ഊര്‍ജ്ജ സംഗമം 2015 27 ന് ദല്‍ഹിയില്‍

Tuesday 24 March 2015 6:44 pm IST

കൊച്ചി: പ്രഥമ അന്താരാഷ്ട്ര ഊര്‍ജ്ജ ഉച്ചകോടി 27 ന് ന്യൂദല്‍ഹിയില്‍ ആരംഭിക്കും. 2019 ഓടെ എല്ലാവര്‍ക്കും ഊര്‍ജ്ജം എന്ന ലക്ഷ്യത്തോടെ കേന്ദ്ര എണ്ണ പ്രകൃതിവാതക മന്ത്രാലയമാണ് ഊര്‍ജ്ജ സംഗമം 2015 എന്ന പേരില്‍ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഊര്‍ജ്ജ മേഖലയിലെ എല്ലാ കമ്പനികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഓയില്‍ ബറൗണി റിഫൈനറി, ഒഎന്‍ജിസി വിദേശ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ എന്നിവയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. ഇന്ത്യയിലെ മുന്‍നിര ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കമ്പനിക്ക് രാജ്യത്തെ പെട്രോളിയം വിപണിയില്‍ 50 ശതമാനം പങ്കാളിത്തമാണ് ഉള്ളത്. 11,163 കിലോമീറ്റര്‍ പൈപ്‌ലൈന്‍ ശൃംഖലയും 10 റിഫൈനറികളും ഐഒസിക്കുണ്ട്. 10 റിഫൈനറികളുടെ വാര്‍ഷിക ശേഷി 63.7 ദശലക്ഷം മെട്രിക് ടണ്ണാണ്. ബറൗണി റിഫൈനറി സുവര്‍ണ ജൂബിലിയുടെ ഭാഗമായി റിഫൈനറിയുടെ ശേഷി മൂന്ന് ദശലക്ഷം ടണ്ണായി ഉയര്‍ത്തുമെന്ന് പെട്രോളിയം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചു. ഇത് റിഫൈനറിയുടെ ക്രൂഡ് ഓയില്‍ സംസ്‌കരണ ശേഷി അടുത്ത 5-6 കൊല്ലത്തിനുള്ളില്‍ ഒമ്പത് ദശലക്ഷം ടണ്ണാക്കി ഉയര്‍ത്താന്‍ സഹായകമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.