ശ്രീ ശ്രീ രവിശങ്കറിനെ വധിക്കുമെന്ന് ഐസിസ് ഭീഷണി

Saturday 28 March 2015 11:17 pm IST

ക്വലാലംപൂര്‍: മലേഷ്യയില്‍ പര്യടനം നടത്തുന്ന ജീവനകലയുടെ ആചാര്യനും പ്രമുഖ ഹിന്ദു സന്യാസിവര്യനുമായ ശ്രീ ശ്രീ രവിശങ്കറിനെ വധിക്കുമെന്ന് ഐസിസ് ഭീകരരുടെ ഭീഷണി. മലേഷ്യ പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇനി ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികള്‍ സംഘടിപ്പിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടുമെന്നും ഭീഷണിക്കത്തിലുണ്ട്. ഇറാനിലും ഇറാഖിലും മറ്റ് മുസ്‌ലിം രാജ്യങ്ങളിലും രവിശങ്കര്‍ ഇടപെടുന്നുണ്ട്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഒരു ഭീഷണിക്കത്തില്‍ പറയുന്നു. മൂന്ന് ഭീഷണിക്കത്തുകളാണ് ലഭിച്ചതെന്ന് ജീവനകല അധികൃതര്‍ അറിയിച്ചു. അദ്ദേഹം താമസിക്കുന്ന മലേഷ്യയിലെ പെനാംഗിലുള്ള ഹോട്ടല്‍ ജെന്നിന്റെ ജനറല്‍ മാനേജര്‍ ഗവിന്‍ വെയ്റ്റ് ഹെഡിനും മലേഷ്യയിലെ ജീവനകല, മാനുഷിക മൂല്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഡയറക്ടറും മലയാളിയുമായ അംബികാ മേനോന്‍, ഈ സംഘടനകളിലെ മുതിര്‍ന്ന പ്രവര്‍ത്തക ഈ മീ എന്നിവര്‍ക്കാണ് കത്തുകള്‍ ലഭിച്ചത്. ശ്രീ ശ്രീ രവിശങ്കറിന്റെ മലേഷ്യയിലെ ഹിന്ദു പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ തകര്‍ക്കും, അദ്ദേഹത്തെ വധിക്കും. ഹോട്ടല്‍ മാനേജര്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നു. താന്‍ മതപരമല്ലെന്നാണ് രവിശങ്കര്‍ പറയുന്നതെങ്കിലും ആര്‍ട്ട് ഓഫ് ലിവിംഗ് ഇറാനിലും ഇറാഖിലുമുള്ള മുസ്‌ലിങ്ങളെ മതംമാറ്റുകയാണ്. ഇസ്‌ലാമിക കാര്യങ്ങളില്‍ ഇടപെടുകയാണ്. അതിനാല്‍ രാജ്യത്ത് കാലു കുത്തിയാല്‍ വധിക്കും. ഒരു മുസ്‌ലിം രാജ്യത്തും അദ്ദേഹം കടന്നുചെല്ലാന്‍ അനുവദിക്കില്ല. കത്തില്‍ പറയുന്നു. ഇന്നലെ രാവിലെ പെനാംഗില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്ത യോഗ പരിപാടിയും വൈകിട്ട് പെനാംഗിലെ ബട്ടു കവാന്‍ സ്‌റ്റേഡിയത്തില്‍ 70,000 പേര്‍ പങ്കെടുത്ത പൊതുപരിപാടിയും സംഘടിപ്പിച്ചിരുന്നു. ജീവനകല അധികൃതരും ഇന്ത്യന്‍ എംബസിയും നല്‍കിയ പരാതികളെത്തുടര്‍ന്ന് കനത്ത കാവലിലാണ് രണ്ടു പരിപാടികളും നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കര്‍ ചില പൂര്‍വ്വ പൗരസ്ത്യ രാജ്യങ്ങളില്‍ പര്യടനം നടത്തുകയാണ്. വെള്ളിയാഴ്ചയാണ് മലേഷ്യയില്‍ എത്തിയത്. അതിനു മുന്‍പ് കമ്പോഡിയയില്‍ ആയിരുന്നു. ആ സമയത്താണ് ഐസിസിന്റെ ഭീഷണിക്കത്ത് കിട്ടിയത്. പരിപാടികളുമായി മുന്നോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് കത്തുകളില്‍ ഉണ്ടായിരുന്നത്. രവിശങ്കറിന്റെ സഹായി നകുല്‍ പറഞ്ഞു. പരാതികള്‍ നല്‍കിയിട്ടുണ്ട്. ഭീഷണിയുണ്ടെങ്കിലും പരിപാടികളുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. അദ്ദേഹം തുടര്‍ന്നു. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പാക് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ക്കും വോളന്റിയര്‍മാര്‍ക്കുമാണ് അന്ന് ഭീഷണി ലഭിച്ചിരുന്നത്. ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു പാക് താലിബാന്റെ ആരോപണം. ഇസ്‌ലാമാബാദിലെ ബാനി ഗാലയിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രം അവര്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ യോഗയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പരിശീലനവും നല്‍കിവരുന്നുണ്ട്. അവിടെ പതിനായിരം അംഗങ്ങളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.