പത്രക്കാര്‍ 'ഹാപ്പി'യാണ്‌!

Wednesday 29 June 2011 9:47 pm IST

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്ലകാലം വരുന്നു. എണ്‍പത്‌ മുതല്‍ നൂറ്‌ ശതമാനംവരെ ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്ന മജീദിയ വേജ്ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുമെന്നതുകൊണ്ടല്ല നല്ലകാലമെന്ന്‌ പറഞ്ഞത്‌. അത്‌ നടപ്പിലാക്കിയാല്‍ മാധ്യമസ്ഥാപനങ്ങളിലെ ഡ്രൈവര്‍ക്ക്‌ പോലും ഒരു മാസം അരലക്ഷം രൂപ ശമ്പളവും ബത്തയുമായി ലഭിക്കുമെന്നാണ്‌ മാധ്യമമുതലാളിമാരുടെ സംഘടന പരസ്യപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെയുള്ള വേജ്ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്ല കാലമാവുമെങ്കിലും മാധ്യമങ്ങള്‍ക്ക്‌ അത്‌ കഷ്ടകാലമാണെന്നും അവ അടച്ചുപൂട്ടേണ്ടിവരുമെന്നുമാണ്‌ മാധ്യമമുതലാളിമാരുടെ സംഘടന പരാതിപ്പെടുന്നത്‌. തര്‍ക്കവിഷയമായിത്തീര്‍ന്നിട്ടുള്ള വേജ്ബോര്‍ഡ്‌ ശുപാര്‍ശകളിലെ നിര്‍ദ്ദിഷ്ട വേതന വര്‍ധന കാരണമല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്ലകാലം വരുന്നെന്ന്‌ പറഞ്ഞത്‌. മന്‍മോഹന്‍ സിംഗിന്റെ പുതിയ മാധ്യമനയമാണ്‌ നല്ലകാലം വരാന്‍ കാരണം. മാധ്യമസൗഹൃദം തുളുമ്പുന്ന പുതിയ നയം പ്രധാനമന്ത്രി നടപ്പിലാക്കിത്തുടങ്ങിക്കഴിഞ്ഞു-ഇന്നലെ മുതല്‍. അപ്പംകൊണ്ടുമാത്രം മനുഷ്യന്‍ ജീവിക്കുന്നില്ലെന്നതുപോലെ വേതനംകൊണ്ടോ വേതനവര്‍ധനകൊണ്ടോ മാധ്യമപ്രവര്‍ത്തകന്‌ ജീവിക്കാനാവില്ല. വാര്‍ത്തയാണ്‌ അവന്റെ/അവളുടെ ജീവവായു. വാര്‍ത്തയില്ലെങ്കില്‍ വാര്‍ത്താമാധ്യമങ്ങളില്ല, മാധ്യമപ്രവര്‍ത്തനവുമില്ല. വാര്‍ത്ത നല്‍കുന്ന കാര്യത്തില്‍ മന്‍മോഹന്‍സിംഗിനെപ്പോലെ ഇത്രയുംകാലം ഇത്രയേറെ മടി കാട്ടിയ മറ്റൊരു പ്രധാനമന്ത്രിയില്ല. മൗനം വിദ്വാന്‌ ഭൂഷണം എന്ന ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ ജീവിതത്തില്‍ പകര്‍ത്തിയ മറ്റൊരു നേതാവും കോണ്‍ഗ്രസിലുണ്ടായിട്ടില്ല. മാധ്യമസൗഹൃദത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്നേതാക്കള്‍ കമ്മ്യൂണിസ്റ്റുകാരെപോലെയല്ല. എന്തിനും ഏതിനും പത്രസമ്മേളനം വിളിച്ചുകൂട്ടി വാര്‍ത്തകള്‍ വിളമ്പുന്നവരാണ്‌ കോണ്‍ഗ്രസുകാര്‍.
