നുഴഞ്ഞുകയറ്റം നാടിന് ഭീഷണിയായിക്കൂടാ

Saturday 21 March 2015 8:02 pm IST

രാജ്യത്ത് പൗരന് അവന്റെ ജീവിതവും സംസ്‌കാരവും കാത്തുസൂക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. 1947 ല്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെട്ടതിനെ തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും കുടിയേറിയവരുടെ ചരിത്രവും നിയമതലങ്ങളും നോക്കി പൗരത്വം തിട്ടപ്പെടുത്താനുള്ള സംവിധാനവും ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. രാജ്യത്തിന്റെ പരമാധികാരം എന്നുള്ളത് അന്യനാടുകളില്‍നിന്ന് നുഴഞ്ഞുകയറിവരുന്ന ആളുകളില്‍നിന്നുള്ള നാടിന്റെ സുരക്ഷകൂടിയാണ്. ദൗര്‍ഭാഗ്യവശാല്‍ 1955 ലെ പൗരത്വ നിയമത്തെ കാറ്റില്‍പറത്തികൊണ്ട് ആസാമിലുംമറ്റും അന്യനാട്ടുകാരായ നുഴഞ്ഞുകയറ്റക്കാര്‍ ആധിപത്യത്തിലേക്ക് നീങ്ങുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആസാമിലേക്കും മറ്റുമുള്ള ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തില്‍ രാജ്യതാല്‍പ്പര്യം കണക്കിലെടുക്കാനും ആസാമിലുള്ള പൗരന്മാരുടെ സുരക്ഷയും താല്‍പ്പര്യവും ഉറപ്പുവരുത്താനും കോണ്‍ഗ്രസ് എക്കാലത്തും വിമുഖരായിരുന്നു. ഇതിന്റെ ദുരന്തംപേറി വ്രണിതഹൃദയരായ ആസാമികള്‍ വന്‍തോതില്‍ പീഡനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം നീതിയുടെ അളവുകോലാക്കിയ കോണ്‍ഗ്രസ്, വോട്ടുകളുടെ എണ്ണത്തിനാണ് എപ്പോഴും പ്രാധാന്യം നല്‍കി വരുന്നത്. കേന്ദ്രഭരണകൂടം നുഴഞ്ഞുകയറ്റക്കാരുടെ ഭാഗത്തേക്ക് ചായുകയും അതുവഴി ആസാമികള്‍ ദു:ഖിതരാവുകയും ചെയ്തപ്പോഴാണ് 2012 ലെയും 2014 ലെയും കലാപങ്ങള്‍ ആസാമിലുണ്ടായത്. രാഷ്ട്രത്തിന്റെ ആത്മാവ് അതിന്റെ സംസ്‌കാരത്തിലും പൈത്യകത്തിലും അടിവേരുകളുള്ളതാണ്. വിദേശ കടന്നുകയറ്റം കാരണം ഉരുണ്ടുകൂടുന്ന കാര്‍മേഘപടലങ്ങള്‍ പെയ്‌തൊഴിയാന്‍ വേണ്ട അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആസാമില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. അനധികൃതമായി സമ്പാദിച്ച അന്യനാട്ടുകാരുടെ വോട്ടവകാശംപോലും തങ്ങള്‍ക്കനുകൂലമാക്കാനുള്ള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസ് നാടിന്റെയും ആസാമികളുടെയും താല്‍പ്പര്യങ്ങളെ അവജ്ഞയോടെ അവഗണിച്ചതുകൊണ്ടാണ് ആസാമില്‍ കലാപങ്ങളും ഭീകരപ്രസ്ഥാനങ്ങളും തഴച്ചുവളരാനിടയായിട്ടുള്ളത്. ഈ സത്യം ഇനിയെങ്കിലും ദേശീയ പാര്‍ട്ടികള്‍ മനസിലാക്കുകയും രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് നിലപാടുകള്‍ മാറ്റി പ്രശ്‌നപരിഹാരം നടത്തുകയുമാണുവേണ്ടത്. രണ്ടുമാസം മുമ്പ് സുപ്രീം കോടതി നല്‍കിയ ഒരു വിധിന്യായം ആസാം പ്രശ്‌നത്തിന്റെ അകവും പുറവും എടുത്തുകാട്ടികൊണ്ടുള്ളതാണ്. സുപ്രീം കോടതി ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയി, രോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് വിധിന്യായം. ആസാം