ഭാരതത്തിലെ ഏറ്റവും പ്രായംകൂടിയ വനിത കുഞ്ഞന്നം അന്തരിച്ചു

Tuesday 24 March 2015 11:58 am IST

തൃശൂര്‍: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ചൂണ്ടല്‍ പാറന്നൂര്‍ സ്വദേശിനി കുഞ്ഞന്നം (112) അന്തരിച്ചു. തൃശൂര്‍ അമല മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പാറന്നൂര്‍ വാഴപ്പിള്ളി അന്തോണിയുടേയും അച്ചുണ്ണിയുടേയും പതിനൊന്നാമത്തെ മകളായ റോസ എന്ന കുഞ്ഞന്നം 1903 മെയ് 12നാണ് ജനിച്ചത്. മാമോദീസ രേഖയില്‍നിന്നാണ് പ്രായം മനസ്സിലാക്കിയത്. അവിവാഹിതയായിരുന്നു. സഹോദരന്‍െറ മകന്‍ ജോസിനൊപ്പമായിരുന്നു താമസം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞന്നത്തിനെ പ്രവേശിപ്പിച്ചത്. സഹോദരന്‍ പരേതനായ വാഴപ്പിള്ളി കൊച്ചാപ്പുവിന്റെ മകന്‍ ജോസിനോടൊപ്പം പാറന്നൂരിലെ കൊച്ചുവീട്ടിലായിരുന്നു ദീര്‍ഘകാലമായി താമസം. കൂലിപ്പണിക്കാരനായ ജോസും ഭാര്യ എല്‍സിയുമാണ് കുഞ്ഞന്നത്തിന്റെ സംരക്ഷകര്‍. ഇവരുടെ മക്കളായ ജിസന്‍, ജെയിംസ്, ജിസി എന്നിവരാണ് ലിംക ബുക്സില്‍ കുഞ്ഞന്നത്തിന് സ്ഥാനം കിട്ടാന്‍ മുന്‍കൈയെടുത്തത്. ലിംക വെബ്സൈറ്റില്‍ കുഞ്ഞന്നത്തിന്റെ ചിത്രം സഹിതം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാരതത്തിലെ അവിവാഹിതയായ ഏറ്റവും പ്രായമുള്ള സ്ത്രീ എന്ന സ്ഥാനവും കുഞ്ഞന്നത്തിനുണ്ട്. ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ ജപ്പാന്റെ സകാറി മൊമോം കൊച്ചന്നത്തേക്കാള്‍ ഒരുവയസ്സിന് താഴെയാണെന്ന് രേഖകള്‍ പറയുന്നു. സ്ത്രീകളില്‍, നിലവിലുള്ള റെക്കോഡ് 116 വയസ്സും 226 ദിവസവും പിന്നിട്ട ജപ്പാന്‍കാരി മിസാവോ ഒക്കാവക്കാണ്. 116 വയസ്സും 105 ദിവസവും പിന്നിട്ട അമേരിക്കയുടെ ജെര്‍ട്യൂഡ് വീവറും 115 വയസ്സും 147 ദിവസവും പ്രായമുള്ള അമേരിക്കയുടെ ജെറാലീന്‍ ടാലിയുമാണ് തൊട്ടുപിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.