കൊടുങ്ങൂരില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

Tuesday 24 March 2015 10:15 pm IST

കൊടുങ്ങൂര്‍: ദേശീയപാതയില്‍ കൊടുങ്ങൂര്‍ കവലയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. കാറില്‍ സഞ്ചരിച്ചിരുന്ന പാലാ ഏഴാച്ചേരി ഇടത്തറയില്‍ സാജു തോമസി (50)നും, കങ്ങഴ ബിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സാവിയോ സാബു(14) എന്നിവര്‍ക്കാണ് പരിക്ക് സംഭവിച്ചത്. സാരമായി പരിക്കേറ്റ സാജുവിനെ പാമ്പാടി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ സാവിയോയെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. കൊടുങ്ങൂര്‍ കവലയില്‍ വൈദ്യുതി ഭവനടുത്ത് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. കോട്ടയം ഭാഗത്തുനിന്നും പൊന്‍കുന്നത്തേക്ക് വരികയായിരുന്ന സാജു സഞ്ചരിച്ചിരുന്ന കാറും എതിര്‍ ദിശയില്‍ വന്ന സ്‌കൂള്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ബസിന്റെ ഗ്ലാസ് പൊട്ടി സാവിയോ പുറത്തേക്ക് വീണുവെങ്കിലും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. കാറില്‍ സാജു തോമസ് മാത്രമാണുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ എസ്‌ഐ എ.എസ്. സുബൈറിന്റെ നേതൃത്വത്തിലുള്ള ഹൈവേ പോലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.