ആണവായുധം: അമേരിക്കയെ കൊറിയ വെല്ലുവിളിക്കുന്നു

Saturday 21 March 2015 6:54 pm IST

ലണ്ടന്‍: ആണവശക്തിയായെന്നു പ്രഖ്യാപിച്ച് ഉത്തര കൊറിയ അമേരിക്കയെ വെല്ലുവിളിക്കുന്നു. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ആണവാക്രമണത്തിന്റെ കുത്തക അമേരിക്കക്കു മാത്രമല്ലെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമേരിക്കയും അതേ നാണയത്തില്‍ മറുപടി നല്‍കിയതോടെ ഇടക്കാലത്ത് ശമിച്ച യുദ്ധഭീഷണി വീണ്ടും സജീവമായിരിക്കുകയാണ്. അണ്വായുധം ഉപയോഗിക്കാനും ആക്രമിച്ചാല്‍ റോക്കറ്റുവഴി ആണവ മറുപടി നല്‍കാനും ഉത്തരകൊറിയ സജ്ജമാണെന്ന് ബ്രിട്ടണിലെ കൊറിയന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. അമേരിക്കക്കു മാത്രമല്ല ആണവാക്രമണത്തിന്റെ കുത്തക, അംബാസഡര്‍ ഹ്യൂ ഹഖ്-ബോങ് സ്‌കൈ ന്യൂസിനോടു പറഞ്ഞു. 1993 -ലെ അണ്വായുധ നിര്‍വ്യാപനക്കരറില്‍നിന്നു പിന്‍മാറുമെന്നാണോ ഇതിനര്‍ത്ഥമെന്ന ചോദ്യത്ത് ഏതുസമയവും അതു സംഭവിക്കാമെന്ന് ഹഖ്- ബോങ് പറഞ്ഞു. അമേരിക്ക ഞങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും. ഏതുതരം യുദ്ധത്തിനും, അണുയുദ്ധത്തിനും ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ യുദ്ധം കൊതിക്കുന്നില്ല, പക്ഷേ, ഞങ്ങള്‍ യുദ്ധത്തെ ഭയക്കുന്നുമില്ല, അംബാസിഡര്‍ പറഞ്ഞു. മാര്‍ച്ച് മൂന്നിന് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രി റി സു യോങ് സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു, ആണവായുധ ഭീഷണി ഏതും നേരിടാന്‍ കൊറിയ സന്നദ്ധമാണെന്നായിരുന്നു അത്. അന്താരാഷ്ട്ര കരാറുകള്‍ ലംഘിച്ചുകൊണ്ട് ഉത്തരകൊറിയ നടത്തുന്ന ആണവ പദ്ധതികളെ അമേരിക്ക കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ നേരിടാനും പ്രതിരോധിക്കാനും എല്ലാത്തരത്തിലും സജ്ജമാണെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പു വക്താവ് പ്രസ്താവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.