ഒറ്റാലില്‍ ഒതുങ്ങിയ മലയാള സിനിമ

Thursday 26 March 2015 10:08 pm IST

ലോകസിനിമയ്ക്കുമുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നിരുന്ന കാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ലോകമെങ്ങുമുള്ള സിനിമാസ്വാദകരും സിനിമാപ്രവര്‍ത്തകരും ഇന്ത്യന്‍ സിനിമയുടെ പ്രതിരൂപമായി മലയാള സിനിമയെ വീക്ഷിച്ചിരുന്ന സുവര്‍ണ്ണ കാലം. എന്നാല്‍ അങ്ങനെയൊരുകാലമുണ്ടായിരുന്നു എന്ന് അയവിറക്കാനുള്ള വെറും ഓര്‍മ്മകള്‍ മാത്രമായി അതെല്ലാം. ഇത്തവണ ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് വിരലിലെണ്ണാവുന്ന പുരസ്‌കാരങ്ങള്‍ മാത്രമാണ് നേടാനായത്. മുന്‍കാലങ്ങളില്‍ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയിരുന്നത് മലയാളമായിരുന്നു. പ്രധാനപുരസ്‌കാരങ്ങളെല്ലാം മലയാളസിനിമ നേടിയിരുന്നു. ഇപ്പോള്‍ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ കേരളത്തെ അവഗണിച്ചുവെന്ന് ചിലമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. എന്നാല്‍ ഇന്ത്യയില്‍ മറ്റ് ഭാഷകളിലിറങ്ങിയ ചലച്ചിത്രങ്ങളെ അപേക്ഷിച്ച് മേന്മപറയാവുന്ന എത്രസിനിമകള്‍ പോയവര്‍ഷം മലയാളത്തിലുണ്ടായെന്ന് അന്വേഷിക്കാന്‍ 'തഴഞ്ഞു' എന്ന് വിമര്‍ശനമുന്നയിച്ചവര്‍ മെനക്കെട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പലകാര്യത്തിലും കേരളത്തെ തഴഞ്ഞു എന്ന് സ്ഥിരമായി വാര്‍ത്ത നല്‍കിയവര്‍ക്ക് 'തഴഞ്ഞു' എന്ന് വീണ്ടും പറയാനുള്ള അവസരമായി ഇതും മാറി. സമൂഹത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയില്‍ സിനിമ വലിയമാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നല്ല സിനിമകാണാന്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ പ്രവഹിച്ച കാലം. സിനിമയും നാടകവുമൊക്കെ നമ്മുടെ സാംസ്‌കാരികബോധത്തെ രൂപപ്പെടുത്തുകയും മാറ്റുകയും ചെയ്തിരുന്നു. നമ്മുടെ രാഷ്ട്രീയ ബോധത്തെ പോലും സിനിമ നിയന്ത്രിച്ചപ്പോള്‍ മലയാളി സിനിമയില്ലാതെ ജീവിക്കാനാകില്ലെന്ന അവസ്ഥയിലെത്തി. കേരളത്തിലെ മാത്രം അവസ്ഥാവിശേഷമായിരുന്നില്ല അത്. മറ്റ് സംസ്ഥാനങ്ങളിലും സിനിമ ആശയും ആവേശവുമായി. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സിനിമയില്‍ എപ്പോഴും ജയിച്ചുനില്‍ക്കുന്ന നായകനില്‍ തങ്ങളുടെ രക്ഷകനെ കണ്ടു. സിനിമയിലെ താരങ്ങള്‍ വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങി അവരുടെ രക്ഷകരുമായി. കേരളത്തില്‍ അത്തരത്തിലുള്ള സമീപനമായിരുന്നില്ല സിനിമയോടുണ്ടായിരുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരായിരുന്നു