കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചെന്ന് എംഎല്‍എ

Monday 23 March 2015 5:13 pm IST

കുട്ടനാട്: കുട്ടനാട്ടിലെ കുടിവെള്ള വിതരണത്തിലെ അപാകത പരിഹരിക്കുന്നതിനും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണം വ്ഗത്തിലാക്കാനും അടിയന്തിര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തോമസ് ചാണ്ടി എംഎല്‍എ. മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത കുട്ടനാട്ടിലെ 63 പാടശേഖരങ്ങള്‍ക്ക് 34 ശതമാനം അധിക നിരക്ക് അനുവദിച്ച് ക്വട്ടേഷനുകള്‍ ക്ഷണിക്കണമെന്ന് മുഖ്യമന്ത്രി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പുളിങ്കുന്ന് പഞ്ചായത്തിലെ അയ്യനാട്, ശ്രീമൂലമംഗലം, വടക്കേ മതികായല്‍, വടക്കേക്കരി-മാടത്താനിക്കരി, കൈനകരി പഞ്ചായത്തിലെ തെക്കേ വാവക്കാട്, കന്നിട്ടകായല്‍, മീനപ്പള്ളി, ആറുപങ്ക് തുടങ്ങിയ പാടശേഖരങ്ങള്‍ അടിയന്തരമായി ധാരണാപത്രം ഒപ്പുവച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 13-ാം ധനകാര്യ കമ്മീഷന്‍ കുടിവെള്ള വിതരണത്തിനനുവദിച്ച 70 കോടി രൂപ ഉപയോഗിച്ച് കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി ഇപ്പോള്‍ നടക്കുന്ന പമ്പിങ് മെയിനുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം, വിതരണ ശൃംഖല കൂടതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതിന് ഏകദേശം 40 കോടി രൂപ കൂടി അനുവദിച്ചുതരണമെന്ന് എംഎല്‍എയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ തലവടി പഞ്ചായത്തിലെയും എടത്വാ പഞ്ചായത്തിലെയും വിതരണ ലൈനുകളുടെ നിര്‍മാണ പ്രവൃത്തി ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എംഡി എംഎല്‍എയ്ക്ക് ഉറപ്പുനല്‍കി. കൈനകരി മുണ്ടക്കല്‍ പാലം നെടുമുടി-ചാവറ റോഡ് മുതലായവയുടെ നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയോട് എംഎല്‍എ അഭ്യര്‍ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.