കല്‍ക്കരിപ്പാടം അഴിമതി: നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് മന്‍മോഹന്‍സിങ്

Wednesday 25 March 2015 10:30 pm IST

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ പ്രതിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു. അടുത്തയാഴ്ച കോടതി മന്‍മോഹന്‍സിങ്ങിന്റെ അപേക്ഷ പരിഗണിച്ചേക്കും. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍, കെടിഎസ് തുളസി എന്നിവരാണ് മന്‍മോഹന്‍സിങ്ങിനു വേണ്ടി കോടതിയില്‍ ഹാജരാകുക. ഏപ്രില്‍ 8ന് ഹാജരാകാനാണ് സിബിഐ പ്രത്യേക കോടതി മന്‍മോഹന്‍സിങ് അടക്കമുള്ള പ്രതികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കല്‍ക്കരികേസില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കി കിട്ടുന്നതിനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വവും മന്‍മോഹന്‍സിങ്ങും നടത്തുന്നത്. മന്‍മോഹന്‍സിങ് നേരിട്ട് കോടതിയുടെ മുന്നിലെത്തുന്നത് വലിയ ക്ഷീണമാണെന്ന് പാര്‍ട്ടിയും മന്‍മോഹനന്‍സിങ്ങിന്റെ അനുയായികളും കരുതുന്നു. മന്‍മോഹന്‍സിങ് കോടതിയില്‍ ഹാജരാകേണ്ട സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ മന്‍മോഹന്‍സിങ്ങിനു നല്‍കിയ ഉറപ്പുപാലിക്കാനും പാര്‍ട്ടി ശ്രമിക്കുന്നു. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ സിബിഐ കോടതി മാര്‍ച്ച് 11നാണ് മന്‍മോഹന്‍സിങ്ങിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശശം നല്‍കിയത്. മന്‍മോഹന്‍സിങ്ങിനുപുറമേ മുന്‍കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, ഹിന്‍ഡാല്‍കോ ഉടമ കുമാര മംഗലം ബിര്‍ള, കമ്പനിയിലെ ഉദ്യോഗസ്ഥരായ ഡി.ഭട്ടാചാര്യ, സുഭേന്ദു അമിതാബ് എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി നിരോധന വകുപ്പുകള്‍ എന്നിവ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ കേസില്‍ വിചാരണ നടപടികള്‍ നേരിടണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന് വന്‍തുക നഷ്ടം വരുത്തിയ നടപടിയാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ചെയ്തതെന്നതുള്‍പ്പെടെ സിബിഐ കോടതി നടത്തിയ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന ആവശ്യവും മന്‍മോഹന്‍സിങ് സുപ്രീംകോടതിക്കു മുന്നില്‍ വെച്ചേക്കും. നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ കൂടി ചുതമല വഹിച്ചിരുന്ന മന്‍മോഹന്‍സിങ് ഹിന്‍ഡാല്‍ക്കോയ്ക്ക് കരാര്‍ നല്‍കിയത്, കല്‍ക്കരിമന്ത്രാലയ ചുമതല നിര്‍വഹിച്ചത് മന്‍മോഹന്‍സിങ് നേരിട്ടായതിനാല്‍ മന്ത്രാലയത്തിലെ ഫയലുകള്‍ വിശദമായി കണ്ടിട്ടില്ലെന്ന വാദം ഉയര്‍ത്താന്‍ മുന്‍പ്രധാനമന്ത്രിക്കു സാധിക്കില്ല തുടങ്ങിയ കോടതി പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.