ജേക്കബിന് അനുശോചനം രേഖപ്പെടുത്തി സഭ പിരിഞ്ഞു

Wednesday 2 November 2011 12:22 pm IST

തിരുവനന്തപുരം: അന്തരിച്ച മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ നിയമസഭ അനുശോചനം രേഖപ്പെടുത്തി ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജേക്കബെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സ്മരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു പഠിക്കുകയും സഭയില്‍ ഉന്നയിക്കുകയും ചെയ്യാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ജേക്കബിന് കഴിഞ്ഞു. സി. അച്യുതമേനോന്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്നിവരുടെ പ്രശംസ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ പതറാതെ നേരിട്ട നേതാവാണ് ജേക്കബെന്നും സ്പീക്കര്‍ പറഞ്ഞു. മൂന്നര പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച നേതാവായിരുന്നു ജേക്കബെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. 1997ല്‍ ജേക്കബ് ആദ്യമായി നിയമസഭയിലെത്തുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം കൈകാര്യം ചെയ്തിട്ടുളള ഓരോ വകുപ്പിലും പുരോഗമനപരമായ നയങ്ങള്‍ കൊണ്ടുവന്നു. സമഗ്രമായ ജലനയം, ഒരു രൂപ അരി, വിദ്യാഭ്യാസ രംഗത്തെ പ്രീഡിഗ്രി ബോര്‍ഡ് , സാംസ്കാരികം എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. ഭരണരംഗത്ത് ആഗ്രഹിച്ചതെല്ലാം നടപ്പാക്കിയ, നീണ്ടു നിന്ന നിയമപോരാട്ടത്തില്‍ വിജയിച്ച് അഗ്നിശുദ്ധി വരുത്തിയ ജേക്കബ് രോഗത്തിന്റെ മുമ്പില്‍ മാത്രമാണ് പരായജപ്പെട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. ശക്തനായ പാര്‍ലമെന്റേറിയനായിരുന്നു ജേക്കബെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്മരിച്ചു. സഭയില്‍ ബില്‍ കൊണ്ടുവരാനും ഭംഗിയായി അവതരിപ്പിക്കാനും പാസാക്കാനും ജേക്കബിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സൗഹൃദത്തിനും സ്നേഹത്തിനും കുറവുണ്ടാകാന്‍ ഇടയായിയിട്ടില്ല. പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ്, യുവജന നേതാവ് എന്നീ നിലകളിലെല്ലാം വളര്‍ന്ന ജേക്കബ് സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സ്നേഹസമ്പന്നനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.