കമ്മ്യൂണിസ്റ്റുകാരാവട്ടെ പത്രക്കാരെ കാണാനോ പത്രസമ്മേളനം വിളിക്കാനോ കഴിവതും കൂട്ടാക്കാതെ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്‌ മാധ്യമസിന്റിക്കേറ്റെന്നും മാധ്യമ ഗൂഢാലോചനയെന്നും അവര്‍ പരാതികള്‍ ഉയര്‍ത്തുന്നത്‌. മാധ്യമപ്രവര്‍ത്തകരുമായി മാതൃകാപരമായ ബന്ധമായിരുന്നത്രെ പ്രഥമകോണ്‍ഗ്രസ്‌ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു പുലര്‍ത്തിയിരുന്നത്‌. അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാഗാന്ധിക്ക്‌ ഒരുതരം 'ലവ്‌-ഹേറ്റ്‌ റിലേഷന്‍ഷിപ്‌' ആയിരുന്നു മാധ്യമങ്ങളുമായി. മാധ്യമപ്രവര്‍ത്തകരുടെ ഉറ്റമിത്രമായിരുന്നു വാജ്പേയ്‌. മാര്‍ക്സിസ്റ്റ്‌ ആചാര്യനായ ഇ.എം.എസ്‌.നമ്പൂതിരിപ്പാടിനും പത്രക്കാര്‍ക്ക്‌ അഭിമുഖം അനുവദിക്കുന്നതില്‍ യാതൊരു മടിയുമില്ലായിരുന്നു. പക്ഷെ, അമേരിക്കന്‍ പ്രസിഡന്റിന്റെ പത്രസമ്മേളനങ്ങളിലെന്നപോലെ, ചോദ്യങ്ങള്‍ മുന്‍കൂറായി എഴുതിക്കൊടുക്കണമെന്ന നിബന്ധന അഭിമുഖം അനുവദിക്കുന്നതില്‍ ഇഎംഎസിന്‌ ഉണ്ടായിരുന്നു എന്നുമാത്രം. മാധ്യമസൗഹൃദത്തിന്റെ കാര്യത്തില്‍ കെ.കരുണാകരന്‍ ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. മഹാത്മാഗാന്ധിയെപ്പോലെ എത്ര തിരക്കിനിടയിലും പത്രക്കാരെ കാണാന്‍ കരുണാകരന്‍ സമയം കണ്ടെത്തിയിരുന്നു. പത്രക്കാരെ അകറ്റി നിര്‍ത്തുന്ന പതിവ്‌ എ.കെ.ആന്റണിക്കുമില്ല. പക്ഷെ ഒരു വ്യത്യാസം മാത്രം. കരുണാകരനെ എപ്പോള്‍ കണ്ടാലും വാര്‍ത്ത നല്‍കി അദ്ദേഹം പത്രക്കാരുടെ വിശപ്പടക്കുമായിരുന്നു. ആന്റണിയാവട്ടെ, മാധ്യമപ്രവര്‍്ത്തകരുടെ തോളില്‍ തട്ടുകയും തലോടുകയും ഒക്കെ ചെയ്താലും, വാര്‍ത്താംശമുള്ള ഒരു വരിപോലും അദ്ദേഹത്തില്‍നിന്ന്‌ വീണുകിട്ടാന്‍ എന്നും വലിയ പ്രയാസം തന്നെ.
മന്‍മോഹന്‍സിംഗിന്റെ മൗനത്തെ പറ്റി ഈ പംക്തിയില്‍ ഈയിടെ പരാമര്‍ശിച്ചിരുന്നു. മന്‍മോഹന്‍സിംഗ്‌ അധികാരമേറ്റശേഷം പ്രധാനമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ വളരെ അപൂര്‍വമാണെന്നും അദ്ദേഹവുമായി ആശയവിനിമയത്തിന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അവസരമുണ്ടാവുന്നത്‌ വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുമ്പോള്‍ വിമാനത്തില്‍മാത്രമാണെന്നുമൊക്കെ ഇതിനുമുമ്പ്‌ എഴുതിയിരുന്നു. എന്നാല്‍ ആ പതിവ്‌ തെറ്റിക്കാനാണ്‌ പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം. മൗനം മോഹനമല്ലെന്ന്‌ മന്‍മോഹന്‍സിംഗിന്‌ ബോധ്യമായതായി, അഥവാ ആരോ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി തോന്നുന്നു. മന്‍മോഹന്‍സിംഗ്‌ മനനമോഹനനായിരിക്കുന്നതുമൂലം മാധ്യമങ്ങളും പ്രധാനമന്ത്രിയ്ക്കുമിടയില്‍ ഉണ്ടായിട്ടുള്ള 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്‌' യുപിഎ സര്‍ക്കാരിന്റെ പ്രതിഛായ തകരാന്‍ കാരണമായെന്ന്‌ ആരോ കണ്ടുപിടിച്ചിരിക്കുന്നു. എന്നാല്‍ പിന്നെ, ഇനി മൗനം ഭഞ്ജിക്കാമെന്ന തീരുമാനത്തിലാണ്‌ മന്‍മോഹന്‍സിംഗ്‌. നിരന്തര മാധ്യമസമ്പര്‍ക്കമെന്നതാണ്‌ പുതിയ നയം. അതിനായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുക കൂടാതെ, ഇടയ്ക്കിടെ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുകയും ചെയ്യും. മാധ്യമങ്ങളോടുള്ള മന്‍മോഹന്‍സിംഗിന്റെ മാറിയ സമീപനത്തെ 'യാങ്കി ശൈലി' എന്നാണ്‌ ഒരു ദല്‍ഹി പത്രം വിശേഷിപ്പിച്ചത്‌. അതില്‍ യാങ്കിയോ അമേരിക്കനോ ആയി യാതൊന്നുമില്ലെന്നതാണ്‌ സത്യം. നമ്മുടെ ഗാന്ധിജിയുടെ പഴയശൈലി തന്നെ. അദ്ദേഹം ഭരണാധികാരി ആയിരുന്നില്ലെന്ന വ്യത്യാസം മാത്രം.