സന്‍മിലിത മഹാസംഗ, ആസാം പബ്ലിക് വര്‍ക്‌സ്, ഓള്‍ ആസാം ഹോം അഹോം അസോസിയേഷന്‍ എന്നീ സംഘടനകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും മറ്റും എതിര്‍കക്ഷികളാക്കി ഫയലാക്കിയ റിട്ടുകളാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസില്‍ തീര്‍പ്പു കല്‍പ്പിച്ച ബഞ്ചിനുവേണ്ടി ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാനാണ് വിധിന്യായം തയ്യാറാക്കിയത്. കേസിലുള്‍പ്പെട്ട തര്‍ക്കങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ച ന്യായാധിപന്മാര്‍ 145(3) അനുഛേദമനുസരിച്ച് കേസ് ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്കായി അയയ്ക്കുകയും ചെയ്തിരിക്കയാണ്. ഇതില്‍ ഒരു ചരിത്രവിധി നാടു പ്രതീക്ഷിക്കുന്നു. ഒരു പൗരന്റെ മൗലികാവകാശം എന്നതില്‍ സംസ്‌കാരിക തനിമയും സവിശേഷതയും നിലനിര്‍ത്താനുള്ള അവകാശംകൂടി ഉള്‍പ്പെടുന്നതായി കോടതി വിധികള്‍ ചൂണ്ടികാട്ടുന്നു. ഇവ സംരക്ഷിക്കാനുള്ള അടിസ്ഥാന അവകാശം പൗരനുള്ളതാണ്. രാജ്യത്തിന്റെ പരമാധികാരവും രാഷ്ട്രത്തിന്റെ ദാര്‍ഢ്യതയും ഐക്യവും ജീവിക്കാനുള്ള അവകാശവും സ്വത്ത് സംരക്ഷിക്കാനുള്ള അവകാശവും അടിസ്ഥാന അവകാശങ്ങളില്‍പ്പെടുന്നുണ്ട്. ഇതെല്ലാം വിദേശ നുഴഞ്ഞുകയറ്റംവഴി തല്ലികെടുത്തുമ്പോള്‍ അതില്‍നിന്നും സുരക്ഷ അവകാശപ്പെടാന്‍ ആസാമികള്‍ക്കവകാശമുണ്ടെന്ന് വിധിന്യായം ചൂണ്ടികാട്ടുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടായ അകത്തേക്കുള്ള പ്രവേശനംവഴി ആസാമികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെടുകയാണ്. ഇതുവഴി ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ അവിടങ്ങളില്‍ ഉണ്ടാകുന്നുമുണ്ട്. ഇത് ആസാമികളുടെ ഭരണഘടനാദത്തമായ അനുഛേദം 21, 29 കളുടെ ലംഘനമാണെന്നുള്ള അഭിപ്രായവും സുപ്രീം കോടതിക്കുണ്ട്. ആസാമികളുടെ ജീവിക്കാനുള്ള അവകാശവും സാംസ്‌കാരിക അവകാശവുമൊക്കെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റംവഴി നിഷേധിക്കപ്പെടുകയാണ്. ഇത് പരിഹരിക്കപ്പെടുകതന്നെവേണം. 1826 ലാണ് ആസാം ബംഗാള്‍ പ്രൊവിഷന്‍സിനോട് ബ്രിട്ടീഷുകാര്‍ കൂട്ടിചേര്‍ത്തത്. 1931 ലെ സെന്‍സസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരംതന്നെ വന്‍തോതില്‍ കിഴക്കന്‍ ബംഗാളി മുസ്ലീങ്ങള്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ആസാമിലേക്ക് നുഴഞ്ഞുകയറുകയും അവിടുത്തെ ജനങ്ങളുടെ തനിമയും സംസ്‌കാരവും ജീവിതക്രമങ്ങളും ഉപജീവനവും തട്ടിതകര്‍ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1983 ല്‍ നിയമവിരുദ്ധ കുടിയേറ്റ ട്രൈബ്യൂണല്‍ നിയമം നടപ്പാക്കിയെങ്കിലും അവയൊക്കെ നുഴഞ്ഞുകയറ്റക്കാരുടെ സ്വാധീനത്തിന് കീഴടങ്ങിക്കൊണ്ടുള്ളതായിരുന്നു. 