നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Monday 23 March 2015 9:52 am IST

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനിടെ ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൌണ്ടും പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രില്‍‍ ഒമ്പത് വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷം പ്രകടനമായിട്ടാണ് നിയമസഭയിലെത്തിയത്. സസ്പെന്‍ഷനിലായ എംഎല്‍എമാര്‍ സഭാതലത്തിലെത്തിയില്ല. സഭ ചേരുന്നതിന് മുമ്പ് സ്പീക്കര്‍ എന്‍.ശക്തന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. സഭ സമ്മേളിച്ചയുടന്‍ തന്നെ വനിതാ എംഎല്‍എമാര്‍ക്കെതിരായ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. എന്നാല്‍ 13ന് ഉണ്ടായ കാര്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ക്കെതിരെ നടപടി എടുത്തത് ശരിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒരുമിച്ചിരുന്ന് വീഡിയോ ദൃശ്യങ്ങള്‍ കാണാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ദൃശ്യങ്ങളില്‍ ഒരിടത്തും ഭരണപക്ഷ എംഎല്‍എമാര്‍ അക്രമം കാണിക്കുന്ന കാര്യങ്ങള്‍ ഇല്ല. അതിനാല്‍ തന്നെ കുറ്റം ചെയ്യാത്ത എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷത്തെ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തപ്പോള്‍ വനിതാ എംഎല്‍എമാരെ അവഹേളിച്ചവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വി.എസ് തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേളയിലേക്ക് സ്പീക്കര്‍ കടക്കാന്‍ ഒരുങ്ങവെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എഴുന്നേറ്റ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വനിതാ എംഎല്‍എമാര്‍ക്കെതിരായ അതിക്രമത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജമീല പ്രകാശമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേളയ്ക്കു ശേഷം അടിയന്തര പ്രമേയം പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് മന്ത്രിമാരോട് രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയ്ക്ക് പുറത്തേക്ക് പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.