ജൈവ കൃഷിയിലൂടെ നൂറുമേനി; മാതൃകയായി മാരാരി ഹരിതാ ക്ലസ്റ്റര്‍

Monday 23 March 2015 5:07 pm IST

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തുപരിധിയിലെ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ മാരാരി ഹരിതാ എ-ഗ്രേഡ് ക്ലസ്റ്ററിന് ജൈവകൃഷിയിലൂടെ കാര്‍ഷിക ഉത്പാദനത്തില്‍ നൂറുമേനി നേട്ടം. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ വാര്‍ഡുകളെ സംയോജിപ്പിച്ചാണ് ക്ലസ്റ്റര്‍ രൂപവത്കരിച്ചത്. 11, 12, 13, 16 വാര്‍ഡുകള്‍ ചേര്‍ത്താണ് ക്ലസ്റ്റര്‍ രൂപവത്കരിച്ചത്. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഇരുന്നൂറോളം കര്‍ഷകരാണ് ക്ലസ്റ്ററിന്റെ കീഴില്‍ വരുന്നത്. വാര്‍ഡ് അംഗങ്ങളുടെയും ക്ലസ്റ്റര്‍ ഭരണസമിതിയുടെയും നേതൃത്വത്തില്‍ പ്രത്യേകം മോണിറ്ററിങ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഈ കമ്മറ്റി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെ തിരഞ്ഞെടുത്ത് അവര്‍ക്ക് പച്ചക്കറി വിത്തുകളും തൈകളും നല്‍കും. നിലങ്ങളും പുരയിടങ്ങളും ടെറസുകളുമെല്ലാം ഒരുക്കി 20 ഹെക്ടര്‍ സ്ഥലത്താണ് ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്. കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ക്ലസ്റ്റര്‍  ഭരണസമിതി അംഗങ്ങളും കര്‍ഷകര്‍ക്കൊപ്പമുണ്ടാകും. മികച്ച വിളവ് ലഭിക്കാന്‍ ഇത് കര്‍ഷകരെ ഏറെ സഹായിക്കുന്നു. വിളവെടുപ്പ് സമയമാകുമ്പോള്‍ വിളകള്‍ ശേഖരിക്കാന്‍ ഓരോവാര്‍ഡിലും പ്രത്യേക സംവിധാനമുണ്ട്. വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന വിളകള്‍ക്ക് ഉടനടി വിലയും നല്‍കും. ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ട് ജങ്ഷനു സമീപത്ത് ക്ലസ്റ്ററിന്റെ നേതൃത്വത്തിലുളള വിപണന കേന്ദ്രത്തിലാണ് വിളകളുടെ വില്‍പ്പന. ഇവിടെ പച്ചക്കറികള്‍ക്കൊപ്പം പച്ചക്കറിത്തൈകളും വിത്തുകളും വളങ്ങളും ജൈവകീടനാശിനികളും വിലകുറച്ച് ലഭിക്കും. വിപണന കേന്ദ്രം ദേശീയപാതയിലായതുകൊണ്ട് ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന വാഹനയാത്രക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ഇവിടെ നിന്ന് പച്ചക്കറിയും കൃഷിക്കാവശ്യമായ സാധനങ്ങളും വാങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.