ജോര്‍ജിനെ നീക്കണം: മാണി

Thursday 26 March 2015 11:31 pm IST

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി. ജോര്‍ജിനെ നീക്കണമെന്ന് മുഖ്യമന്ത്രിക്ക് കെ.എം. മാണിയുടെ കത്ത്. പി.ജെ. ജോസഫും മാണിയും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. ജോര്‍ജിനെ വിളിക്കാതെചേര്‍ന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലെടുത്ത ഏകകണ്ഠമായ തീരുമാനപ്രകാരമാണിത്. കോണ്‍ഗ്രസിനും പി.ജെ. ജോസഫിനുമെതിരെ പ്രകോപനപരമായ പ്രസ്താവനകളിറക്കി വിവാദമുണ്ടാക്കിയപ്പോഴെല്ലാം മൗനംപാലിച്ച മാണിക്ക് ഇപ്പോള്‍ ജോര്‍ജിനെ മടുത്തിരിക്കുകയാണ്. ബാര്‍കോഴയില്‍ മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിക്കാന്‍ രഹസ്യമായും പരസ്യമായും നിലപാടെടുത്തതാണ് മാണിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസംചേര്‍ന്ന കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ 'പാര്‍ട്ടിയെ മാണി നടുക്കടലിലാക്കി' എന്ന് ജോര്‍ജ് ആരോപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. മാണി തന്നെ പുറത്താക്കുന്നതും കാത്തിരിക്കുകയായിരുന്നു ജോര്‍ജ്. പുറത്താക്കിയാല്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ ജോര്‍ജിന് അവസരം ലഭിക്കും. മാണിയോട് ഇടഞ്ഞ് രാജിവച്ചാല്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടും. കൂറുമാറ്റ നിയമമനുസരിച്ച് നടപടി സ്വീകരിച്ചാല്‍ ആറുവര്‍ഷം മത്സരിക്കാനും പറ്റില്ല. നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്ത എട്ട് എംഎല്‍എമാരില്‍ ജോസഫ് വിഭാഗം മൗനംപാലിച്ചതേയുള്ളു. കുറ്റപത്രം വന്നാല്‍ മാണി മന്ത്രിസ്ഥാനം ഒഴിയണമെന്ന അഭിപ്രായം ജോസഫ് വിഭാഗത്തിനുണ്ട്. കുറ്റപത്രം വരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അതിനോട് യോജിച്ചിട്ടില്ല. കോഴക്കേസിന് കൂട്ടുനില്‍ക്കുന്നത് തിരിച്ചടിയാകുമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.ഏതായാലും മാണിപ്രശ്‌നം യുഡിഎഫില്‍ വന്‍കീറാമുട്ടിയായിതന്നെ തുടരുകയാണ്. അതേസമയം സ്ഥാനമൊഴിയാന്‍ പറയേണ്ടത് യുഡിഎഫ് ആണെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.