ചരിത്ര നേട്ടവുമായി സൈന റാങ്കിങ്ങില്‍ ഒന്നാമത്

Saturday 28 March 2015 10:36 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ വനിതാ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമിയില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ പരാജയപ്പെട്ടതോടെയാണ് സൈന റാങ്കിങില്‍ ഒന്നാമതെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയുടെ ലി ഷുവേറിയെയാണ് സൈന റാങ്കിംഗില്‍ പിന്തള്ളിയത്. 2010 ഡിസംബറിനുശേഷം ഇതാദ്യമായാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് ഒരു ചൈനീസ് ഇതര രാജ്യക്കാരി എത്തുന്നത്. 2010 ഡിസംബറില്‍ ഒന്നാം സ്ഥാനത്തെത്തിയ ഡെന്മാര്‍ക്കിന്റെ ടിനെ ബൗണിനുശേഷം അഞ്ചുവര്‍ഷക്കാലം ഒന്നാം റാങ്കില്‍ ചൈനീസ് താരങ്ങളുടെ ആധിപത്യമായിരുന്നു. ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്‌സിലും വെങ്കലം നേടിയിട്ടുള്ള സൈന ഇതിനകം 14 കിരീടങ്ങളും നേടിയിട്ടുണ്ട്. പുരുഷവിഭാഗത്തില്‍ മുന്‍ സൂപ്പര്‍താരമായിരുന്ന പ്രകാശ് പദുകോണാണ് ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. മാത്രമല്ല ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലും സൈന ഇടംപിടിച്ചു. ജപ്പാന്റെ ഹ്യു ഹഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈന കലാശക്കളിക്ക് അര്‍ഹത നേടിയത്. 44 മിനിറ്റ് നീണ്ട കളിയില്‍ 21-15, 21-11 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം. ഫൈനലില്‍ തായ്‌ലന്‍ഡ് താരവും മൂന്നാം സീഡുമായ രചനോക് ഇന്റാനനാണ് സൈനയുടെ എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.