ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

Wednesday 25 March 2015 10:37 am IST

പാരിസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ ചൊവ്വാഴ്ച തകര്‍ന്നുവീണ ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി.  എന്നാല്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സ്‌പെയിനിലെ ബാഴ്‌സലോണയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഫോര്‍ഡിലേക്കുപോയ ലുഫ്താന്‍സ ജര്‍മന്‍ വിങ്‌സ് വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. ദുരന്തത്തില്‍ 150 പേര്‍ മരിച്ചു. അപകട കാരണം സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നാല് ഹെക്ടറോളം പ്രദേശത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. കാലാവസ്ഥ മോശമായതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും മാറ്റുന്നതിനും ദിവസങ്ങളെടുത്തേക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.എന്‍ജിന്‍ തകരാറാവാം അപകട കാരണമെന്നാണ് കരുതുന്നത്. തകര്‍ന്നുവീണതിന് തൊട്ടുമുമ്പ് വിമാനം മണിക്കൂറില്‍ 350 മൈല്‍ വേഗത്തിലാണ് പറന്നിരുന്നത്. എന്‍ജിന്‍ തകരാറിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് നിഗമനം. എട്ട് മിനിട്ടിനുള്ളില്‍ 38,000 അടിയില്‍നിന്ന് 6000 അടിയിലേക്ക് താഴ്ന്നതിന് ശേഷമാണ് വിമാനം തകര്‍ന്നത്. രണ്ട് എന്‍ജിനുകളും തകരാറായതിനെത്തുടര്‍ന്നാവാം ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു. വിമാനത്തില്‍നിന്ന് അപായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിമാനം അരമണിക്കൂര്‍ വൈകിയാണ് പറന്നുയര്‍ന്നതെന്ന് ലുഫ്താന്‍സ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അപകട കാരണം സംബന്ധിച്ച വ്യക്തത ലഭിക്കും. അതേസമയം, മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വതനിരയിലെ ഏറ്റവും ദുര്‍ഘടമായ വിദൂരമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്‌കരമാണ്. വിമാനം തകര്‍ന്ന സമയത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും പിന്നീട് അത് മാറി. അപകടമേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ആരും സാധ്യതയില്ലെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് അറിയിച്ചു. നാലു പതിറ്റാണ്ടിനിടെ ഫ്രാന്‍സില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.