പ്രതിഛായ നന്നാക്കാന്‍ വേണ്ടിയാണെങ്കിലും പ്രധാനമന്ത്രിയെ ഇനി ഇടയ്ക്കിടെ പത്രക്കാര്‍ക്ക്‌ കിട്ടുമെന്നത്‌ നല്ല കാര്യം. പക്ഷെ ബറാക്ക്‌ ഒബാമയ്ക്ക്‌ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പരിശീലനവും, അമേരിക്കന്‍ പ്രസിഡന്റിനെ അനുകരിക്കാന്‍ മന്‍മോഹന്‍സിംഗിനെ ഉപദേശിച്ചവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ നല്‍കിയിട്ടുണ്ടോ എന്നറിയില്ല. ഇന്ത്യയില്‍ മാധ്യമോപദേഷ്ടാവ്‌ എന്നത്‌ മിക്കപ്പോഴും ഒരലങ്കാരം മാത്രമാണ്‌. ഉപദേശിക്കാന്‍ ധൈര്യപ്പെടാത്ത ഉപദേഷ്ടാക്കളും. ഉപദേശിച്ചാല്‍ രസിക്കാത്ത ഭരണാധികാരികളുമാണ്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടേത്‌. ഉപദേശം ചെവിക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിയുടെ പ്രസ്‌ അഡ്വവൈസര്‍ പദവി രാജി വെച്ചിറങ്ങിപ്പോയ ഒരാളുടെ പേരെ നാം കേട്ടിട്ടുള്ളൂ- ഇന്ദിരാഗാന്ധിയുടെ ഉപദേഷ്ടാവായ ബി.ജി.വര്‍ഗീസ്‌. പക്ഷെ, ഇന്ദിരാഗാന്ധിയല്ല മന്‍മോഹന്‍സിംഗ്‌; ഇന്ദിരയുടെ കാലമല്ല മന്‍മോഹന്റെ കാലം. ഉപദേശിച്ചില്ലെങ്കില്‍, ഉപദേശം സ്വീകരിച്ചില്ലെങ്കില്‍ അപകടമാണ്‌. വെളുക്കാന്‍ തേക്കുന്നത്‌ പാണ്ടാവും. ഏതാനും മാസംമുമ്പ്‌, സ്പെക്ട്രം കുംഭകോണത്തെപ്പറ്റിയുള്ള വിവാദം കത്തിനില്‍ക്കെ, ദൃശ്യമാധ്യമങ്ങളുടെ സാരഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്‍മോഹന്‍സിംഗിന്റെ പ്രകടനം ഇന്ത്യ മുഴുവന്‍ കണ്ടതാണ്‌. സഹതാപമാണ്‌ നമ്മുടെ പ്രധാനമന്ത്രിയോട്‌ അന്ന്‌ അത്‌ കണ്ടവര്‍ക്ക്‌ തോന്നിയത്‌. 'നെഗേറ്റെവ്‌' എന്നോ 'കൗണ്ടര്‍ പ്രൊഡക്ടീവ്‌' എന്നൊ ഉള്ള ഇംഗ്ലീഷ്‌ പദങ്ങള്‍പോലും പര്യാപ്തമല്ല അദ്ദേഹത്തിന്റെ ശരീരഭാഷയും സംഭാഷണശൈലിയും വിശേഷിപ്പിക്കാന്‍. മന്‍മോഹന്‍സിംഗിന്റെ പ്രതിഛായയുടെ 'ഗ്രാഫ്‌' കുത്തനെ താഴ്ത്തുന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രകടനം. ദേശീയ ദൃശ്യമാധ്യമ മഹാരഥന്മാര്‍, തങ്ങള്‍ക്ക്‌ കാത്തിരുന്ന്‌ കിട്ടിയ ആ അവസരം, എന്തോ കാരണങ്ങളാല്‍ ഫലപ്രദമായി വിനിയോഗിക്കാതെ മന്‍മോഹന്‍സിംഗിനെ മനഃപൂര്‍വം വെറുതെ വിട്ടതുകൊണ്ടുമാത്രമാണ്‌ അദ്ദേഹം പരിക്കുകള്‍ കൂടാതെ അന്ന്‌ രക്ഷപ്പെട്ടത്‌. ഇനി ഇപ്പോള്‍, ഇടയ്ക്കിടെ കൂടിക്കാണുമ്പോള്‍ അവസരത്തിനൊത്ത്‌ നമ്മുടെ പ്രധാനമന്ത്രിയും ഒപ്പം ഇന്ദ്രപ്രസ്ഥത്തിലെ മാധ്യമ പ്രതിനിധികളും ഉയരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം.
