ആത്മവിദ്യ പകരുന്നതിന് മുന്നോടിയായി നടത്തുന്ന പ്രാഥമികവിധിയാണ് ധര്മസ്നാനം. ആചാര്യന്റെ ഇച്ഛാസങ്കല്പങ്ങള്കൊണ്ടും ഈശ്വരീയ ഊര്‍ജ്ജം പകര്‍ന്നും ജീവനെ ശുദ്ധീകരിക്കുന്ന മഹത്തായ ഒരു പ്രക്രിയയാണ് ഇത്. പൂര്‍വകാലത്ത് ആചാര്യശിക്ഷണത്തില് നിരവധി വര്‍ഷം ജീവിച്ച് ശരീരപ്രാണമനസ്സുകളെ പരിശുദ്ധമാക്കി തീര്‍ത്ത ഉത്തമശിഷ്യന്മാര്ക്ക്മാത്രമാണ് ആത്മവിദ്യ പകര്‍ന്ന് നല്‍കിയിരുന്നത്.
ഇന്നത്തെ സാഹചര്യങ്ങളില്‍ ബാല്യകാലം മുതല്‍ ആചാര്യശിക്ഷണത്തില്കഴിയാന് ബുദ്ധിമുട്ടായതിനാല്‍ ചുരുങ്ങിയ കാലംകൊണ്ട് ശരീരപ്രാണമനസ്സുകളെ പരിശുദ്ധമാക്കി ആത്മവിദ്യ സ്വീകരിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്ന സമ്പ്രദായമാണ് ധര്മസ്നാനം. ധര്മസ്നാനം നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ സദാചാരപരമായി ജീവിക്കുകയും ഭക്ഷണശുദ്ധിപാലിക്കുകയും വേണമെന്നത് നിര്‍ബന്ധമാണ്.
ശ്രേഷ്ഠമായ ധര്‍മ്മത്തിലൂടെ ജീവിക്കാന്‍ ഉദ്ദേശിക്കുന്നവന് ശ്രദ്ധാലുക്കള്‍ ആയിരിക്കണം. മനുഷ്യ ബോധവികാസത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ഭക്ഷണരീതികളും ജീവിതശീലങ്ങളും അവര്‍ ഉപേക്ഷിച്ചിരിക്കണം. മദ്യം, മാംസം, മത്സ്യം, മുട്ട, പുകയില തുടങ്ങിയവയൊന്നും ധര്മസ്നാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഉപയോഗിക്കാന്‍ പാടില്ല. ധര്മസ്നാനത്തിനുശേഷം നിത്യമായി അനുഷ്ഠിക്കാനുള്ള സാധനകള്‍ അഭ്യസിപ്പിക്കും.
പ്രാണായാമം, മന്ത്രജപം, ധ്യാനം എന്നിവയെല്ലാം സാധനയുടെ ഭാഗമാണ്. സൂക്ഷ്മസ്ഥൂല ശരീരങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ശുദ്ധീകരിച്ച് ശ്രേഷ്ഠമായ ധര്‍മം ആചരിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്ന വളരെ ഫലപ്രദമായ സാധനാപദ്ധതിയാണ് ധര്മസ്നാനത്തിനുശേഷം നമുക്ക് അഭ്യസിക്കാനുള്ളത്.
ധര്മസ്നാനം ചെയ്ത് സാധനകള്‍ അനുഷ്ഠിക്കുമ്പോള്‍ നമ്മുടെ ശരീരപ്രാണ മനസ്സുകള്‍ ശുദ്ധമാവുകയും പ്രപഞ്ചത്തില്‍നിന്ന് ശുദ്ധമായ ഊര്‍ജ്ജം ധാരാളമായി കടന്നുവന്ന് നമുക്ക് ശക്തിയും ഉന്മേഷവും കര്‍മശേഷിയും പ്രദാനം ചെയ്യുകയും ചെയ്യും. നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികരംഗങ്ങളിലും കര്മരംഗങ്ങളിലുംഗുണപരമായ മാറ്റങ്ങള്‍ ക്രമേണ സംഭവിക്കുന്നത് കാണാം.
ശ്രദ്ധയോടെ ജീവിക്കുകയും കൃത്യമായ സാധനകള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ ചുരുങ്ങിയ കാലംകൊണ്ട് നാം ചിന്തിക്കുന്നതിലും അപ്പുറത്തുള്ള മാറ്റങ്ങള്‍ വന്നുചേരും. സന്തോഷകരമായ ഒരു ജീവിതം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ധര്മസ്നാത്തിലെ ആചാരങ്ങള്തന്നെ മതിയാകും. എന്നാല്‍ തനിക്ക് ഇതിന്റെയും അപ്പുറത്തേക്ക് കടന്ന് ചെല്ലണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിദ്യ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: