മാണി - ജോര്‍ജ്ജ് തര്‍ക്കം: കാരണം ജോസ് കെ മാണി

Friday 27 March 2015 10:10 pm IST

കോട്ടയം: കെ.എം. മാണി പി.സി. ജോര്‍ജ്ജ് തര്‍ക്കത്തിന്റെ കാരണം ഇളമുറക്കാരന് പാര്‍ട്ടി നേതൃത്വം നല്‍കാനുള്ള നീക്കം. കെ.എം.മാണിയുടെ പിന്‍ഗാമിയായി കേരളാകോണ്‍ഗ്രസ്സ് എം നേതൃസ്ഥാനത്തേക്ക് ജോസ് കെ.മാണിയെ അവരോധിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി.കഴിഞ്ഞ ലോക്‌സഭാതെരെഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച നീക്കം പി.സി.ജോര്‍ജ്ജ് അടക്കമുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ദീഭവിപ്പിച്ചിരുന്നു. കേരളാകോണ്‍ഗ്രസ്സ് സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ചും ജോസ് കെ.മാണിയെ പിന്‍ഗാമിയാക്കി പ്രഖ്യാപിക്കാനുള്ളശ്രമം നടത്തി.സുവര്‍ണ്ണ ജൂബിലി സമ്മേളന നടത്തിപ്പ് പൂര്‍ണ്ണമായും ജോസ് കെ.മാണിയുടെ നിയന്ത്രണത്തിലുമായിരുന്നു.ജോസ് കെ.മാണിയെ പാര്‍ട്ടിചെയര്‍മാനായി അവരോധിക്കുന്നതില്‍ മാണി വിഭാഗത്തില്‍ തന്നെ എതിര്‍പ്പ് ഉള്ളതും പി.സി. ജോര്‍ജ്ജിന്റെ ശ്രമങ്ങള്‍ക്ക് ബലമേകി. ജോസ് കെ.മാണിയെ ഇകഴ്ത്തി സംസാരിക്കാന്‍ കിട്ടുന്ന ഒരുസന്ദര്‍ഭവും പി.സി. ജോര്‍ജ്ജ് ഒഴിവാക്കാറുമില്ല. പയ്യനെന്നും പിഞ്ച് ഇലയെന്നും ജോസ് കെ.മാണിയെ വിശേഷിപ്പിക്കുന്ന ജോര്‍ജ്ജ് പലപ്പോഴും മാധ്യമപ്രവര്‍ത്തകരോട് അയ്യോപാവം എന്നാണ് ജോസ് കെ.മാണിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാറുള്ളത്. കേരളാ കോണ്‍ഗ്രസ്സില്‍ മാണിയെ അംഗീകരിക്കുന്നതുപോലെ മകനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പലകുറി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുമുണ്ട്. അടുത്തകാലത്തായി കേരളാ കോണ്‍ഗ്രസ് (എം)ല്‍ പി.സി. ജോര്‍ജ്ജിനെപോലും നിയന്ത്രിക്കാനാവുംവിധം ജോസ് കെ. മാണി ശക്തനായി തീര്‍ന്നതോടെ ജോര്‍ജ്ജിന്റെ എതിര്‍പ്പും രൂക്ഷമായി. കേരളാ കോണ്‍ഗ്രസ് (എം)മായി ജോര്‍ജ്ജിന്റെ സെക്കുലര്‍ വിഭാഗം ലയിച്ചങ്കിലും ജോസഫ് ഗ്രൂപ്പുകൂടി എത്തിയതോടെ പി.സി. ജോര്‍ജ്ജ് പിന്‍തള്ളപ്പെട്ടതും കലഹ കാരണങ്ങളില്‍ ഒന്നാണ്. ബാര്‍കോഴ വിവാദത്തില്‍പ്പെട്ട് കെ.എം. മാണിയ്ക്ക് സ്ഥാനം ത്യജിക്കേണ്ടിവന്നാല്‍ കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനം ജോസ് കെ. മാണി ഏറ്റെടുക്കുന്ന സ്ഥിതിവിശേഷം സംജാതമായതാണ് പി.സി. ജോര്‍ജ്ജ് പാര്‍ട്ടിയ്ക്ക് പുറത്തേക്ക് പോകാന്‍ തിടുക്കപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.