ഇന്ന് ശ്രീരാമനവമി

Friday 27 March 2015 8:08 pm IST

ഇന്ന് ചൈത്രമാസത്തിലെ ശുക്ലപക്ഷനവമി. ധര്‍മ്മമൂര്‍ത്തിയായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ തിരുവവതാര ദിനം. ദശരഥ മഹാരാജാവിന്റെ അനപത്യതാദുഃഖം നീങ്ങുവാന്‍ ഋശ്യശൃംഗമഹര്‍ഷിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന യജ്ഞം പര്യവസാനിച്ച് ആറുഋതുക്കള്‍(12 മാസങ്ങള്‍) കഴിഞ്ഞശേഷം ചൈത്രമാസത്തിലെ നവമിനാളില്‍ ശ്രീരാമചന്ദ്രന്‍ അവതരിച്ചു. തതോയജ്‌ഞേസമാപ്‌തേതുഋതൂനാം ഷട്‌സമത്യയുഃ തതശ്ചദ്വാദശേമാസേചൈത്രേ നാവമികേതിഥൗ നക്ഷത്രേളദിതിദൈവത്യേസ്വേച്ചസംസ്‌ഥേഷു പഞ്ചസു ഗ്രഹേഷുകര്‍ക്കടേലഗ്നേവാക്പതാവിന്ദുനാ സഹ പ്രോദ്യമാനേ ജഗന്നാഥംസര്‍വലോകനമസ്‌കൃതം കൗസല്യാജനയദ്‌രാമംദിവ്യലക്ഷണസംയുതം (വാല്‍മീകിരാമായണം ബാലകാണ്ഡംസര്‍ഗം 18 ശ്ലോകങ്ങള്‍ 8,9,10) മധുമാസേസിതേ പക്ഷേ നവമൃാംകര്‍ക്കിടേശുഭേ പുനര്‍വസ്‌വൃക്ഷസഹിതേഉച്ചസ്‌ഥേ ഗ്രഹപഞ്ചകേ മേഷം പൂഷണി സംപ്രാപ്‌തേ പുഷ്പവൃഷ്ടിസമാകുലേ ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ (അദ്ധ്യാത്മരാമായണം ബാലകാണ്ഡംസര്‍ഗം 3, ശ്ലോകങ്ങള്‍ 14,15) ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍ നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും വക്രനുമുച്ചസ്ഥനായ്മകരംരാശിതന്നില്‍ നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍ ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്) കര്‍ക്കടക ലഗ്നത്തില്‍ പുനര്‍വസു(പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു പരമാത്മാവും സനാതനനുമായ ജഗന്നാഥന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്. ചൈത്രശുക്ലദശമിയും പുഷ്യ(പൂയം) നക്ഷത്രവുംചേര്‍ന്ന അടുത്ത ദിനത്തില്‍ ഭരതനും ചൈത്രശുക്ല ഏകാദശിയും ആശ്ലേഷ( ആയില്യം) നക്ഷത്രവുംചേര്‍ന്ന അതിനടുത്ത ദിവസത്തില്‍ ഭരതശത്രുഘ്‌നന്മാരും അവതരിച്ചു. പുഷ്യേജാതസ്തു ഭരതോമീനലഗ്നേ പ്രസന്നധീഃ സാര്‍പേ ജാതൗതുസൗമിത്രീ കുലീരേളഭ്യുദയിതേരവൗ (വാല്‍മീകിരാമായണം ബാലകാണ്ഡംസര്‍ഗം 18, ശ്ലോകം 15) പെറ്റിതുകൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ പിറ്റേന്നാള്‍സുമിത്രയും പെറ്റിതു പുത്രദ്വയം (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്) മഹാവിഷ്ണുവിന്റെ അനേകായിരം നാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നാമമാണു രാമനാമം. രമതേ ഇതിരാമഃ രമിക്കുന്നവന്‍(ക്രീഡിക്കുന്നവന്‍) ആകയാല്‍ രാമന്‍ എന്നു നാമം. ദശരഥന്റെ മൂത്തപുത്രന് രാമന്‍ എന്ന് നാമകരണംചെയ്തത് കുലഗുരുവായ വസിഷ്ഠനാണ്. ഈ നാമം കുമാരനു നല്‍കുന്നതിന്റെ കാരണം മഹര്‍ഷി പറയുന്നു ശ്രിയഃകമലവാസിന്യാരമണോളയംമഹാപ്രഭുഃ തസ്മാച്ഛ്രീരാമഇത്യസ്യ നാമ സിദ്ധം പുരാതനം സഹസ്രനാമ്‌നാം ശ്രീശസ്യതുല്യംമുക്തിപ്രദം നൃണാം വിഷ്ണുമാസിസമുത്പന്നോവിഷ്ണുരിത്യഭിധീയതേ (പദ്മപുരാണംഉത്തരഖണ്ഡം 269: 74.75) ഈ മഹാപ്രഭു കമലവാസിനിയായ രമാദേവിയോടൊത്ത് രമിക്കുന്നവനാണ്. രമയുടെ(ശ്രീയുടെ) രമണനാകയാല്‍ ശ്രീരാമന്‍ എന്നത് പുരാതനവും സ്വതസിദ്ധവുമായ നാമമാണ്. ഈ നാമം വിഷ്ണുസഹസ്രനാമത്തിനു തുല്യവും സര്‍വര്‍ക്കും മുക്തി നല്‍കുന്നതുമാണ്. ചൈത്രമാസംവിഷ്ണുമാസം എന്നും അറിയപ്പെടുന്നു. ചൈത്രമാസത്തില്‍ ജനിച്ചതിനാല്‍ വിഷ്ണുവെന്നും ഈ കുമാരന്‍ കീര്‍ത്തിക്കപ്പെടും. സമസ്തലോകങ്ങളും ആത്മാവായ ഇവനില്‍ നിത്യവും രമിക്കുന്നതിനാലും ജ്ഞാനവിപ്ലവത്തിലൂടെ മുനിമാര്‍ സദാ ഇവനില്‍ രമിക്കുന്നതിനാലും വസിഷ്ഠന്‍ കുമാരനു രാമനെന്ന നാമധേയം നല്‍കിയെന്നു അദ്ധ്യാത്മരാമായണം. യസ്മിന്‍ രമന്തേ മുനയോവിദ്യയാജ്ഞാനവിപ്ലവേ തംഗുരുഃ പ്രാഹരാമേതിരമണാദ്രാമഇത്യപി (അദ്ധ്യാത്മരാമായണം ബാലകാണ്ഡം 3.44) രാ ശബ്ദത്തിനു വിശ്വംഎന്നും മ ശബ്ദത്തിനു ഈശ്വരന്‍ എന്നും അര്‍ത്ഥമുള്ളതിനാല്‍ വിശ്വത്തിനു(ലോകത്തിനു) ഈശ്വരനായവന്‍ രാമന്‍. രമയോടുകൂടി രമിക്കുന്നവനാകയാല്‍ രാമന്‍. രാ ശബ്ദത്തിനു ലക്ഷ്മിഎന്നും മ ശബ്ദത്തിനു ഈശ്വരന്‍ എന്നും അര്‍ത്ഥമുള്ളതിനാല്‍ ലക്ഷ്മിയുടെ ഈശ്വരനായവന്‍ രാമന്‍. രാമനാമോച്ചാരണത്താല്‍തന്നെ സഹസ്രനാമം സ്മരിക്കുന്ന ഫലം ലഭിക്കുന്നതാണ് എന്ന് ബ്രഹ്മവൈവര്‍ത്തപുരാണം പറയുന്നു രാശബ്‌ദോവിശ്വവചനോ മശ്ചാപീശ്വരവാചകഃ വിശ്വാനാമീശ്വരോയോഹിതേന രാമഃ പ്രകീര്‍തിതഃ രമതേരമയാ സാര്‍ദ്ധം തേന രാമംവിധുര്‍ബുധാഃ രമാണാംരമണസ്ഥാനം രാമംരാമവിദോവിദുഃ രാ ചേതിലക്ഷ്മീവചനോ മശ്ചാപീശ്വരവാചകഃ ലക്ഷ്മീപതിംഗതിംരാമം പ്രവദന്തി മനീഷിണാഃ നാമ്‌നാം സഹസ്രം ദിവ്യായാംസ്മരണേയത് ഫലംലഭേത് തത് ഫലംലഭതേ നൂനം രാമോച്ചാരണമാത്രതഃ (ബ്രഹ്മവൈവര്‍ത്തപുരാണം ശ്രീകൃഷ്ണജന്‍മഖണ്ഡം അദ്ധ്യായം 110) രാമനാമത്തിന്റെ മഹിമയേക്കുറിച്ച് മഹാദേവന്‍ ശ്രീപാര്‍വതിയോടു പറയുന്നു രാമരാമേതിരാമേതിരമേരാമേ മനോരമേ സഹസ്രനാമതത്തുല്യംരാമനാമ വരാനനേ രകാരാദീനി നാമാനി ശൃണ്വതോമമ പാര്‍വതി മനഃ പ്രസന്നതാംയാതിരാമനാമാഭിശങ്കയാ (പദ്മപുരാണംഉത്തരഖണ്ഡം 281: 21,22) അല്ലയോ പാര്‍വ്വതീ, രാമ, രാമ, രാമ എന്നിങ്ങനെ നിരന്തരം ജപിച്ച് പരമ മനോഹരമായ ശ്രീരാമനാമത്തില്‍ നിരന്തരം രമിക്കുകയാണു ഞാന്‍. രാമനാമം സമ്പൂര്‍ണ്ണ വിഷ്ണുസഹസ്രനാമത്തിനും തുല്യമാണ്. ര എന്ന അക്ഷരത്തില്‍ ആരം ഭിക്കുന്ന പദങ്ങള്‍ കേട്ടാല്‍തന്നെ രാമനാമമാണോ എന്ന ശങ്കയാല്‍ എന്റെ മനസ്സ് പ്രസന്നമാകുന്നു. തുടര്‍ന്ന് മഹാദേവന്‍ ദേവിക്ക ്അതിവിശിഷ്ടമായ രാമമന്ത്രം ഉപദേശിക്കുന്നു രാമായരാമഭദ്രായരാമചന്ദ്രായവേധസേ രഘുനാഥായ നാഥായസീതായാഃ പതയേ നമഃ (പദ്മപുരാണംഉത്തരഖണ്ഡം 281.55) ഈ മന്ത്രം പ്രതിദിനം രാപ്പകലില്ലാതെ ജപിച്ചാല്‍ സകല പാപങ്ങളില്‍നിന്നും മുക്തനായി വിഷ്ണു സായൂജ്യം നേടും. മുക്തിയിലേക്കു നയിക്കുന്ന താരകമന്ത്രമാണു രാമനാമം. രാമനാമം അവിരാമം നമ്മുടെ ഉള്ളില്‍ മുഴങ്ങട്ടെ. രാക്ഷസനിഗ്രഹത്തിനും ധര്‍മ്മപരിപാലനത്തിനുമായി ചൈത്രശുക്ല നവമിയില്‍ അവതരിച്ച ശ്രീരാമഭഗവാന്റെ ജീവിതവും പ്രവൃത്തികളും ഓരോ ഭാരതീയന്റെയും ധാര്‍മ്മികചിന്തകളെ എക്കാലവും പ്രചോദിപ്പിക്കുമാറാകട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.