സംവരണ എംഎല്‍എമാര്‍ക്ക് പട്ടികജാതി മോര്‍ച്ച കത്തയച്ച് പ്രതിഷേധിച്ചു

Tuesday 24 March 2015 10:09 pm IST

സംവരണ സീറ്റുകളില്‍ നിന്ന് വിജയിച്ച പട്ടികജാതി-വര്‍ഗ എംഎല്‍എമാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്
പട്ടികജാതി മോര്‍ച്ച കത്തയയ്ക്കുന്നതിന്റെ ഉദ്ഘാടനം ദേശിയ സെക്രട്ടറി എല്‍. മുരുഗന്‍ നിര്‍വഹിക്കുന്നു

ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുവാനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും സംവരണ സീറ്റുകളില്‍ നിന്ന് വിജയിച്ച പട്ടികജാതി-വര്‍ഗ എംഎല്‍എമാര്‍ പരാജയപ്പെട്ടതായി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ.എല്‍. മുരുഗന്‍ പറഞ്ഞു.

ഭരണഘടനാശില്പി ഡോ. അംബേദ്കര്‍ എഴുതിവച്ച സംവരണം ഉള്ളതുകൊണ്ടാണ് നിയമസഭയിലെത്തിയതെന്ന കാര്യം ഇവര്‍ ഓര്‍ക്കണം. കേരളത്തിലെ പട്ടികജാതിജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോഴും അട്ടിമറിക്കപ്പെടുമ്പോഴും കൂട്ടുനില്‍ക്കുന്ന സമീപനമാണ് പട്ടികജാതി എംഎല്‍എമാര്‍ സ്വീകരിക്കുന്നത്. വ്യാജജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് പിഎസ്‌സി വഴി സര്‍ക്കാര്‍ ജോലി സമ്പാദിച്ച സംഭവത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധിക്കാത്ത പട്ടികജാതി എംഎല്‍എമാരുടെ നടപടി പട്ടികജാതി സമൂഹത്തോടുള്ള വഞ്ചനയാണ്.

വ്യാജജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് സര്‍ക്കാര്‍ ജോലി നേടിയവരെ പിരിച്ചുവിടുക, പട്ടികജാതികാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക, പിഎസ്‌സി ജോലി തട്ടിപ്പിനെകുറിച്ച് ഉന്നതതല ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തുക, ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്  പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം കേരളത്തിലെ പട്ടികജാതി വര്‍ക്ഷ എംഎല്‍എമാര്‍ക്ക് കത്തയയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം. വേലായുധന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ജന.സെക്രട്ടറി സി.എ. പുരുഷോത്തമന്‍ എന്നിവര്‍പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.