യനിര്‍മാര്‍ജനം പാടേ പരാജയപ്പെട്ടതാണ്‌. ബഹുകോടികള്‍ മുടക്കി തുടങ്ങി അഴിമതിയില്‍ മുങ്ങി, മുടങ്ങിക്കിടക്കുന്ന ബ്രഹ്മപുരം മാലിന്യസംസ്കരണ പദ്ധതി ഇതിന്‌ തെളിവാണ്‌.
ഇപ്പോള്‍ ബ്രഹ്മപുരം മാലിന്യം തള്ളുന്ന സംഭരണ കേന്ദ്രമായി മാറിയപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രഹ്മപുരം സര്‍ക്കാര്‍ സ്കൂള്‍ ഈച്ചശല്യവും ദുര്‍ഗന്ധവും കാരണം അടച്ചുപൂട്ടിയിരിക്കുകയാണ്‌. ബ്രഹ്മപുരത്തിനടുത്തുള്ള എല്ലാ ജലസ്രോതസ്സുകളും മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. ഇതിനു പുറമെയാണ്‌ ചീഞ്ഞളിയുന്ന മാലിന്യക്കൂമ്പാരങ്ങളില്‍നിന്നും വമിക്കുന്ന ദുര്‍ഗന്ധം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നത്‌. കൊല്ലത്തെ അഷ്ടമുടിക്കായല്‍ മലിനീകരണം തദ്ദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്‌.
കേരളത്തിലെ മിക്ക പ്രദേശങ്ങളും മാലിന്യക്കൂമ്പാരങ്ങളായി, ജലം മലിനീകരിക്കപ്പെട്ട്‌ തദ്ദേശവാസികള്‍ രോഗത്തിനടിമപ്പെടുമ്പോള്‍ ആശുപത്രികളില്‍ അവര്‍ക്ക്‌ സേവനം നല്‍കാന്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാര്‍ പോലുമില്ല. മഴ തുടങ്ങുമ്പോള്‍ കുട്ടനാട്ടില്‍ നെല്‍കൃഷി നശിക്കുന്നു. മഴ കനക്കുമ്പോള്‍ കേരളം പകര്‍ച്ചവ്യാധികള്‍ക്കടിമപ്പെടുന്നു.
ആവര്‍ത്തിക്കുന്ന ഈ പ്രതിഭാസം മുന്നില്‍ക്കണ്ട്‌ പ്രതിരോധിക്കാന്‍ സംവിധാനങ്ങളില്ല. മാലിന്യനിര്‍മാര്‍ജനത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രാദേശിക ഭരണകൂടത്തിന്‌ നല്‍കുന്ന തുക വിനിയോഗിക്കപ്പെടുന്നതുപോലുമില്ല. കേരളം എങ്ങനെ രോഗാതുരമാകാതിരിക്കും?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.