ദല്‍ഹിയിലെ മാത്രമല്ല, തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരും ഈയിടെയായി പൊതുവേ 'ഹാപ്പി'യാണ്‌. അധികം ആയാസപ്പെടാതെ വാര്‍ത്തകള്‍ വീണുകിട്ടുന്നതാണ്‌ കേരളത്തില്‍ യുഡിഎഫ്‌ ഭരണകാലം. മാത്രമല്ല, എല്‍ഡിഎഫ്‌ മന്ത്രിമാരെ അപേക്ഷിച്ച്‌ യുഡിഎഫ്‌ മന്ത്രിമാര്‍ക്ക്‌ മാധ്യമസൗഹൃദം ഏറെയാണ്‌. മുഖ്യമന്ത്രിയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടാവാം തലസ്ഥാനത്തെ ഒരു മാധ്യമമഹാരഥന്‍ കഴിഞ്ഞയാഴ്ച മുഖപ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ 'ഈനാംപേച്ചികളെയും മരപ്പെട്ടികളെയും' കരുതിയിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. യുഡിഎഫ്‌ ഭരണകാലം അത്തരക്കാരുടെ കൊയ്ത്തുകാലമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. ഭരണമാറ്റത്തെ തുടര്‍ന്ന്‌ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ സ്ഥാനമാനങ്ങള്‍ ലേലം വിളിക്കുന്നുവെന്ന്‌ ഒരു ഉച്ചപ്പത്രത്തില്‍ ഇതിനകം വാര്‍ത്ത വന്നിരുന്നു. ഇതൊന്നും മതിയാവാതെ മന്ത്രിമാരും എംഎല്‍എമാരുമായി മാധ്യമ പ്രതിനിധികള്‍ക്കുള്ള 'അകലം കുറയ്ക്കാനായി' നിയമസഭാ ഹാളില്‍ (പഴയനിയമസഭാഹാളിലെ പോലെ) അവര്‍ക്കരികിലായി പത്രക്കാരെ അടുത്തിരുത്തണമെന്നൊരു നിര്‍ദ്ദേശം ബഹുമാനപ്പെട്ട സ്പീക്കര്‍ ഈയിടെ വിളിച്ചുകൂട്ടിയ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. അധികം അടുപ്പം അവജ്ഞയ്ക്ക്‌ ഇടയാക്കുമെന്ന്‌ ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്‌. 'റെസ്പെക്ടബിള്‍ ഡിസ്റ്റന്‍സ്‌' പാലിക്കുന്നതാണ്‌ എല്ലാവര്‍ക്കും അഭികാമ്യം-ആരോഗ്യകരമായ മാധ്യമപ്രവര്‍ത്തനത്തിനും ഒപ്പം ഭരണത്തിനും. ഇല്ലെങ്കില്‍, സ്വയം നാറുകയും മറ്റുള്ളവരെ നാറ്റിക്കുകയും ചെയ്യും.ഹരി എസ്‌. കര്‍ത്താ
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.