ഹരിപ്പാട് ആന ഇടഞ്ഞു, പാപ്പാനെ തള്ളിയിട്ട് കൊന്നു

Sunday 22 March 2015 11:52 pm IST

ഹരിപ്പാട്: കരുവാറ്റ തിരുവിലഞ്ഞാല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞ് പാപ്പാനെ തള്ളിയിട്ട് കൊന്നു. കരുവാറ്റ ആഞ്ഞിലിവേലില്‍ പടീറ്റതില്‍ ഉണ്ണിക്കൃഷ്ണന്‍ (52) ആണ് മരിച്ചത്. ചിറക്കടവം ക്ഷേത്രത്തിലെ തിരുനീലകണ്ഠന്‍ എന്ന കൊമ്പനാണ് ഒന്നാം പാപ്പാനായ ഉണ്ണിക്കൃഷ്ണനെ തള്ളിയിട്ടു കൊന്നത്. ഞായറാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. എഴുന്നള്ളിപ്പിനിടെ ആനയുടെ തലേക്കെട്ട് ഒരുവശത്തേക്ക് തെന്നിമാറിയിരുന്നു. ഉണ്ണിക്കൃഷ്ണന്റെ സഹായി ശശി ആനപ്പുറത്ത് കയറി ഇത് ശരിയാക്കി. ശശി താഴെയിറങ്ങിക്കഴിഞ്ഞപ്പോള്‍ ആന പെട്ടെന്ന് വട്ടം കറങ്ങി സമീപത്ത് നില്‍ക്കുകയായിരുന്ന ഉണ്ണിക്കൃഷ്ണനെ ഇടിച്ചിട്ടു. ദൂരേക്ക് തെറിച്ചുവീണ ഇയാളെ ഉടന്‍ ഹരിപ്പാട് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന പന്മന ശരവണന്‍ എന്ന ആന ഇടഞ്ഞോടി വീട്ടുമുറ്റത്ത് പത്രം വായിച്ചിരുന്ന ഹരിപ്പാട് സ്വദേശി മനോഹരന്‍ പിള്ളയെ കഴിഞ്ഞ വ്യാഴാഴ്ച അടിച്ചുകൊന്നിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണ് അമ്പലനടയില്‍ ദുരന്തമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.