കാട്ടാനകളെ പേടിച്ച് ഉറക്കമില്ലാതെ....

Thursday 26 March 2015 11:07 pm IST

മറയൂര്‍(ഇടുക്കി): സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയുടേയും അഴിമതിയുടേയും വനവാസികളെ എങ്ങിനെയും ദ്രോഹിക്കാം എന്ന മനോഭാവത്തിന്റെയും നേര്‍ക്കാഴ്ചയാണ് മറയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ ഇന്ദിര നഗര്‍. സര്‍ക്കാരില്‍ നിന്ന് ഒന്നരയേക്കര്‍ വസ്തുവും വീടും ലഭിക്കുമ്പോള്‍ കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസവും മാന്യമായ ജീവിതവും ഈ പാവം വനവാസികള്‍ സ്വപ്‌നം കണ്ടു. സര്‍ക്കാര്‍ വച്ചുനീട്ടിയ ഭൂമി വാങ്ങി താമസിച്ച് തുടങ്ങിയപ്പോഴേ ഇവരുടെ പ്രതീക്ഷകളില്‍ വിള്ളല്‍ വീണു തുടങ്ങി. രാത്രിയും പകലും കാട്ടാനകള്‍ കടന്നു വരും. വീടിന് നേരേ ആക്രമണം ഉണ്ടാകും. വീടുകള്‍ക്ക് മുകളില്‍ ഏറുമാടം കെട്ടി ജീവന്‍ രക്ഷിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ കൃഷിയിടങ്ങളില്‍ ഉണ്ടാക്കുന്ന നാശനഷ്ടത്തിന് ഒരു പരിഹാരവുമുണ്ടായില്ല. കാട്ടാനകളില്‍ നിന്നും രക്ഷ നേടാനായി വൈദ്യുതി വേലികള്‍ സ്ഥാപിക്കാതെയാണ് കുമ്പിട്ടാംകുഴി, പട്ടിക്കാട്, ചെറുവാട് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള വനവാസികളെ ഇന്ദിരാ നഗറിലേക്ക് എത്തിച്ചത്. മാത്രവുമല്ല കുടിവെള്ളം മുടക്കം കൂടാതെ കോളനിയിലെത്തിക്കാന്‍ മാര്‍ഗവും കണ്ടെത്തിയിരുന്നില്ല. കുടിയിലെ ജീവിതത്തെക്കാള്‍ കയ്‌പ്പേറിയതായിമാറി ഇന്ദിര നഗറിലെ ജീവിതം. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇന്ദിര നഗര്‍ കോളനി ആരംഭിക്കുന്നത്. ഒന്നരയേക്കര്‍ വസ്തുവും വീടും 245 കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. സൗകര്യങ്ങളില്ലാത്തതിനാലും ജീവനില്‍ പേടിയുള്ളതിനാലും 90 കുടുംബക്കാരൊഴികെയുള്ളവര്‍ കുടികളിലേക്ക് മടങ്ങിപ്പോയി. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ നശിക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ മിക്കവീടുകളുടെ വാതിലുകളും ജനലുകളും തകര്‍ന്നുവീണു. കോടികള്‍ മുടക്കി നിര്‍മ്മിച്ച വനവാസി ക്ഷേമ പദ്ധതി വനവാസികളെ ദ്രോഹിക്കാനുള്ള പദ്ധതിയായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.