2005 ല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമെന്ന നിലയില്‍ സുപ്രീം കോടതി റദ്ദാക്കുകയാണുണ്ടായത്. അനധികൃത നുഴഞ്ഞുകയറ്റക്കാരെ പൗരന്മാരാക്കാനുള്ള ഭരണകൂട ശ്രമത്തിനേറ്റ തിരിച്ചടിയായിരുന്നു ആ വിധി. രാജ്യതാല്‍പ്പര്യങ്ങള്‍ വലിയ തോതില്‍ ഉള്‍പ്പെടുന്ന പ്രശ്‌നങ്ങളില്‍ രാജനൈതിക കക്ഷികളും ഭരണകൂടങ്ങളും വോട്ടിന്റെ എണ്ണവും വണ്ണവും നോക്കിയല്ല തീരുമാനങ്ങളെടുക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ആസാമില്‍ ഇക്കാര്യത്തില്‍ ദേശീയ തല്‍പ്പര്യങ്ങള്‍ വേണ്ടത്ര പരിഗണിക്കുകയുണ്ടായിട്ടില്ല. അസാമില്‍നിന്നുള്ള ഒരു രാജ്യസഭാംഗം 10 കൊല്ലം ഇന്ത്യ ഭരിച്ചിട്ടും സങ്കുചിത രാഷ്ട്രീയത്തിന്റെ അതിരുകളെ ഭേദിച്ച് ആസാമികള്‍ക്കു നീതി നല്‍കിയില്ല. സുപ്രീം കോടതിയുടെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഗുണപരമായ മാറ്റത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. ആസാം നുഴഞ്ഞുകയറ്റ പ്രശ്‌നത്തില്‍ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള പരമാധികാര സങ്കല്‍പ്പം ഉയര്‍ത്തിപിടിക്കുക തന്നെയാണുവേണ്ടത്. 1947 ല്‍ രാജ്യം രണ്ടായി വെട്ടിമുറിച്ചപ്പോള്‍ മതമാണ് രാഷ്ട്രത്തിനടിസ്ഥാനമെന്ന വാദമാണ് മുഹമ്മദ് അലി ജിന്നയും കൂട്ടരും ഉന്നയിച്ചത്. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതൊരു ന്യായമായ ന്യൂനപക്ഷ അവകാശമാണെന്ന് വാദിച്ചുകൊണ്ട് പാകിസ്ഥാന്‍ വാദത്തെ പിന്താങ്ങുകയായിരുന്നു. 'മില്ലത്തിന്റെ' പേരില്‍ പാകിസ്ഥാനിലേക്ക് കുടിയേറിയവര്‍ കടുത്ത മതരാഷ്ട്രവാദികളായിരുന്നു. ഇപ്പൊഴത്തെ പാകിസ്ഥാനിലേക്ക് 1947-49 ല്‍ ഇവിടെനിന്നും കുടിയേറിയവരെയാണ് മൊഹാജീര്‍ മുസ്ലീങ്ങള്‍ എന്നറിയപ്പെടുന്നത്. അക്കൂട്ടരെ സിന്ധിലും കറാച്ചിയിലും അവിടുത്തെ സമൂഹം അംഗീകരിക്കാനും വെച്ചു പൊറുപ്പിക്കാനും തയ്യാറായില്ല. രണ്ടാംതരം പൗരന്മാരായി മൊഹാജീര്‍ മുസ്ലീങ്ങള്‍ ഇപ്പോഴുമവിടെ വേട്ടയാടപ്പെടുകയാണ്. ഇതേപോലെ കിഴക്കന്‍ ബംഗാളിലേക്ക് 1947 ല്‍ കുടിയേറിയവരാണ് ബീഹാറി മുസ്ലീങ്ങള്‍ എന്നറിയപ്പെടുന്നത്. അവരേയും അവിടുത്തെ സമൂഹം ഉള്‍കൊണ്ടില്ല. പിന്നീട് അതേ പാകിസ്ഥാന്‍ പിളര്‍ന്ന് ബംഗ്ലാദേശുണ്ടായി. എന്നാല്‍ 1947 ല്‍ ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് മതത്തിന്റെപേരില്‍ പാകിസ്ഥാനിലേക്ക് കുടിയേറിവര്‍പോലും വേട്ടയാടപ്പെട്ടിട്ടും മതന്യൂനപക്ഷവാദം സൃഷ്ടിച്ച രാഷ്ട്രത്തിന്റെ തകര്‍ച്ച ആരും ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാകുന്നില്ല. മതമായിരിക്കണമോ രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ന് ചിന്തിക്കാനും യുവതലമുറയ്ക്ക് നേര്‍വഴി കാട്ടാനും സമൂഹം മുന്നോട്ടുവരികയുമാണുവേണ്ടത്. ആസാമിലെ നുഴഞ്ഞുകയറ്റപ്രശ്‌നം കാലിക ചര്‍ച്ചയ്ക്കു വിധേയമാക്കാന്‍ നാം തയ്യാറാവുകയാണു വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.