മലയാളത്തിന്റെ നേട്ടം. അവര്‍ക്ക് സിനിമ വെറും ആസ്വാദനത്തിനോ ആവേശക്കൊടുമുടിയില്‍ ഹര്‍ഷാരവം മുഴക്കാനുള്ള മാധ്യമമോ ആയിരുന്നില്ല. സിനിമയില്‍ ജീവിതത്തിന്റെ പ്രതിരൂപങ്ങളും ആദര്‍ശവും തത്ത്വചിന്തയും കലയും കച്ചവടവുമെല്ലാം കാണാന്‍ കഴിഞ്ഞു. സിനിമയിലെ താരത്തോട് അന്ധമായ ആരാധനയായിരുന്നില്ല. നല്ല അഭിനേതാക്കളെ ആദരിക്കുകയും അവരില്‍ അഭിമാനംകൊള്ളുകയും ചെയ്തു. എംടിയുടെ നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെ അനശ്വരമാക്കിയ പി.ജെ. ആന്റണിയെയും ഭരതന്റെ ലോറിയിലെ അച്ചന്‍കുഞ്ഞും കെ.എസ്. സേതുമാധവന്റെ ഓപ്പോളിലെ ബാലന്‍ കെ. നായരുമെല്ലാം താരത്തിളക്കത്തിനപ്പുറം അഭിനയപാടവത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയവരാണ്. മലയാളത്തില്‍ നല്ല സിനിമകളുടെ വേലിയേറ്റത്തിനു കാരണമായത് പ്രശസ്തരായ സിനിമാപ്രവര്‍ത്തകരാണ്. എഴുപതുകളും എണ്‍പതുകളുമാണ് മലയാളസിനിമ നേട്ടങ്ങള്‍ ഏറെ കൈവരിച്ചത്. 1965ല്‍ ചെമ്മീനും 1972ല്‍ സ്വയംവരവും 1973ല്‍ നിര്‍മ്മാല്യവും ദേശീയതലത്തില്‍ ആദരിക്കപ്പെടുകയും രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കുകയും ചെയ്തു. 1967ല്‍ സാമൂഹ്യപ്രശസ്തിയുള്ള ചിത്രമെന്ന നിലയില്‍ ഇരുട്ടിന്റെ ആത്മാവും 1968ല്‍ തുലാഭാരവും വെള്ളിമെഡല്‍ നേടി. 1980ലാണ് എംടിയുടെ തിരക്കഥയില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോള്‍ പുറത്തുവരുന്നത്. ബാലന്‍ കെ. നായര്‍ നായകവേഷത്തിലെത്തിയ ഓപ്പോള്‍ മികച്ച നടനുള്‍പ്പടെ നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. അരവിന്ദന്റെ ഉത്തരായനം മുതല്‍ ചിദംബരം വരെയുള്ള ചലച്ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയവയാണ്. കബനീനദി ചുവന്നപ്പോള്‍ എന്ന പി.എ. ബക്കര്‍ സിനിമ ഇന്ത്യന്‍ സിനിമയുടെ ആസ്വാദനനിലവാരത്തെയാകെ മാറ്റിമറിച്ച കലാസൃഷ്ടിയാണ്. ദാര്‍ശനികസൗന്ദര്യത്തിന്റെ പുതിയമാനങ്ങളാണ് ഈ ചലച്ചിത്രം സമ്മാനിച്ചത്. ആസ്വാദനത്തിലെ വ്യത്യസ്തയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. കെ.ജി. ജോര്‍ജ്ജിന്റെ സ്വപ്‌നാടനം, യവനിക, കോലങ്ങള്‍ എന്നീ ചിത്രങ്ങളും അംഗീകാരത്തിന്റെ കൊടുമുടി കയറി. പ്രയാണം എന്ന ചിത്രത്തിലൂടെയാണ് ഭരതന്‍ നിലയുറപ്പിച്ചത്. ആ ചിത്രം തന്നെ ആദരവുകളേറ്റുവാങ്ങി. രതിനിര്‍വേദം, തകര, ചാമരം, മര്‍മ്മരം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. പദ്മരാജന്റെ സിനിമകള്‍ ദേശീയതലത്തിലും സംസ്ഥാനത്തും നിരവധി പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും അതിലുപരി, പ്രേക്ഷകമനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന അനുഭവമായി മാറി അദ്ദേഹത്തിന്റെ ഓരോ ചലച്ചിത്രവും. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം മുതലായ സിനിമകള്‍ സിനിമയുള്ള കാലത്തോളം നിത്യഹരിതങ്ങളായി നിറഞ്ഞു നില്‍ക്കും. മോഹനും ഷാജി എന്‍. കരുണും ലെനിന്‍രാജേന്ദ്രനും ബാലചന്ദ്രമേനോനും തുടങ്ങി, ഐ.വി. ശശിയും ഫാസിലും വരെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കാവുന്നവരാണ്. 18 ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പുരസ്‌കാരങ്ങളുടെ പ്രവാഹമാണ് അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമകള്‍ നേടിയിട്ടുള്ളത്. അടൂരിന്റെ സിനിമ മലയാളമാണ് സംസാരിക്കുന്നത് എന്നത് ലോകത്തെങ്ങുമുള്ള മലയാളിക്ക് അഭിമാനിക്കാന്‍ വകനല്‍കി. 1972ല്‍ പുറത്തുവന്ന സ്വയംവരം മുതല്‍ 2008ലെ ഒരുപെണ്ണും രണ്ടാണും വരെയുള്ള ചിത്രങ്ങള്‍ കേരളീയ സമൂഹത്തിന്റെ സാംസ്‌കാരികവും പാരമ്പര്യപരവുമായ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. ലോകസിനിമ ഇന്ത്യന്‍ സിനിമയെ കണ്ടിരുന്നതും കേട്ടിരുന്നതും മലയാള ഭാഷയിലൂടെയായിരുന്നു. അത് അടൂര്‍ സിനിമകളിലൂടെയായിരുന്നു. അംഗീകാരങ്ങളുടെ പെരുമഴക്കാലത്ത് മലയാളസിനിമ തലയുയര്‍ത്തി നിന്നതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പുതുക്കലാണിതെല്ലാം. ഇന്നിപ്പോള്‍ എല്ലാക്കയറ്റങ്ങളില്‍ നിന്നും മലയാളസിനിമ തിരിച്ചിറങ്ങുമ്പോള്‍ ആരെയാണ് പഴിക്കേണ്ടത്. തീയറ്ററുകളില്‍ നിന്ന് ആളുകള്‍ അകന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കുടുംബമായി തീയറ്ററില്‍ വന്ന് സിനിമ കാണുന്നില്ല. സിനിമ ജനകീയ കലയാണെന്നതിന്റെ തായ്‌വേരില്‍ വെട്ടുവീണിരിക്കുന്നു. തീയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ 'ഹൗസ്ഫുള്‍' ബോര്‍ഡ് ഇപ്പോള്‍ തൂങ്ങാറേയില്ല. സിനിമ റിലീസായാല്‍ ആദ്യ ഷോ കഴിഞ്ഞാല്‍ തന്നെ ജനാഭിപ്രായമുയരുകയും അതിന്റെ അടിസ്ഥാനത്തില്‍ വിജയവും പരാജയവും സംഭവിക്കുകയുമായിരുന്നു മുമ്പത്തെ രീതിയെങ്കില്‍ ഇപ്പോള്‍ ആദ്യപ്രദര്‍ശനത്തിന് തന്നെ ആളില്ലാത്ത അവസ്ഥയാണ്. കുറ്റം പറയേണ്ടത് പ്രേക്ഷകനെയോ സിനിമാബാഹ്യമായ വിനോദങ്ങളെയോ അല്ല. സിനിമാ പ്രവര്‍ത്തകരെ തന്നെയാണ്. തീയറ്ററുകള്‍ക്ക് പുറത്ത് സിനിമ കാണാന്‍ അവസരമുണ്ടായതാണ് കാരണമായി ചിലര്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെ തീയറ്ററുകളിലെത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍ കാണാന്‍ മലയാളി പ്രേക്ഷകന്‍ തിക്കിത്തിരക്കുന്നു. നല്ല സിനിമ ഉണ്ടായാല്‍ മലയാളികള്‍ തീയറ്ററിലത്തെുമെന്ന കാര്യത്തില്‍ സംശയമില്ല. വല്ലപ്പോഴും മാത്രം അത്തരത്തില്‍ സംഭവിക്കുന്നുമുണ്ട്. എന്നാല്‍ അങ്ങനെ സംഭവിക്കുന്നതുപോലും മോഷണമാണെന്ന ആരോപണങ്ങളുമുണ്ടാകുന്നു. 