ഭവാനീ പ്രിയാവ്യാഖ്യാനം

Sunday 22 March 2015 9:57 pm IST

അശേഷബ്രഹ്മാണ്ഡപ്രളയവിധിനൈസര്‍ഗ്ഗികമതിഃ ശ്മശാനേഷ്വാസീനഃകൃതഭസിതലേപഃ പശുപതിഃ ദധൗ കണ്‌ഠേഹാലാഹലമഖിലഭൂഗോളകൃപയാ ഭവത്യാസ്സംഗത്യാഃ ഫലമിതി ച കല്ല്യാണികലയേ സര്‍വ്വ ബ്രഹ്മാണ്ഡങ്ങളേയും പ്രളയകാലത്തു സംഹരിക്കുകയാണ് ശിവന്റെ രീതി(അശേഷ ബ്രഹ്മാണ്ഡപ്രളയവിധിനൈസര്‍ഗ്ഗികമതിഃ). ശ്മശാനത്തില്‍ ഇരിക്കുന്ന അദ്ദേഹം ശരീരമാകെ ഭസ്മം പൂശിയിരിക്കുന്നു(ശ്മശാനേഷ്വാസീനഃ കൃതഭസിതലേപഃ). ഇപ്രകാരമെല്ലാമുള്ള പശുപതിയായ മഹാദേവന്‍ സര്‍വ്വലോകങ്ങളേയും രക്ഷിക്കുവാനായി കൃപയോടെ കാളകൂടം കണ്ഠത്തില്‍ ധരിച്ചത്(ദധൗ കണ്‌ഠേഹാലാഹലമഖിലഭൂഗോളകൃപയാ) മംഗളസ്വരൂപിണിയായ നിന്തിരുവടിയുമായുള്ള സംയോഗംമൂലമാണ് എന്ന് അടിയന്‍ കരുതുന്നു(ഭവത്യാസ്സംഗത്യാഃ ഫലമിതി ച കല്ല്യാണികലയേ). സംഹാരമൂര്‍ത്തിയായ മഹാദേവന്‍ പാലാഴിമഥന വേളയില്‍ സംരക്ഷക മൂര്‍ത്തിയായി മാറുന്നതിനുള്ളകാരണംദേവിയുടെ സാന്നിധ്യമാണ്. ത്വദീയംസൗന്ദര്യം നിരതിശയമാലോക്യകൃപയാ ഭിയൈവാസീദ്ഗംഗാജലമയതനുഃശൈലതനയേ നദീ തസ്യാസ്താമ്യദ് വദനകമലംവീക്ഷ്യകൃപയാ പ്രതിഷ്ഠാമാതേനേ നിജശിരസിവാസേന ഗിരിശഃ അല്ലയോ പര്‍വതരാജപുത്രി(ശൈലതനയേ), നിരതിശയമായ നിന്തിരുവടിയുടെ സൗന്ദര്യം(ത്വദീയംസൗന്ദര്യം നിരതിശയം)കാണുകയാല്‍(ആലോക്യ) വളരെയധികം വിഷണ്ണയായ ഗംഗാദേവി ജലമയശരീരത്തോടുകൂടിയവളായി(ഭിയൈവാസീദ്ഗംഗാജലമയതനുഃ). അങ്ങിനെ നദീരൂപം കൈക്കൊണ്ടുവാടിയ മുഖത്തോടെ ഒഴുകിപ്പോകാന്‍ തുടങ്ങുന്ന ഗംഗാദേവിയെ വീക്ഷിച്ച(നദീതസ്യാസ്താമയദ്‌വദനകമലംവീക്ഷ്യ) പരമശിവന്‍ കൃപാപൂര്‍വ്വം ഗംഗാദേവിക്ക് തന്റെശിരസ്സില്‍(ജടയില്‍) വാസസ്ഥാനം നല്‍കി. ജടയ്ക്കുള്ളില്‍ ഉറച്ച സ്ഥാനം നല്‍കി ഒഴുകിപ്പോകാത്തവിധം ഗംഗയെ ശിവന്‍ സംരക്ഷിച്ചു. പാര്‍വ്വതീദേവിയുടെ അഭൗമസൗന്ദര്യം വീക്ഷിക്കുന്നവര്‍ ആ സൗന്ദര്യത്തിലലിഞ്ഞ് ജലമയരായിമാറും എന്നതിനു ദൃഷ്ടാന്തമാണു ഗംഗാദേവി. അങ്ങിനെ അലിഞ്ഞ ഗംഗയെ ജടയില്‍ സംരക്ഷിക്കുന്നവന്‍ എന്നവിശേഷണം പരമശിവന്‍ അതീവകൃപാലുവാണ ്എന്നുംസൂചിപ്പിക്കുന്നു. ഈശ്ലോകത്തില്‍ പാര്‍വ്വതീദേവിയുടെ സൗന്ദര്യത്തിന്റെ ശക്തിയും പരമശിവന്റെ കാരുണ്യവും ഒരേപോലെ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. .. തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.