വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Saturday 28 March 2015 10:29 pm IST

പാലക്കാട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള, പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പി എസ് സി വഴിയല്ലാതെ നടത്തിയ മുഴുവന്‍ നിയമനങ്ങളിലും ക്രമക്കേടുണ്ടെന്നും, അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പി.രാജിവ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണത്തിന് ഉത്തരവായി. ജനവരി ആദ്യ ആഴ്ച നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി അവസാനം നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഒരു നിയമനം പോലും പി എസ് സി വഴിയല്ല നടന്നിട്ടുള്ളത്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. നിയമനങ്ങളുടെ കാര്യത്തിലും, ഉടമസ്ഥതയുടെ കാര്യത്തിലും, അധ്യാപകസ്ഥാന നിര്‍ണ്ണയത്തിന്റെ കാര്യത്തിലും അധികാരികള്‍ എംസിഐ യെ കബളിപ്പിക്കുന്നു, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പരസ്യ നോട്ടീസിറക്കി രംഗത്ത് വന്നത് ഇതിന്റെ ഫലമാണ്. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കു പിന്നില്‍ ഉന്നതരുള്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമക്കേടുകേടുള്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രചരണ സമര നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച ജില്ലാ ഭാരവാഹിയോഗം അറിയിച്ചു. പി.ഭാസി, എം.ശശികുമാര്‍, നന്ദകുമാര്‍, ഹരിപ്രസാദ്, ഗോപകുമാര്‍, പ്രസന്നകുമാര്‍, അനീഷ്, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പി.രാജീവ് അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.