150ലേറെ സിനിമകളാണ് പോയവര്‍ഷം മലയാളത്തിലുണ്ടായത്. അതില്‍ ഇനിയും തീയേറ്ററിലെത്താത്ത ചിത്രമാണ് ജയരാജിന്റെ 'ഒറ്റാല്‍'. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരമാണ് 'ഒറ്റാല്‍' നേടിയെടുത്തത്. ആന്റണ്‍ ചെക്കോവിന്റെ 'വാന്‍ക' എന്ന ലോകപ്രശസ്തകഥയില്‍ നിന്നാണ് ഒറ്റാല്‍ രൂപപ്പെട്ടത്. താറാവുകര്‍ഷകരുടെ പശ്ചാത്തലത്തില്‍ കുട്ടനാടിന്റെ പ്രകൃതിമനോഹാരിതയിലൂടെയാണ് ജയരാജ് ഒറ്റാലിന്റെ കഥ പറഞ്ഞത്. ജോഷി മംഗലത്ത് ദേശീയതലത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഒറ്റാലിലൂടെ നേടി. 'ഒറ്റാല്‍' മികച്ച ചിത്രമായി പരിഗണിച്ചെങ്കിലും തഴയാന്‍ കാരണമായി പറയുന്നത് അതിലെ വില്ലന്‍ കഥാപാത്രങ്ങള്‍ തമിഴരായതിനാലാണെന്നാണ്. ജൂറിചെയര്‍മാന്‍ ഭാരതീരാജയുടെ തമിഴ്‌പ്രേമത്തിന്റെ ഇരയായി ഒറ്റാല്‍ മാറിയത്രെ. അതു ശരിയാണെങ്കില്‍ പ്രതിഷേധാര്‍ഹമാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ ഒരുക്കിയ ഐന്‍ മലയാളത്തിലെ മികച്ച ചിത്രമായി. ഒപ്പം ഐനിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. രണ്ട് വര്‍ഷം മുമ്പ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ സിദ്ധാര്‍ഥ് ശിവ ഇത്തവണ രണ്ട് അവാര്‍ഡുകളുമായാണ് തന്റെ മികവ് ആവര്‍ത്തിച്ചത്. '1983' വഴി പശ്ചാത്തലസംഗീതത്തിന് ദേശീയ അംഗീകാരം നേടിയ ഗോപിസുന്ദര്‍ കഴിഞ്ഞാല്‍ മറുഭാഷവഴി മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ പിന്നണിഗായകന്‍ പി. ഉണ്ണികൃഷ്ണന്റെ മകള്‍ ഉത്തര, മികച്ച എഡിറ്ററായ വിവേക് ഹര്‍ഷന്‍ എന്നിവരും മലയാളത്തിന്റെ അഭിമാനമായി. ചുരുക്കത്തില്‍ കാമ്പുള്ള സിനിമകളില്ലാത്തതാണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെന്ന സ്ഥിരം ഉത്തരത്തിലേക്കെത്തുന്നു. ദേശീയപുരസ്‌കാര നിര്‍ണ്ണയത്തില്‍ മലയാളം പുറന്തള്ളപ്പെടാനുള്ള കാരണവും അതാണ്. ആത്മപരിശോധന നടത്താന്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാകണം. പോയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അതിനുവേണ്ടിയാണ്. മലയാള സിനിമ ഇപ്പോള്‍ ഒരു ഒറ്റാലിനുള്ളില്‍ ചുറ്റിക്കറങ്ങുകയാണ്. ഒറ്റാലില്‍ കുടുങ്ങുന്ന പരല്‍മീനുകളെ പോലെ മലയാളിപ്രേക്ഷകരും.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.